sections
MORE

മൂന്ന് തവണ എഴുതാം, യോഗ്യതാ പരീക്ഷ

SHARE

കുവൈത്ത് സിറ്റി ∙ വിദേശികൾക്ക് ഏർപ്പെടുത്തുന്ന തൊഴിൽ യോഗ്യതാ പരീക്ഷ 3 തവണവരെ എഴുതാമെന്നു സാമ്പത്തികകാര്യമന്ത്രി മറിയം അൽ അഖീൽ. ആദ്യതവണ പരാജയപ്പെടുന്നവർക്ക് കൃത്യമായ പരിശീലന സമയത്തിന് ശേഷം രണ്ട് തവണകൂടി പരീക്ഷയ്ക്ക് സൗകര്യം നൽകും. അവിദഗ്ധ തൊഴിലാളികളുടെ ആധിക്യവും വീസക്കച്ചവടവും കുറക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് വിദേശ തൊഴിലാളികൾക്ക് നിയമനം നൽകുന്നതിന് മുൻപ് കുവൈത്തിൽ തൊഴിൽ യോഗ്യതാ പരീക്ഷ നടത്താനുള്ള തീരുമാനം. സ്വകാര്യമേഖലയിലെ 80 തസ്തികകളിൽ പരീക്ഷ ബാധകമായിരിക്കും. ആദ്യഘട്ടത്തിൽ 20 തസ്തികകളിലാണ് പരീക്ഷ ബാധകമാക്കുക. ചില തസ്തികകളിൽ എഴുത്തുപരീക്ഷയും മറ്റു ചിലതിൽ പ്രാക്ടിക്കൽ പരീക്ഷയുമായിരിക്കും. മാൻ‌പവർ അതോറിറ്റി, വിദ്യാഭ്യാസ മന്ത്രാലയം, പബ്ലിക് ബെനഫിറ്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരീക്ഷ നടപ്പാക്കുക.

പരീക്ഷയുടെ നടത്തിപ്പ് ചുമതല മാൻ പവർ അതോറിറ്റിക്കായിരിക്കും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിൽ തന്നെ തൊഴിൽ യോഗ്യതാ പരീക്ഷ നടത്തുന്നതിനുള്ള സാധ്യതയും ആരായുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എൻ‌ജിനീയർമാരുടെ അക്രഡിറ്റേഷൻ വിഷയത്തിൽ കൈക്കൊണ്ട നിലപാട് തൊഴിൽ മേഖലയിൽ അനുവർത്തിക്കാൻ പറ്റുന്നതാണെന്ന സമീപനമാണ് അധികൃതർക്കുള്ളത്. മാനദണ്ഡം പാലിക്കാത്തവരെ എൻ‌ജിനീയർ തസ്തികകളിൽനിന്ന് ഒഴിവാക്കുന്നതുപോലെ ഓരോ തസ്തികയിലും അനുയോജ്യരെ മാത്രം നിലനിർത്താൻ പരീക്ഷ സഹായിക്കുമെന്നാണു വിലയിരുത്തൽ. അതേസമയം വിദ്യാഭ്യാസം പൂർത്തിയാക്കിയ 4914 സ്വദേശികൾ തൊഴിൽ കാത്തിരിക്കുന്നതായി മറിയം അൽ അഖീൽ പറഞ്ഞു. സെൻ‌ട്രൽ എംപ്ലോയ്മെന്റ് സിസ്റ്റം റജിസ്റ്ററിലെ മേയ് മാ‍സംവരെയുള്ള കണക്കനുസരിച്ചാണ് ഈ വിവരം. 2645 പുരുഷന്മാരും 2269 വനിതകളുമാണ് തൊഴിൽ കാത്തിരിക്കുന്നവർ.

ജനസംഖ്യാ അസന്തുലനം: സമിതി വേണമെന്ന് എംപിമാർ


കുവൈത്ത് സിറ്റി∙ ജനസംഖ്യാ അസന്തുലനം നിയന്ത്രിക്കുന്നതിന് ദേശീയ സമിതിയെ നിയോഗിക്കണമെന്ന് എം‌പിമാർ. ഇതു സംബന്ധിച്ച നിർദേശം എംപിമാരായ മുഹമ്മദ് അൽ ദലാൽ, ഈസ അൽ കന്ദരി, ഉസാമ അൽ ഷാഹിൻ, ഖലീൽ അൽ സാലെ എന്നിവർ പാർലമെന്റിൽ അവതരിപ്പിച്ചു. വിദേശികളുടെ എണ്ണം 10 വർഷത്തിനകം സ്വദേശി ജനസംഖ്യയുടെ 60 ശതമാനത്തിൽ കവിയാത്ത വിധം ക്രമീകരിക്കാൻ സമിതി പദ്ധതി ആസൂത്രണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഏതെങ്കിലും രാജ്യത്ത് നിന്നുള്ളവർ മൊത്തം വിദേശികളുടെ എണ്ണത്തിന്റെ 40% കവിയില്ലെന്ന് ഉറപ്പുവരുത്തണം.

സാമ്പത്തികകാര്യ മന്ത്രി, ആസൂത്രണ-വികസന ഉന്നതാധികാര സെക്രട്ടേറിയറ്റ് ചെയർമാൻ, സ്റ്റാറ്റിസ്റ്റിക്സ് സെൻ‌ട്രൽ അഡ്മിനിസ്ട്രേറ്റീവ്, ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, മാൻ‌പവർ അതോറിറ്റി, ആരോഗ്യമന്ത്രാലയം, നീതിന്യായ മന്ത്രാ‍ലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, സിവിൽ സർവീസ് ബ്യൂറോ, സിവിൽ ഇൻഫർമേഷൻ അതോറിറ്റി, ചേംബർ ഓഫ് കോമേഴ്സ് എന്നിവയുടെ പ്രതിനിധികളും സാമൂഹിക-സാമ്പത്തിക വിഷയങ്ങളിൽ വൈജ്ഞാനിക പ്രാവീണ്യമുള്ള 2 പേരും ഉൾപ്പെട്ടതാകണം കമ്മിറ്റി എന്നാണ് നിർദേശം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA