ADVERTISEMENT

ദോഹ ∙ ചുട്ടുപൊള്ളുന്ന വെയിലിലും തിളയ്ക്കുന്ന ആവേശമാണ് ദോഹയിൽ ഫുട്‌ബോളും ക്രിക്കറ്റും. വാരാന്ത്യങ്ങളിൽ രാവിലെതന്നെ ദോഹയിലെ ഗ്രൗണ്ടുകളിലും മൈതാനങ്ങളിലുമൊക്കെ ഫോറുകളും സിക്‌സറുകളും പറക്കും. മറുവശത്ത് ഫുട്‌ബോളിന്റെ ഗോൾ വിളികളും.ഫുട്‌ബോളിനൊപ്പം ക്രിക്കറ്റിനും ഖത്തർ സർക്കാർ മികച്ച പിന്തുണ നൽകുന്നുണ്ട്.

സ്വദേശികളും ക്രിക്കറ്റ് ലീഗ് മൽസരങ്ങൾക്കും ടൂർണമെന്റുകൾക്കും മികച്ച സാമ്പത്തിക പിന്തുണ നൽകുന്നുണ്ട്. ഇന്ത്യയുടെ ഐപിഎൽ തിരഞ്ഞെടുപ്പിന് സമാനമായാണു ദോഹയിലെ ക്രിക്കറ്റ് ക്ലബ്ബുകളുടെയും കളിക്കാരുടെയും തിരഞ്ഞെടുപ്പുകൾ. ടൂർണമെന്റുകൾക്കും മറ്റുമായി ഏഷ്യൻ ടൗണിൽ വലിയ ക്രിക്കറ്റ് സ്റ്റേഡിയവുമുണ്ട്. സ്റ്റേഡിയത്തോട് ചേർന്ന് ക്രിക്കറ്റ് പരിശീലന കേന്ദ്രവും.

ക്രിക്കറ്റ് ടീമുകൾ 300

കഴിഞ്ഞ 10 വർഷത്തോളമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ ക്രിക്കറ്റ് ആവേശത്തിന് ദോഹ സാക്ഷിയാണ്. മുന്നൂറിനടുത്ത് ക്രിക്കറ്റ് ടീമുകളാണ് നിലവിലുള്ളത്. ഖത്തർ പ്രീമിയർ ലീഗ്, ക്യുഇസിസി (ഖത്തർ എക്‌സ്പാറ്റ് ക്രിക്കറ്റ് കമ്യൂണിറ്റി), ക്യുഐസിസി (ഖത്തർ ഇന്റർനാഷനൽ ക്രിക്കറ്റ് കമ്യൂണിറ്റി), ബ്ലാസ്‌റ്റേഴ്‌സ്, നെഹാൻ തുടങ്ങി വമ്പൻ ടീമുകളും ധാരാളം. മലയാളികൾ ഉൾപ്പെടെയുള്ളവർ ടീമുകളിൽ സജീവമെന്ന് ബ്ലാസറ്റേഴ്‌സ് ടീം ഓൾ റൗണ്ടർ അലൻ ഡേവിഡ്. ക്യൂഇസിസി, ക്യൂഐസിസി ക്ലബ്ബുകൾക്ക് ഖത്തർ സർക്കാരിന്റെ പിന്തുണയുണ്ട്. ബാങ്ക് തലത്തിലും ക്രിക്കറ്റ് ടീമുകൾ ധാരാളം.

ചൂട് ബൗണ്ടറിയിൽ

വ്യാഴാഴ്ച വൈകിട്ട് മുതൽക്കേ ടീമുകളുടെ പരിശീലനക്കളി തുടങ്ങും. രാത്രി വൈകുവോളം കളി. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ വീണ്ടും ഗ്രൗണ്ടിലേക്ക്. കളിക്കാർക്ക് ആവേശം പകരാൻ സുഹൃദ് സംഘങ്ങളും ചുറ്റിനുമുണ്ടാകും. ചൂട് അസഹനീയമാകുന്നത് വരെ കളി തുടരും. ക്രിക്കറ്റ് സീസൺ ആണെങ്കിൽ വൈകിട്ടും പരിശീലനം തുടരും.

തിരക്കിലേക്ക്

സമ്മർ ലീഗ് മൽസരങ്ങളുടെ തിരക്കിലാണ് ക്യുഇസിസി. ഖത്തർ വേനൽ ആഘോഷത്തിന്റെ ഭാഗമായി ഖത്തർ ദേശീയ ടൂറിസം കൗൺസിലും ക്യു സ്‌പോർട്‌സും ചേർന്ന് നടത്തുന്ന ദോഹ വർക്കേഴ്‌സ് ക്രിക്കറ്റ് കപ്പും ഫൈനലിലേക്ക് എത്തുകയാണ്. ഓഗസ്റ്റ് പകുതിയോടെ അടുത്ത ക്രിക്കറ്റ് സീസൺ തുടങ്ങും. ഏകദിനങ്ങളും ഡിവിഷൻ ലീഗുകളും ടി20 യും ഒക്കെയായി ക്ലബ്ബുകൾക്ക് തിരക്കേറും. റീലീജിയസ് കോപ്ലക്‌സിലെ ഐഡിസിസിയുടെ കീഴിൽ ശാഖകൾ തമ്മിലുള്ള ടൂർണമെന്റുകൾ ഒക്‌ടോബറിലാണ്. ഇക്കഴിഞ്ഞ മേയിലാണ് മന്ത്രാലയങ്ങളുടേയും ഇന്ത്യൻ എംബസിയുടേയും ടീമുകൾ ഉൾപ്പെട്ട ഇൻഡോർ ക്രിക്കറ്റ് ലീഗ് ലുസെയ്‌ലിൽ നടന്നത്.

പ്രദർശനവും

ക്രിക്കറ്റിന്റെ ശക്തിയും ആവേശവും ക്യാമറകണ്ണുകളിലേക്ക് പകർത്താൻ മിടുക്കരായ ഫൊട്ടോഗ്രഫർമാരും ദോഹയിൽ ധാരാളം. ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായി ക്രിക്കറ്റ് ഫൊട്ടോഗ്രഫി പ്രദർശനം കത്താറ പൈതൃക കേന്ദ്രത്തിൽ പുരോഗമിക്കുകയാണ്. കളിക്കാരുടെ പിച്ചിലെ കരുത്ത് ചിത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഖത്തർ ഒളിംപിക്സും സ്‌പോർട്‌സ് മ്യൂസിയവും യൂത്ത് ഹോബീസ് സെന്ററും ചേർന്ന് ഖത്തർ ആസ്ഥാനമായുള്ള ഫൊട്ടോഗ്രഫർമാരിൽ നിന്നു ക്രിക്കറ്റ് ചിത്രങ്ങളും ക്ഷണിച്ചിരുന്നു. 43 ഓളം ചിത്രങ്ങളാണ് ലഭിച്ചത്. ഇതിൽ നിന്ന് ഏറ്റവും മികച്ചതും ജീവൻതുടിക്കുന്നതുമായ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഇന്ത്യൻ സമൂഹത്തിന്റെ ക്രിക്കറ്റ് ആവേശത്തിന്റെ ആഴം അറിയാൻ ഈ ചിത്രങ്ങൾ നോക്കിയാൽ മതി. 18-ാം നമ്പർ കെട്ടിടത്തിലാണ് പ്രദർശനം. രാവിലെ 9 മുതൽ രാത്രി 9 വരെ ഈ മാസം 28 വരെയാണ് പ്രദർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com