ADVERTISEMENT

മസ്കത്ത് ∙ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണം ഒമാന്‍ കടല്‍ അതിര്‍ത്തിയിലല്ലെന്ന് ഒമാന്‍. സംഭവം നടന്ന ശേഷം ആദ്യമായാണ് ഒമാന്‍ അധികൃതര്‍ പ്രതികരിക്കുന്നത്. ഒമാന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തുനിന്നാണ് ആക്രമണം സംഭവിച്ചതെന്നാണ് ഒമാന്‍ മാറിടൈം സെക്യൂരിറ്റി സെന്റര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

എന്നാല്‍, ആക്രമണമുണ്ടായ സംഭവത്തിന് ശേഷം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി റോയല്‍ നേവിയുടെ രണ്ട് കപ്പലുകള്‍ അയച്ചിട്ടുണ്ടെന്ന് ഒമാന്‍ വ്യക്തമാക്കി. കൂടാതെ, ഒമാൻ റോയൽ എയർ ഫോഴ്സിന്റെ ഒരു എയർക്രാഫ്റ്റും വിട്ടുനൽകി. ഇത് ഇന്റര്‍നാഷനല്‍ മാരിടൈം സെക്യുരിറ്റി സെന്ററുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിതെന്നും ഒമാന്‍ മാറിടൈം സെക്യൂരിറ്റി സെന്ററിന്റേതായി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

പാനമയുടെയും മാർഷൽ ദ്വീപിന്റെയും പതാകകൾ ഉള്ള കപ്പലുകളിലാണ് സ്ഫോടനം ഉണ്ടായത്. ആദ്യ സംഭവം 82 നോട്ടിക്കൽ മൈൽ അകലെയും രണ്ടാമത്തേത് 66.8 നോട്ടിക്കൽ മൈൽ അകലെയുമാണ് ഉണ്ടായതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ കൂടി ആക്രമണം ഉണ്ടായത്. സൗദി, യുഎഇ എന്നിവിടങ്ങളിൽനിന്നു പുറപ്പെട്ട കപ്പലുകളിൽ ഒമാൻ കടലിടുക്കിൽവച്ചാണ് സ്ഫോടനം ഉണ്ടായത് എന്നാണ് ലഭിച്ച വിവരം. ആളപായമില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം 12ന്, ഒമാൻ കടലിടുക്കിൽ തന്നെ യുഎഇയിലെ ഫുജൈറ തുറമുഖത്തിനു സമീപം നാലു കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ് അതിനു പിന്നിലെന്നായിരുന്നു അന്നു യുഎസിന്റെ ആരോപണം.

ജപ്പാൻ റജിസ്ട്രേഷനുള്ള കൊകുക കറേജിയസ്, നോർവേ കമ്പനിയുടെ ഫ്രണ്ട് ഓൾടെയർ കപ്പലുകളിലാണ് സ്ഫോടനവും തുടർന്നു തീപിടിത്തവും ഉണ്ടായത്. മാഗ്നറ്റിക് മൈൻ ആക്രമണമാണെന്നു സംശയിക്കുന്നതായി കമ്പനി വക്താക്കൾ അറിയിച്ചു. കടലിൽ വിതറുന്ന ഇവ കപ്പലുകൾ കടന്നുപോകുമ്പോൾ കാന്തിക ശക്തിയാൽ മുകളിലെത്തി പൊട്ടിത്തെറിക്കും. ഇരു കപ്പലുകളിലെയും 44 ജീവനക്കാരെയും രക്ഷിച്ച് ഇറാനിലെ ജസ്ക് തുറമുഖത്തെത്തിച്ചു. ഇവിടെനിന്ന് 45 കിലോമീറ്റർ അകലെയാണ് ആക്രമണമുണ്ടായത്. ഒരാൾക്കു ചെറിയ പരുക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com