ADVERTISEMENT

ദുബായ് ∙  അനധികൃതമായി ടാക്സി സർവീസ് നടത്തിയ 306 കേസുകൾ ഒരുമാസത്തിനിടെ കണ്ടെത്തിയതായി ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). തുടർച്ചയായി 3 തവണ പിടിക്കപ്പെട്ട 20 പേരെ നാടുകടത്തിയതായും 60 വാഹനങ്ങൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. ദുബായ് പൊലീസ്, ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്) എന്നിവയുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയായിരുന്നു പരിശോധന.

അനധികൃതമായി ആളുകളെ കയറ്റിക്കൊണ്ടുപോയതിന് 257 കേസുകളും  ഇതിനെ പ്രോത്സാഹിപ്പിച്ചതിന് 49 കേസുകളുമാണു റജിസ്റ്റർ ചെയ്തതെന്ന് ആർടിഎ പാസഞ്ചേഴ്സ് ട്രാൻസ്പോർട് ആക്ടിവിറ്റീസ് മോനിറ്ററിങ് ഡയറക്ടർ മുഹമ്മദ് വാലിദ് നബാൻ പറഞ്ഞു. നിരോധിത മേഖലയിൽ പാർക്കു ചെയ്തതിന് 326 കേസുകളും നിരോധിത ഇടങ്ങളിൽ നിന്ന് ആളുകളെ കയറ്റിയതിന് 315 കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടുത്തിയതിന് 242 കേസുകൾ റജിസ്റ്റർ ചെയ്തു. ബാഡ്ജ് ധരിക്കാത്തതിന് ടാക്സി ഡ്രൈവർമാക്കെതിരെ 53 കേസുകളെടുത്തു. ജോലിസമയത്ത് ആഹാരം കഴിക്കുകയും പുകവലിക്കുകയും ചെയ്തതിന് 32 കേസുകളുമുണ്ട്. നിരോധിത സ്ഥലത്ത് പാർക്ക് ചെയ്തതിനാണ് 29 കേസുകൾ.

വ്യാജ ടാക്സികൾക്കെതിരെ നടപടി ശക്തമാക്കി

അബുദാബി ∙ അനധികൃത ടാക്സി സേവനത്തിന് 1573 പേർക്കെതിരെ ഈ വർഷം ഏപ്രിൽ വരെ നടപടിയെടുത്തു. ഇതോടെ വ്യാജ ടാക്സിക്കാരെ കുടുക്കാൻ അബുദാബിയിൽ നിരീക്ഷണം ശക്തമാക്കി. സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടു പോയവരാണ് പിടിയിലായത്. നഗരത്തിനു പുറമേ അൽ ഐൻ, അൽ ദഫ്റ എന്നിവിടങ്ങളിലെ നിരത്തുകളിലും നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. 

സമാന്തര ടാക്സിയോടിക്കുന്നവർക്ക് ഫെഡറൽ ട്രാഫിക് നിയമ പ്രകാരമാണ് ശിക്ഷ. ആദ്യഘട്ടത്തിൽ 3000 ദിർഹം പിഴ ചുമത്തും. 30 ദിവസത്തേക്ക് ടാക്സിയോടിയ വാഹനം പിടിച്ചു വയ്ക്കും. ഇതിനു പുറമേ, ഡ്രൈവറുടെ ലൈസൻസിൽ ഒറ്റയടിക്ക് 24 ബ്ലാക്ക് മാർക്ക് രേഖപ്പെടുത്തും. ഇതുമൂലം ഡ്രൈവർക്ക് ലൈസൻസ് നഷ്ടമാകുമെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com