ADVERTISEMENT

ദോഹ ∙ ഗതാഗത നിയമലംഘനങ്ങളിൽ തർക്കമുണ്ടെങ്കിൽ ലംഘകന് ഇനി മുതൽ മെട്രാഷ് 2 വഴി പരാതി നൽകാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ- സേവനമായ മെട്രാഷ് 2 വിലാണ് ഗതാഗതവുമായി ബന്ധപ്പെട്ട പുതിയ 2 സേവനങ്ങൾ കൂടി തുടങ്ങിയത്. ഗതാഗത ലംഘനങ്ങളിൽ തർക്കമുണ്ടെങ്കിൽ റജിസ്റ്റർ ചെയ്യാനും ഗതാഗത ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുമുള്ള സേവനങ്ങളാണ് ആരംഭിച്ചത്. നിലവിൽ ഗുരുതരമല്ലാത്ത റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ മെട്രാഷ് 2 വിലുണ്ട്.

ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ ലൈസൻസിങ് വകുപ്പാണ് ഇൻഫർമേഷൻ സിസ്റ്റം ജനറൽ ഡയറക്ടറേറ്റിന്റെ പങ്കാളിത്തത്തിൽ പുതിയ സേവനങ്ങൾ തുടങ്ങിയത്. പൊതുജനങ്ങൾക്ക് ഗതാഗത ലംഘനം, ഡ്രൈവിങ് ലൈസൻസ്, വാഹന നമ്പർ പ്ലേറ്റുകൾ, സാങ്കേതിക പരിശോധന, ഗതാഗത അന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ കഴിഞ്ഞ ദിവസം 234 4444 എന്ന നമ്പറും ആരംഭിച്ചിരുന്നു.

തർക്കപരിഹാരം ഇങ്ങനെ

റജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 14 ദിവസത്തിനുള്ളിൽ ലംഘനം സംബന്ധിച്ചുള്ള തർക്കം റജിസ്റ്റർ ചെയ്യണമെന്ന് ഗതാഗത വകുപ്പിലെ ലംഘന വിഭാഗം ഓഫിസിലെ ലഫ.കേണൽ മുഹമ്മദ് റാബിയ അൽഖുവാരി. റജിസ്റ്റർ ചെയ്ത് 30 ദിവസത്തിനുള്ളിൽ മറുപടി സന്ദേശം എത്തും. അപേക്ഷ ശരിവച്ചാൽ പിഴ റദ്ദാക്കും.

എല്ലാത്തരം ലംഘനങ്ങളും

റഡാർ, നിരീക്ഷണ ക്യാമറകൾ രേഖപ്പെടുത്തുന്നവയും പൊലീസ് ഉദ്യോഗസ്ഥർ നേരിട്ട് റജിസ്റ്റർ ചെയ്യുന്നതുമായ ലംഘനങ്ങളിലും തർക്കമുണ്ടെങ്കിൽ അവ അറിയിക്കാം. ഒരു ലംഘകൻ ഒന്നിലധികം തവണ തർക്കം ഉന്നയിക്കാൻ പാടില്ല. ലംഘനത്തിന് പിഴ അടച്ചിട്ടുണ്ടെങ്കിൽ പിന്നെ തർക്കം പാടില്ല.

ചിത്രങ്ങൾ വേണം

കമ്യൂണിക്കേറ്റ് വിത്ത് അസ് എന്ന ഓപ്ഷൻ വഴിയാണ് ഗതാഗത ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത്. ലംഘനം റിപ്പോർട്ട് ചെയ്യുന്ന വ്യക്തി  ചിത്രങ്ങളും സ്ഥലവും കൃത്യമായി അയയ്ക്കണം. ഏതെങ്കിലും തരത്തിലുള്ള ഗതാഗത ലംഘനം നടക്കുമ്പോൾ സമീപത്ത് പൊലീസ് സാന്നിധ്യമില്ലെങ്കിൽ വ്യക്തികൾക്ക് ചിത്രങ്ങൾ സഹിതം അധികൃതരെ അറിയിക്കാം. ലംഘന വിവരം റജിസ്റ്റർ ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com