sections
MORE

മുരളിയേട്ടാ, കേന്ദ്ര സഹമന്ത്രിയെ രാജശേഖരൻ വിളിച്ചു; കൂടെ ഒരപേക്ഷയും

muraleedharan-uae
SHARE

ദുബായ്. "മുരളിയേട്ടാ, ടിക്കറ്റ് കൂലി വലിയ പ്രശ്നമാ, അതൊന്നു കുറയ്ക്കണം”. ലേബർ ക്യാംപിൽ തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ആ വിളി കേട്ട് പെട്ടെന്ന് തലയുയർത്തി നോക്കി. ഇതര ഭാഷാ തൊഴിലാളികൾക്കൊപ്പമിരുന്ന് അവരോട് ഹിന്ദിയിൽ സംസാരിച്ചു കൊണ്ട് ഭക്ഷണം കഴിക്കുകയായിരുന്ന മുരളീധരന് നല്ല മലയാളത്തിലുള്ള ഏട്ടാ വിളി ഇഷ്ടപ്പെട്ടു. “വിമാനടിക്കറ്റ് കൂലി കഴുത്തറപ്പനാ, ആ പ്രശ്നമൊന്നു പരിഹരിക്കണം"-

തിരുവനന്തപുരം കാട്ടാക്കട പ്രീതാഭവനിൽ രാജശേഖരനാണ് കേന്ദ്രമന്ത്രിയെ അടുപ്പത്തോടെ മുരളീയേട്ടാ എന്നു വിളിച്ച് പ്രശ്നം അവതരിപ്പിച്ചത്. ഈ സമയം രാജശേഖരനെ കോൺസുലേറ്റ് ജനറൽ വിപുൽ പിന്നിൽ നിന്ന് മുരളീധരന്റെ അടുത്തേക്ക് കൊണ്ടു നിർത്തി. തുടർന്ന് മുരളീധരൻ രാജശേഖരനോടു ചേർന്നു നിന്നു. വിവിധ സർക്കാരുകൾ മാറി വരുമ്പോഴെല്ലാം ഈ പ്രശ്നം പലപ്രാവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഹാരിട്ടില്ലെന്നും രാജശേഖരൻ ചൂണ്ടിക്കാട്ടി.

muralidharan2

താൻ വ്യോമയാന മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നു പറഞ്ഞു മുരളീധരൻ. “ ഇപ്രാവശ്യമാണല്ലോ ഞാൻ മന്ത്രിയായത്. പ്രശ്നം തീർച്ചയായും പരിഹരിക്കാൻ ശ്രമിക്കും”-മുരളീധരൻ ചിരിച്ചു കൊണ്ട് ഉറപ്പ് പറഞ്ഞപ്പോൾ രാജശേഖരനും സന്തോഷമായി.

യുഎഇയിൽ പതിനൊന്നു വർഷമായി ജോലി ചെയ്യുന്ന രാജശേഖരൻ ചെറുപ്പം മുതലേ സംഘം പ്രവർത്തകനായിരുന്നെന്നു പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനും നാട്ടിൽ പ്രവർത്തിക്കാൻ പോയിരുന്നു. ഇപ്പോഴത്തെ കമ്പനിയിൽ ഡ്രൈവറായി ജോലിക്കെത്തിയിട്ട് അഞ്ചുവർഷമായി.

മുഹൈസീനയിൽ(സോനാപൂർ) എവർസെൻഡി കമ്പനിയുടെ ലേബർ ക്യാംപിൽ ഒരു മണിക്കൂറോളം മുരളീധരൻ ചെലവഴിച്ചു. രാവിലെ എട്ടേമുക്കാലിനാണ് ക്യാംപിൽ എത്തിയത്. മലേഷ്യൻ-ഇന്ത്യക്കാരനായ എ.കെ നാഥന്റെ ഉടമസ്ഥതയിലുള്ള സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനിയുടെ ക്യാംപിൽ 1300 തൊഴിലാളികളാണുള്ളത്. അവരിൽ കുറേപ്പേരാണ് മന്ത്രിക്കൊപ്പം രാവിലെ ഉണ്ടായിരുന്നത്. കൂടുതലും ഹിന്ദിക്കാരുള്ള ക്യാംപിൽ ഹിന്ദിയിൽത്തന്നെയാണ് മുരളീധരൻ സംസാരിച്ചത്.

തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന മുരളീധരൻ അവരുടെ പ്രശ്നങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കി. പലർക്കുമൊപ്പം നിറഞ്ഞ ചിരിയോടെ സെൽഫിയും എടുക്കാൻ ചേർന്നു നിന്നു. ജയ് വിളികളോടെയാണ് തൊഴിലാളികൾ മുരളീധരനെ യാത്രയാക്കിയത്. തുടർന്ന് ഒമ്പതേമുക്കാലിന് ക്യാപിലെ പരിപാടികൾ അവസാനിപ്പിച്ച് മുരളീധരൻ താജിൽ വ്യവസായികളുടെ യോഗത്തിലേക്കു പോയി. ഇന്ത്യൻ പീപ്പിൾസ് ഫോറം ദുബായ് പ്രസിഡന്റ് രമേശ് മന്നത്ത്, ദേശീയ കൺവീനർ ഭുപേന്ദ്രകുമാർ എന്നിവരും മറ്റ് കമ്പനി പ്രതിനിധികളും പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA