ADVERTISEMENT

ദോഹ ∙ ദോഹയിലെ പ്രവാസി മലയാളികളുടെ അടുക്കളത്തോട്ടങ്ങളിൽ ശൈത്യകാലത്തേക്കുള്ള കൃഷിയൊരുക്കം തുടങ്ങി. കാർഷിക കൂട്ടായ്മകളായ നമ്മുടെ അടുക്കളത്തോട്ടം ദോഹയും കൃഷിയിടം ഖത്തറുമെല്ലാം അംഗങ്ങൾക്ക് കൃഷിയൊരുക്കത്തിനുള്ള മാർഗനിർദേശങ്ങൾ നൽകുന്ന തിരക്കിലാണ്. മണ്ണ് സംരക്ഷണവും വിത്ത് ശേഖരണവും ഒക്കെയായി അടുക്കളത്തോട്ടങ്ങൾ സജീവം.

പല അടുക്കളത്തോട്ടങ്ങളിലും ചെറിയ രീതിയിൽ പച്ചക്കറികൾ വാടാതെ ഇനിയുമുണ്ട്. കൃഷിയൊരുക്കത്തിന്റെ ആദ്യ ഘട്ടം മണ്ണ് സംരക്ഷണമാണ്. മണ്ണ് നിറച്ച ബാഗിന് കുറഞ്ഞത് 10 റിയാലാണു വില. അതിനാൽ, കഴിഞ്ഞ കൃഷിയിൽ ഉപയോഗിച്ച മണ്ണ് അടുത്ത കൃഷിക്കായി വളക്കൂറുള്ളതാക്കി നിലനിർത്തുകയാണ് ലാഭം. വേനൽ ചൂടിൽ നിന്നു മണ്ണിനെ സംരക്ഷിക്കണം. അവധിക്ക് തയാറെടുക്കുന്നവർ പോകുന്നതിന് മുൻപായി മണ്ണ് നന്നായി നനച്ചിടാനും മറക്കരുത്. കൃഷിയുടെ കാര്യത്തിൽ പ്രവാസി മലയാളികൾക്കിടയിൽ ആരോഗ്യകരമായ മത്സരം തന്നെയുണ്ട്.

മണ്ണ് സംരക്ഷിക്കാം

ചട്ടികളിൽ കൃഷി ചെയ്തവർ ചട്ടികളിലെ മണ്ണെല്ലാം ഒരുമിച്ച് കൂട്ടി നന്നായി ഇളക്കണം. സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്തായിരിക്കണം മണ്ണ് കൂട്ടിയിടേണ്ടത്. ചാണകപ്പൊടി, ആട്ടിൻ കാഷ്ഠം എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കണം. അടുക്കളയിലെ പച്ചക്കറി മാലിന്യവും ഈ മണ്ണിലേക്ക് കൂട്ടിചേർക്കുന്നത് കൂടുതൽ വളക്കൂറുള്ളതാക്കും. നന്നായി ഇളക്കി നനച്ച ശേഷം മണ്ണ് മുഴുവനായും മൂടി ഇടണം.

വളമാണ് പ്രധാനം

കൃഷിക്ക് അടിവളമാണ് പ്രധാനം. വളക്കൂറുള്ളതാക്കി നിലനിർത്തിയാൽ ധൈര്യമായി കൃഷി ചെയ്യാം. നാട്ടു പച്ചക്കറികളുടെ കൃഷി ഓഗസ്റ്റ് അവസാനത്തോടെ തുടങ്ങാം. അവസാന വാരം വിത്തിടാൻ തുടങ്ങിയാൽ വേഗത്തിൽ കൃഷി ചെയ്യാം. നാട്ടിൽ പോയി വരുന്നവർ കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, ഒപ്പം ഫ്യൂസോമൊണാസ് എന്നിവ കൊണ്ടുവരാൻ മറക്കരുതെന്ന് നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് റംല സമദിന്റെ ഓർമപ്പെടുത്തുന്നു. ട്രേയിലാണ് വിത്ത് പാകുന്നതെങ്കിൽ മണ്ണ് നേരത്തെ തയാറാക്കണം. കടല പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും മണ്ണിൽ ചേർത്ത് ഇളക്കി മണ്ണ് ഒരാഴ്ച നന്നായി നനച്ചിടണം. ഈ മണ്ണിൽ വേണം വിത്ത് പാകാൻ. തൈ വളരാൻ അടിവളം പ്രധാനം. തൈ വളർന്നു കഴിഞ്ഞാൽ 2 ആഴ്ചയിൽ ഒരിക്കൽ ഫ്യൂസോമൊണാസ് ഇലകളിൽ തളിച്ചു കൊടുക്കണം. കീടബാധയില്ലാതെ കരുത്തോടെ വളരാൻ ഇത് സഹായിക്കും.

പിന്തുണയുമായി കാർഷിക കൂട്ടായ്മകളും

ദോഹയിലെ പ്രധാനപ്പെട്ട കാർഷിക കൂട്ടായ്മകളാണ് നമ്മുടെ അടുക്കളത്തോട്ടം ദോഹയും കൃഷിയിടം ഖത്തറും. കൃഷിയുടെ പ്രാരംഭം മുതൽ കൃഷി അവസാനം വരെ അംഗങ്ങൾക്കാവശ്യമായ നിർദേശങ്ങളും പിന്തുണയും സഹായങ്ങളും നൽകുന്നതാണ് കൂട്ടായ്മകളുടെ പ്രധാന ജോലി. കൃഷിയിടം ഖത്തർ കഴിഞ്ഞ ആഴ്ച 150 ഓളം അംഗങ്ങൾക്ക് വിത്ത് വിതരണം ചെയ്തു . തൃശൂർ മണ്ണൂത്തിയിലെ കാർഷിക സർവകലാശാലയിൽ നിന്നും വാങ്ങിയ വിത്തുകളാണ് വിതരണം ചെയ്തതെന്ന് കൃഷിയിടം ഖത്തർ ഭാരവാഹികൾ പറഞ്ഞു. വെണ്ട, 3 തരം കുറ്റിപ്പയർ, ചീര, മത്തൻ, വെള്ളരി, പാവയ്ക്ക, കോളി ഫ്ലവർ വഴുതനങ്ങ, അമര തുടങ്ങി 15 ഓളം ഇനം പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്തത്. നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ വിത്ത് വിതരണം സെപ്റ്റംബർ മധ്യത്തോടെയാണെന്ന് പ്രസിഡന്റ് റംല സമദ്. അവധി കഴിഞ്ഞ് അംഗങ്ങൾ തിരിച്ചെത്തിയ ശേഷമാണ് വിതരണം. പാവയ്ക്ക, വെണ്ട, തക്കാളി തുടങ്ങി നാട്ടു പച്ചക്കറികളുടെ വിത്ത് വിതരണമാണ് സെപ്റ്റംബറിൽ നടക്കുന്നത്. കാബേജ്, കോളിഫ്ലവർ തുടങ്ങിയ ശീതകാല പച്ചക്കറികളുടെ വിത്ത് വിതരണം ഒക്‌ടോബർ 4നാണ്. കേരളത്തിൽ നിന്നുള്ള കാർഷിക വിദഗ്ധർ നയിക്കുന്ന കാർഷിക സെമിനാറിനോട് അനുബന്ധിച്ചാണ് വിത്ത് വിതരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com