ADVERTISEMENT

ഉമ്മുൽഖുവൈൻ∙ മലയാളി യുവാവ് കുളിക്കുമ്പോൾ കടലിൽ മുങ്ങി മരിച്ചു. കൊല്ലം പറവൂർ കൊങ്കൽ വിളയിൽവീട്ടിൽ ജനാർദനൻ–രാജി ദമ്പതികളുടെ മകൻ അനന്തു ജനാർദനൻ(25) ആണ് മരിച്ചത്. 

സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കുമ്പോൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നുവെന്ന് ഇയാളുടെ സുഹൃത്തുക്കൾ പറഞ്ഞു. ഉടൻ ഉമ്മുൽഖുവൈൻ സുരക്ഷാ സേനയും പാരാ മെഡിക്കൽ സംഘവും സ്ഥലത്തെത്തി അനന്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോകും.

കഴിഞ്ഞ ദിവസം ദുബായ് ജുമൈറയിൽ ബംഗ്ലുരു സ്വദേശി കടലിൽ മുങ്ങി മരിച്ചിരുന്നു.

അശ്രദ്ധ കടൽപൊറുക്കാറില്ല

dub--FLOOD--3-col-gif

ഷാർജ ∙ അപകടങ്ങൾ വർധിച്ചതോടെ വിനോദങ്ങൾക്കായി കടലിൽ പോകുന്നവർക്കു മുന്നറിയിപ്പുമായി പൊലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണു പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നത്. ചൂടു കടുത്തതോടെ  ബീച്ചുകളിൽ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

തമിഴ് റേഡിയോ ഗില്ലി എഫ്എം ജീവനക്കാരൻ ബെംഗളൂരു സ്വദേശി ജോൺ പ്രീതം പോൾ (40) ശനിയാഴ്ച പുലർച്ചെ ദുബായ് ജുമൈറ ബീച്ചിൽ മുങ്ങിമരിച്ചിരുന്നു. 

നീന്തൽ അറിയാതെ കടലിൽ ഇറങ്ങുന്നതും സുരക്ഷാ ദൂരം മറികടന്ന് നീന്തുന്നതും മദ്യപിച്ച് നീന്തുന്നതും അപകട സാധ്യത വർധിപ്പിക്കും.  രാത്രി നീന്താനിറങ്ങുന്നതും സുരക്ഷിതമല്ല. കടലിന്റെ സ്വഭാവം ഏതു സമയവും മാറാം. അടിയൊഴുക്കും വില്ലനാകാറുണ്ട്. അസുഖങ്ങളുള്ളവരും കടലിൽ ഇറങ്ങി പരിചയമില്ലാത്തവരുമാണ് കൂടുതലും അപകടത്തിനിരയാകുന്നത്. 

സുഹൃത്തുക്കളോടൊപ്പം അശ്രദ്ധമായി കടലിൽ ഇറങ്ങുന്നതും അപകടകാരണമാകാറുണ്ട്. 

പൊലീസ് ബോധവൽകരണവും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.ബീച്ചുകളിൽ അപകടത്തിൽപെടുന്നവരെ രക്ഷിക്കാൻ ‘ഫ്ലൈയിങ് റെസ്ക്യൂവർ’ എന്ന ഹൈടെക് ഡ്രോണുകൾ ദുബായിലുണ്ട്.

കടലിൽ ആരെങ്കിലും അപകടത്തിൽപ്പെട്ടാതായി കണ്ടാൽ ഈ നമ്പറുകളിൽ പൊലീസിനെ അറിയിക്കണം 999/065631111

ഒമാനിൽ കടൽ പ്രക്ഷുബ്ധം

മസ്‌കത്ത് ∙ ഒമാനിൽ കടൽ പ്രക്ഷുബ്ധമായതിനെ തുടർന്നു തീരദേശത്തെ വീടുകളിൽ വെള്ളം കയറി. ശക്തമായ കാറ്റുമുണ്ടായി. ഷർഖിയ ഗവർണറേറ്റിലെ സുവൈഹ്, റാസ് അൽ ഹിദ് മേഖലകളിലാണ് വെള്ളം കയറിയത്. കാറുകളും സാധനകങ്ങളും ഒലിച്ചുപോയി.

കാറ്റ് ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തീരദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com