ADVERTISEMENT

ദോഹ ∙ മധ്യപൂർവദേശത്ത് ഏറ്റവും വലിയ ഈഥൈൻ ക്രാക്കിങ് പ്ലാന്റ് 2025 ൽ പ്രവർത്തനം തുടങ്ങുമെന്ന് ഖത്തർ പെട്രോളിയം. റാസ് ലഫാൻ വ്യാവസായിക നഗരത്തിൽ നിർമിക്കുന്ന മേഖലയിലെ ഏറ്റവും വലിയ പെട്രോ കെമിക്കൽസ് കോംപ്ലക്‌സിലാണ് ക്രാക്കിങ് പ്ലാന്റ് നിർമിക്കുന്നത്. പുതിയ കോംപ്ലക്‌സിന്റെ നിർമാണ-വികസനത്തിൽ പെട്രോ കെമിക്കൽ രംഗത്തെ പ്രഗത്ഭരായ ഷെവ്‌റോൺ ഫിലിപ്‌സ് കെമിക്കൽ കമ്പനി എൽഎൽസിയാണ് ഖത്തർ പെട്രോളിയത്തിന്റെ പങ്കാളി.  ഇതുസംബന്ധിച്ച കരാറിൽ ഖത്തർ പെട്രോളിയം സിഇഒയും ഊർജ മന്ത്രിയുമായ സാദ് ഷെരീദ അൽകാബിയും ഷെവ്രോൺ ഫിലിപ്‌സ് കെമിക്കൽ കമ്പനി സിഇഒ മാർക്ക് ലാഷിയറും ഒപ്പുവെച്ചു. പ്രതിവർഷം 19 ലക്ഷം ടണ്ണിലധികം (എംടിപിഎ) എഥിലീൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈഥൈൻ ക്രാക്കിങ് പ്ലാന്റ്.

നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ഈഥൈൻ‌ ക്രാക്കിങ്ങ് പ്ലാന്റുകളിലൊന്ന് ഖത്തറിന്റെതാകും. ഉയർന്ന സാന്ദ്രതയിലുള്ള 2 പോളി എഥിലീൻ ഉൽപാദന യൂണിറ്റുകളും പുതിയ കോംപ്ലക്‌സിലുണ്ടാകും. 2025 അവസാന പാദത്തോടെ ഖത്തറിന്റെ നിലവിലെ പോളി എഥിലീൻ ഉൽപാദന ശേഷി 82 ശതമാനമാക്കി വർധിപ്പിക്കാനാണ് ലക്ഷ്യമെന്ന് അൽകാബി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. നിലവിൽ പ്രതിവർഷം 2,300 ടൺ പോളി എഥിലീൻ ഉൽപാദനമാണ് രാജ്യത്തിന്റെത്. ഇത് 4,300 ടൺ ആക്കി ഉയർത്തും. നോർത്ത് ഫീൽഡിൽ നിന്നും ഖനനം ചെയ്ത വാതകമാണ് പ്ലാന്റിൽ ക്രാക്കിങ് ചെയ്‌തെടുക്കുന്നത്. പ്രകൃതി വാതകങ്ങളും കൽക്കരിയുമെല്ലാം ഉയർന്ന ഊഷ്മാവിൽ (1,500 ഫാരൻ ഹീറ്റിൽ) ചൂടാക്കി നിശ്ചിത 1000 പിഎസ്‌ഐ മർദത്തിൽ ശുദ്ധീകരിച്ച് സാന്ദ്രത കുറഞ്ഞ രാസസംയുക്തങ്ങളായി വിഘടിക്കുന്ന പ്രക്രിയയാണ് ക്രാക്കിങ്. പെട്രോകെമിക്കൽ കോംപ്ലക്‌സ് സംയുക്ത സംരഭത്തിൽ 70 % ഓഹരി ഖത്തർ പെട്രോളിയത്തിനും 30 % കെമിക്കൽ കമ്പനിക്കുമാണ്.

ഈഥൈൻ ഉൽപാദനത്തിൽ ആഗോള തലത്തിൽ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലൊന്നായി പുതിയ കേന്ദ്രം മാറുമെന്നാണ് വിലയിരുത്തൽ. നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് പുതിയ കോംപ്ലക്‌സ് നിർമാണം. രാജ്യത്തിന്റെ ദ്രവീകൃത പ്രകൃതി വാതകം പ്രതിവർഷം നിലവിലെ 7.7 കോടിയിൽ നിന്നു 11 കോടി ടണ്ണാക്കി ഉയർത്തുകയാണ് വിപുലീകരണ പദ്ധതി ലക്ഷ്യം. എണ്ണ, വാതക മേഖലയുടെ വികസനത്തിലേക്ക് മികച്ച സംഭാവന നൽകാൻ സ്വകാര്യ മേഖലയ്ക്ക് മികച്ച അവസരം പ്രദാനം ചെയ്യുന്നതാണ് പുതിയ പെട്രോകെമിക്കൽ കോംപ്ലക്‌സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com