ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, ജനങ്ങൾക്കെതിരെയും പരമാധികാരത്തിനെതിരെയും ഉയരുന്ന ഏത് ഭീഷണിയേയും നേരിടാൻ മടിക്കില്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഇറാന്റെ കടന്നു കയറ്റത്തിനെതിരെ രാജ്യാന്തര സമൂഹം നിലപാടെടുക്കേണ്ടതുണ്ട്. ഇറാനുമേൽ അമേരിക്കൻ ഉപരോധം പുനഃസ്ഥാപിക്കുന്നതിനെ പിന്തുണക്കുന്നുവെന്നും അശ്ശർഖുൽ ഔസത്ത് പത്രത്തിന്‌ നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 

ഇറാൻ ഒരു സാധാരണ രാജ്യമായി മാറുകയും അതിന്റെ ശത്രുതാ മനോഭാവം ഇല്ലതാക്കുകയുമാണ് ലക്ഷ്യം. എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള അട്ടിമറി ശ്രമങ്ങൾ, രാജ്യത്തെ വിമാനത്താവളങ്ങളും സാധാരണ ജനങ്ങൾ അധിവസിക്കുന്ന മേഖലകളും ലക്ഷ്യമാക്കിയുള്ള ആക്രമണം തുടങ്ങി ഇറാന്റെ അതിക്രമങ്ങൾ മേഖലകളിൽ മാത്രമല്ല ലോകത്തിന്‌ തന്നെയാണ്‌ ഭീഷണി. ഇതിനെതിരെ രാജ്യാന്തര സമൂഹം ഉണരണമെന്ന ആവശ്യത്തിന്‌ അടിവരയിടുന്നതായും അദ്ദേഹം പറഞ്ഞു. 

ആണവകരാറിന്റെ സാമ്പത്തിക ആനുകൂല്യങ്ങൾ കണ്ട് പ്രദേശത്തെ ശത്രുത വിതയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നതിനെതിരെ രാജകുമാരൻ ശക്തമായി അപലപിച്ചു. അമേരിക്കയുമായുള്ള തന്ത്രപരമയ ബന്ധങ്ങളിൽ വലിയ പ്രാധാന്യം കൽപിക്കുന്നതായി കിരീടാവകാശി വ്യക്തമാക്കി. യെമൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങളെ രാജ്യം പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

സുഡാന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യം ശ്രദ്ധാലുക്കളാണ്‌. സൗദി പത്ര പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം അത്യന്തം വേദനാജനകമാണെന്നും അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിന്‌ പൂർണ നീതി ലഭിക്കാനാണ്‌ രാജ്യത്തിന്റെ ശ്രമം. അതേസമയം ഈ സംഭവം മുതലെടുത്ത് നടത്തുന്ന രാഷ്ട്രീയ ചൂഷണങ്ങൾ അനുവദിക്കില്ല. അത്തരക്കാർ തെളിവുകൾ നിയമത്തിനു മുന്നിൽ ഹാജറാക്കുകയാണ്‌ വേണ്ടതെന്നും കിരീടാവകാശി പറഞ്ഞു.

രാജ്യം ഒരു ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ നിന്ന് ഉത്പാദനക്ഷമതയും ആഗോള തലത്തിൽ മൽസരക്ഷമതയും പ്രകടമാക്കുന്ന തരത്തിലേയ്ക്ക് മാറുകയാണ്‌. തീവ്രവാദത്തിനെതിരെ സുസ്ഥിര നടപടികൾ കൈകൊള്ളാൻ രാജ്യം എന്നും പ്രതിജ്ഞാബന്ധമാണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com