ADVERTISEMENT
ദോഹ ∙ കനത്ത ചൂടിലേക്ക് കാലാവസ്ഥ പ്രവേശിച്ചതോടെ, തീപിടിത്ത സംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കേണ്ട സാഹചര്യമായി. വീടിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക, എയർകണ്ടിഷനറുകൾ വെന്റിലേഷൻ ഫാനുകൾ തുടങ്ങിയവയുടെ അമിത ഉപയോഗം നിയന്ത്രിക്കണം. ഇവയുടെ ഇലക്ട്രിക്കൽ കണക്ഷന്റെ ജോലിഭാരം കൂടുന്നതിനാ‍ൽ തീ പിടിത്തത്തിന് കാരണമാകും. വീടുകളിൽ മാത്രമല്ല, കച്ചവട, വാണിജ്യ സ്ഥാപനങ്ങളിലും ഇവയുടെ ഉപയോഗത്തിൽ നിയന്ത്രണം വേണം.

സുരക്ഷ ഉറപ്പാക്കണം

എസിയായാലും വെന്റിലേഷൻ സംവിധാനങ്ങളായാലും അംഗീകൃതവും ഉയർന്ന ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നത് ഉപയോഗിക്കണമെന്നതാണു പ്രധാനം. കൂടാതെ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കണം.

അടുക്കള സുപ്രധാനം

അടുക്കളയിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. പാചക വാതക സിലിണ്ടറിന് ചോർച്ചയില്ലെന്ന് ഉറപ്പാക്കണം. വാതക ചോർച്ച അനുഭവപ്പെട്ടാൽ എക്‌സ്‌ഹോസ്റ്റ് ഫാനും മറ്റ് സ്വിച്ചുകളും ഓൺ ചെയ്യരുത്. ജനലുകളും വാതിലുകളും വേഗം തുറന്നിടണം. സിവിൽ ഡിഫൻസിന്റെ അടിയന്തര സഹായം തേടണം. സുരക്ഷിതമായ സ്ഥലത്ത് കുട്ടികൾക്ക് എത്തിപിടിക്കാൻ കഴിയാത്ത അകലത്തിലാകണം സിലിണ്ടറുകളുടെ സ്ഥാനം. മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രമേ കുട്ടികൾക്ക് അടുക്കളയിൽ പ്രവേശനം അനുവദിക്കാവു. പാചകം ചെയ്യുമ്പോൾ എണ്ണ കൂടിയാൽ ചിലപ്പോൾ പാനിൽ തീപിടിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വെള്ളം ഒഴിച്ച് തീകെടുത്താൻ ശ്രമിക്കാതെ ഫയർ ബ്ലാങ്കറ്റ് അല്ലെങ്കിൽ നല്ല കനമുള്ള അടപ്പു കൊണ്ടോ പാൻ മൂടിയാൽ മതി.

ശ്രദ്ധിച്ചാൽ മതി, അപകടം ഒഴിയും

∙ തീപിടിത്തം പോലുള്ള അടിയന്തര സേവനങ്ങൾക്ക് 999 എന്ന നമ്പറിൽ സഹായം തേടണം. പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് എന്നിവയുടെ സഹായം ലഭിക്കാൻ 999 എന്ന നമ്പർ ഉപയോഗിച്ചാൽ മതിയാകും.

∙ അവധിക്ക് പോകുന്നവർ പാചക വാതക സിലിണ്ടറുകളും ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്യണം. വാതിലുകളും ജനലുകളും അടച്ചെന്ന് ഉറപ്പാക്കണം.

∙ എക്‌സ്‌ഹോസ്റ്റ് ഫാനുകൾ വൃത്തിയായി സൂക്ഷിക്കണം.

∙ അടുക്കളയിൽ ഫയർ ബ്ലാങ്കറ്റും ഫയർ എക്സ്റ്റിംഗ്വിഷറും സൂക്ഷിക്കണം.

∙ കനം കുറഞ്ഞതും നൈലോൺ തുണികളും അടുക്കളയിൽ ഉപയോഗിക്കരുത്.

∙ തീപിടിക്കുന്ന വസ്തുക്കൾ അടുക്കളയിൽ നിന്നും ഒഴിവാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com