ADVERTISEMENT

അബുദാബി ∙ കുട്ടികളുടെ സുരക്ഷയ്ക്കായി അബുദാബി പൊലീസ് വിവിധ ബോധവൽക്കരണ ക്യാംപെയിനുകൾ ആരംഭിച്ചു. വാഹനത്തിൽപെട്ടുണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കാനും ആയമാരോടൊപ്പം ദീർഘ നേരം ചെലവഴിക്കുന്നതിലൂടെയുണ്ടാകുന്ന പ്രശ്നങ്ങൾ അകറ്റാനുമാണ് ബോധവൽകരണങ്ങൾ.

കെണിയാകരുത്, വാഹനങ്ങൾ

നിർത്തിയിട്ട വാഹനത്തിൽ കുട്ടികൾ കുടുങ്ങാതിരിക്കാൻ രക്ഷിതാക്കൾക്കും വാഹനമോടിക്കുന്നവർക്കും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കളിക്കുന്നതിനിടയിൽ ഒളിക്കാനായി നിർത്തിയിട്ട വാഹനത്തിൽ കയറുന്ന കുട്ടികൾ തിരിച്ചിറങ്ങാനാവാതെ അതിലകപ്പെടുകയും വെയിലത്ത് ശ്വാസം മുട്ടി മരണത്തിനുവരെ കാരണമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബോധവൽകരണം ശക്തമാക്കിയത്. ഏറ്റവും ഒടുവിൽ അൽഐനിലാണ് ഇത്തരത്തിൽ സ്വദേശി ബാലൻ മരിക്കാനിടയായത്.

കഴിഞ്ഞ ദിവസം ദുബായിൽ മലയാളി മദ്രസാ വിദ്യാർഥിയും ബസിലികപ്പെട്ട് ശ്വാസം മുട്ടി മരിച്ചിരുന്നു. കുട്ടി ബസിൽ ഉറങ്ങിക്കിടക്കുന്നത് ജീവനക്കാരും അറിഞ്ഞില്ല. വീടിന് സമീപത്ത് നിർത്തിയിട്ട വാഹനത്തിനകത്ത് ആരും ഇല്ലെന്നും പൂട്ടിയെന്നും ഉറപ്പുവരുത്തേണ്ടത് ഡ്രൈവറുടെ കടമയാണ്. പൂട്ടാതെ പോകുന്ന വാഹനത്തിൽ കുട്ടികൾ കയറി കളിക്കാൻ സാധ്യതയേറെയാണ്. വാഹനത്തിനകത്തും അടിയിലും ഡിക്കിലും ഇത്തരത്തിൽ കുട്ടികൾ ഒളിക്കുക പതിവാണെന്നും അതുകൊണ്ടുതന്നെ ആവർത്തിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

വാഹനത്തിൽ തനിച്ചാക്കരുത്

സ്റ്റാർട് ചെയ്ത് നിർത്തിയിട്ട വാഹനത്തിൽ കുട്ടികളെ തനിച്ചാക്കി രക്ഷിതാക്കൾ പോകരുതെന്നും പൊലീസ് ഓർമിപ്പിച്ചു. പെട്ടെന്ന് തിരിച്ചുവരാമെങ്കിലും ഈ സാഹസത്തിന് മുതിരരുത്. കടുത്ത ചൂടിൽ സ്റ്റാർട് ചെയ്ത് നിത്തിയിട്ട വാഹനത്തിൽ കാർബൺഡയോക്സൈഡിൻറെ അളവ് വർധിക്കാനും ഇത് കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.
 
ആയയല്ല, വേണ്ടത് അമ്മ

കുട്ടികളെ ദീർഘനേരം ആയമാർക്കൊപ്പം വിടുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും നല്ല ഭാവിക്കും രക്ഷിതാക്കളുടെ സാമീപ്യം അനിവാര്യമാണ്. ദീർഘനേരം ആയയുടെ സാമീപ്യം പെരുമാറ്റത്തെയും ബാധിക്കുമെന്ന് വീടുകളിലെത്തിയാണ് പൊലീസ് രക്ഷിതാക്കളെ ബോധവൽകരിക്കുന്നത്. അത്യാവശ്യത്തിനു  മാത്രമേ ആയയുടെ സേവനം ഉപയോഗപ്പെടുത്താവൂ. കുട്ടികളെ ശാരീരികമായും മാനസികമായും സംരക്ഷിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണെന്ന് അബുദാബി പൊലീസിലെ സാമൂഹിക സഹായ വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ സഈദ് ഹമദ് അൽ കാബി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com