ADVERTISEMENT

ദുബായ് ∙ ചുവന്ന ഗ്രഹമായ ചൊവ്വയിൽ ചരിത്രനേട്ടത്തിനൊരുങ്ങുന്ന യുഎഇ പഠന-ഗവേഷണ പദ്ധതികൾ ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി എമിറേറ്റ്സ് ടവേഴ്സ് യൂത്ത് ഹബിൽ അടുത്തമാസം ശാസ്ത്രവാരാചരണം നടത്തും. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്‌സി), എമിറേറ്റ്സ് മാർസ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വാരാചരണം. ക്ലാസുകളും ശിൽപശാലകളും ഉണ്ടാകും. ചൊവ്വാഗ്രഹത്തെക്കുറിച്ചും മറ്റു ബഹിരാകാശ പദ്ധതികളെക്കുറിച്ചും. സമഗ്രവിവരങ്ങൾ പങ്കുവയ്ക്കാൻ ശാസ്ത്ര വാരാചരണം സഹായകമാകുമെന്ന് എംബിആർഎസ്‌സി ഡയറക്ടർ ജനറൽ യൂസഫ് ഹമദ് അൽ ഷെയ്ബാനി പറഞ്ഞു. ചൊവ്വയിൽ വെള്ളം കണ്ടെത്താനും കൃഷി നടത്താനുമുള്ള സാധ്യതകൾ തേടുകയാണ് യുഎഇ ശാസ്ത്രജ്ഞർ.



അൽ അമൽ ചൊവ്വാ ദൗത്യം

യുഎഇയുടെ ‘അൽ അമൽ’ എന്ന ചൊവ്വാ ദൗത്യം അടുത്തവർഷമാണ്. ജൂലൈ 14നും ഓഗസ്റ്റ് 3നും ഇടയ്ക്ക്  ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ  നിന്നാകും വിക്ഷേപണം. 2021 ഫെബ്രുവരിയിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നു. ചൊവ്വയിലെ  കാറ്റ്,  പൊടിപടലങ്ങൾ, മേഘങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ ഇതുവഴി  കഴിയുമെന്നാണു പ്രതീക്ഷ. 2117ൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർഥ്യമാക്കാനുള്ള പദ്ധതിക്കുള്ള കൂടുതൽ വിവരങ്ങളും ലഭ്യമാകും. സ്വയംപര്യാപ്ത നഗരം സൃഷ്ടിക്കാനാണ് യുഎഇയുടെ ശ്രമം.



കാഴ്ച കാണാനല്ല, കാര്യങ്ങളറിയാൻ

ചൊവ്വ കണ്ടുമടങ്ങുകല്ല യുഎഇ ദൗത്യമെന്ന് ബഹിരാകാശ ഏജൻസി പറഞ്ഞിരുന്നു. ചൊവ്വയിലെ വെല്ലുവിളികൾ അതിജീവിച്ചു മനുഷ്യജീവിതം യാഥാർഥ്യമാക്കാനുള്ള ഒരുക്കങ്ങളിലാണ് രാജ്യം. കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന സാഹചര്യം ചൊവ്വാജീവിതത്തിന് അനിവാര്യമായതിനാൽ ആ വഴിക്കുള്ള ഗവേഷണങ്ങളാണ് പുരോഗമിക്കുന്നത്. ചൊവ്വയെ ലക്ഷ്യമിട്ട് വായു, മണ്ണ്, സസ്യങ്ങൾ, കാലാവസ്ഥ, കൃഷി, ഭക്ഷ്യസംസ്കരണം, ആരോഗ്യം  തുടങ്ങിയ മേഖലകളിൽ  നടത്തുന്ന ഗവേഷണങ്ങളിൽ ലഭ്യമാകുന്ന വിവരങ്ങൾ രാജ്യത്തു തന്നെ ആദ്യം നടപ്പാക്കാനാകും. ചൊവ്വയിൽ ജീവിക്കാനാവശ്യമായ വെള്ളത്തെക്കുറിച്ചു നടത്തുന്ന ഗവേഷണങ്ങൾ, കടുത്ത വരൾച്ച അനുഭവപ്പെടുന്ന യുഎഇക്ക് ഗുണകരമാകും.

info-journey-uae



ചൊവ്വാ പദ്ധതിയുടെ ലക്ഷ്യങ്ങൾ

∙ റോബട്ടിക്‌സ്, നൂതന സാങ്കേതികവിദ്യകൾ, ബഹിരാകാശ പേടകങ്ങളുടെ രൂപകൽപന, ബഹിരാകാശ ശാസ്ത്രപഠനം എന്നിവയിലെ അറിവ്.

∙ വിദ്യാലയങ്ങളിലും സർവകലാശാലകളിലും ബഹിരാകാശപദ്ധതികൾ പഠനവിഷയമാക്കാനും ഗവേഷണങ്ങൾക്കു പ്രോൽസാഹനം നൽകാനും കഴിയും.

∙ ചൊവ്വയുടെ ഉപരിതലത്തിൽ ജലകണങ്ങളും പലതരം വാതകങ്ങളും ഉണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ രഹസ്യങ്ങളിലേക്കുള്ള ചുവടുവയ്പ്പാകും അൽ അമൽ പദ്ധതി.

∙ അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും പേടകം വിവരങ്ങൾ ശേഖരിക്കും. ചൊവ്വയിലെ കാറ്റ്, പൊടിപടലങ്ങൾ, മേഘങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയും.

∙ ചൊവ്വയെക്കുറിച്ചുള്ള പഠനം മറ്റു ഗ്രഹങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കും.

∙ അറബ്‌മേഖലയെ ജ്യോതിശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും പഠന-ഗവേഷണ കേന്ദ്രമാക്കി മാറ്റും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com