ADVERTISEMENT

റിയാദ് ∙ മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രിയുടെ നിർദേശപ്രകാരം മുനിസിപ്പൽ കൗൺസിലുകളിലെ വനിതാ അംഗങ്ങളുടെ എണ്ണം 30 ശതമാനമായി ഉയർത്താനുള്ള കരട് നിർദേശം വെറും അഞ്ച് വോട്ടുകളുടെ വ്യത്യാസത്തിൽ സൗദി ശൂറാ കൗൺസിൽ തള്ളി. ഭൂരിപക്ഷത്തിന് 76 വോട്ടുകൾ ആവശ്യമായിരിക്കെ 71 അംഗങ്ങളാണ് ഇതിനെ അനുകൂലിച്ച്  വോട്ട് രേഖപ്പെടുത്തിയത്. അഞ്ച് വോട്ടിന് നിർദേശം അംഗീകരിക്കപ്പെടാതെ പോകുകയായിരുന്നെന്ന് കരട് അവതരിപ്പിച്ച നാല് വനിതാ അംഗങ്ങളിൽ ഒരാളായ നൂറ അൽ മസദ് പറഞ്ഞു.

30 വനിതകൾ അടക്കം 150 അംഗങ്ങളാണ് ശൂറ കൗൺസിലിൽ ഉള്ളത്. ശൂറ കൗൺസിൽ അംഗീകരിക്കുന്ന ഒരു തീരുമാനത്തിന് ചുരുങ്ങിയത് 76 പേരുടെ പിന്തുണയെങ്കിലും വേണം. ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ നിർദേശം പരാജയപ്പെട്ടുവെങ്കിലും ധാരാളം അംഗങ്ങളുടെ പിന്തുണയുണ്ടെന്നതിൽ സന്തോഷമുണ്ടെന്ന് നൂറ പറഞ്ഞു. കൗൺസിൽ നിരസിച്ച ഒരു നിർദേശം രണ്ട് വർഷത്തിന് മുമ്പ് ഇനിയും അവതരിപ്പിക്കാൻ കഴിയില്ലെന്ന തടസം നില നിൽക്കുന്നുണ്ട്. എങ്കിലും ഗ്രാമകാര്യ മന്ത്രാലയം വിഷയത്തിൽ നല്ല സമീപനം കൈക്കൊള്ളുമെന്നതിൽ ശുഭ പ്രതീക്ഷയുണ്ടെന്നും അവർ വ്യക്തമാക്കി. 

എന്തുകൊണ്ടാണ് ഈ  നിർദേശത്തെ ചിലർ എതിർക്കുന്നതെന്ന് അറിയില്ലെന്നും 284 മുനിസിപ്പൽ കൗൺസിലുകളിൽ 10 എണ്ണത്തിൽ മാത്രമാണ് വനിതാ പ്രാതിനിധ്യം ഉള്ളതെന്നും മറ്റൊരംഗം അൽ മഈന പറഞ്ഞു. അതിൽ 19 പേർ തിരഞ്ഞെടുക്കപ്പെട്ടവരും 15 പേരെ  മന്ത്രി നേരിട്ട് നിയമിച്ചവരുമാണ്. നിയമനം നൽകിയ വനിതാ അംഗങ്ങൾ ആകെയുള്ളതിന്റെ ഒരു ശതമാനം മാത്രമാണ് വരിക. അതേസമയം 3,156 പുരുഷ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 1,052 പേരെ നിയമിച്ചതായും അവർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com