ADVERTISEMENT

ദുബായ് ∙ മദ്രസയുടെ ബസിൽ മലയാളി ബാലൻ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ദുബായ് പൊലീസും മതകാര്യ വകുപ്പും അന്വേഷണം ഊർജിതമാക്കി. സംഭവം ആവർത്തിക്കാതിരിക്കാൻ സ്കൂൾ ബസുകളിൽ ഡ്രൈവർക്ക് പുറമേ മേൽനോട്ടക്കാരെയും നിയമിക്കണമെന്ന നിയമം അധികൃതർ കർശനമാക്കിയിട്ടുണ്ട്.

തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ 6 വയസ്സുള്ള മകൻ ഫർഹാനാണ് ശനിയാഴ്ച മരിച്ചത് .

ദുബായ് അൽഖൂസിലുള്ള അൽമനാർ മതപഠന കേന്ദ്രത്തിലെ വിദ്യാർഥിയായിരുന്നു ഫർഹാൻ. കുട്ടികളെല്ലാം ബസിൽ നിന്നു ഇറങ്ങിയെന്ന് ഉറപ്പാക്കാതെ ഡ്രൈവർ ബസ് പാർക്ക് ചെയ്തു പുറത്തു പോയി. സീറ്റിൽ ഉറക്കത്തിലായ കുട്ടി കടുത്ത ചൂടിൽ ബോധരഹിതനാവുകയും തുടർന്ന് മരിക്കുകയുമായിരുന്നുവെന്ന് വിദഗ്ധർ പറഞ്ഞു.

ഏകദേശം ഒൻപത് മണിക്കൂർ കുട്ടി ബസിൽ കഴിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാവിലെ എട്ടിന് കുട്ടികളെ സ്ഥാപനത്തിൽ വിടുന്ന ബസ്, വൈകിട്ട് നാലോടെയാണ് തിരിച്ചു പോകുന്നത്. ഈ സമയത്താണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിൽ റോന്ത് ചുറ്റിയിരുന്ന പൊലീസ് വാഹനമാണ് സംഭവസ്ഥലത്ത് എത്തി മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചത്.ബസിൽ പുതിയ ഡ്രൈവറായിരുന്നു.  

ദുബായ് മതകാര്യ വകുപ്പ് സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തുകയും കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. 

farhan

തളർന്ന് മാതാവ്; വാക്കുകളില്ലാതെ കുടുംബം

സ്കൂളും വാരാന്ത്യ മതപഠന ക്ലാസും കഴിഞ്ഞ് വരുന്ന മകനെ കാത്ത് വഴിയിൽ കാത്ത് നിൽക്കുക പതിവാണ് ഫർഹാന്റെ ഉമ്മ. വരാൻ അൽപം വൈകിയാൽ ഡ്രൈവർക്ക് ഫോൺ ചെയ്ത് സുരക്ഷിതത്വം ഉറപ്പാക്കുന്ന ആ ഉമ്മയ്ക്ക് മകന്റെ ആകസ്മിക വേർപാട് താങ്ങാനാകാത്തതായി.

സംഭവദിവസവും ഫർഹാന്റെ ഉമ്മ ഡ്രൈവർക്ക് ഫോൺ ചെയ്തിരുന്നു. 

അപ്പോൾ ലഭിച്ച പുതിയ ഡ്രൈവറുടെ നമ്പറിൽ വിളിച്ചപ്പോൾ പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതികരണമുണ്ടായത്. എന്തോ പന്തികേട് തോന്നിയ ആ മാതാവ് അതോടെ തളർന്നു.

മകന് എന്തോ അപകടം പറ്റിയെന്ന സൂചന ലഭിച്ചപ്പോഴേക്ക് തളർന്ന ആ മാതാവിനെ മരണവിവരം അറിയിക്കാനാകാതെ ബന്ധുക്കൾ കുഴഞ്ഞു. ഇന്നലെ രാവിലെയാണ് മരണവാർത്ത അവരെ അറിയിച്ചത്. 

നഷ്ട്ടപ്പെട്ടത് ഏക മകനെ

ഫൈസൽ - സൽവ ദമ്പതികൾക്ക് ഏക മകനാണ് നഷ്ടമായത്. മൂന്ന് പെൺമക്കളുള്ള ഫൈസൽ, മൂത്ത മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ദാരുണ സംഭവം. മരണവാർത്ത ദുബായ് പൊലീസ് ട്വിറ്ററിലൂടെയാണ് ആദ്യം അറിയിച്ചത്. വൈകുന്നേരത്തോടെ വിവരമറിഞ്ഞവർ സാന്ത്വനിപ്പിക്കാൻ കുട്ടിയുടെ കരാമയിലെ വീട്ടിലേക്കെത്തി. 

അൽഖൂസ് ഖബർസ്ഥാനിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെ മൃതദേഹം കബറടക്കി. 

ബന്ധുക്കളും സുഹൃത്തുക്കളും പ്രാർഥനയിൽ പങ്കുകൊണ്ടു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com