ADVERTISEMENT

അബുദാബി ∙ തൊഴിൽ തട്ടിപ്പിനിരയായി 2 മാസം യുഎഇയിൽ ദുരിതത്തിലായ 5 മലയാളികളിൽ 4 പേർ ഇന്നു രാത്രി നാട്ടിലേക്ക് മടങ്ങും. അൽഐനിൽ കഴിഞ്ഞിരുന്ന കൊല്ലം പരവൂർ കലയ്ക്കോട് ചൈത്രത്തിൽ സുബിൻ, പൂതക്കളും സ്വദേശികളായ അഖിൽ, പാറയിൽ വിട്ടിൽ വിഷ്ണു, വർക്കല ഇടവിള വീട്ടിൽ വിനീഷ് വിജയൻ എന്നിവർക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്. അജ്മാനിലുള്ള ഷാനവാസിനെ എത്രയും വേഗം ഇന്ത്യൻ കോൺസുലേറ്റിൽ ഹാജരാക്കണമെന്ന് ഏജന്റിന് എംബസി അന്ത്യശാസനം നൽകി. ഇന്നു രാവിലെ കോൺസുലേറ്റിലെത്തിച്ചാൽ ഇവരോടൊപ്പം രാത്രിയുള്ള വിമാനത്തിൽ ഷാനവാസിനും പോകാനാകും.

വൈകിയാൽ നാളത്തെ വിമാനത്തിൽ കയറ്റിവിടുമെന്ന് ഇന്ത്യൻ എംബസിയിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിതാ പന്ഥ് മനോരമയോടു പറഞ്ഞു. വിദ്യാസമ്പന്നരായ മലയാളികൾ വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരായത് തന്നെ അത്ഭുതപ്പെടുത്തിയതായും അവർ പറഞ്ഞു. മനോരമ പുറത്തുകൊണ്ടുവന്ന വാർത്തയെ തുടർന്നാണു എംബസി യുവാക്കളെ രക്ഷിക്കാൻ നടപടിയെത്തത്. ഷാർജയിൽനിന്നു രാത്രി 12.05ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യയുടെ എഐ 968 വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് തിരിക്കുക. നാളെ പുലർച്ചെ 5.40ന് ഇവർ തിരുവനന്തപുരത്തെത്തും. 4 പേർക്കുമുള്ള വിമാന ടിക്കറ്റ് ഇന്ത്യൻ എംബസിയാണ് നൽകിയത്.

ഷാനവാസിനും ടിക്കറ്റ് നൽകുമെന്നും അറിയിച്ചു. ദുബായിൽ പച്ചക്കറിക്കടയിൽ പാക്കിങ് അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സന്ദർശക വീസയിൽ എത്തിച്ച ഇവർക്ക് 1500 ദിർഹം ശമ്പളവും താമസവും ഭക്ഷണവും വാഗ്ദാനം ചെയ്തിരുന്നെങ്കിലും ജോലി നൽകിയില്ല. പലപ്പോഴും പട്ടിണിയായിരുന്നു. വീസയ്ക്കായി 80,000 രൂപ വീതം കൊല്ലത്തെ ഏജന്റ് ഷഹീർ ഈടാക്കിയതായും ഇവർ പറഞ്ഞു. ഇവരുടെ പാസ്പോർട്ട് പിടിച്ചുവെച്ച് യുഎഇയിലെ ഏജന്റിനോട് ഇത് എത്തിക്കാൻ എംബസി ആവശ്യപ്പെട്ടിരുന്നു. എംബസിയിൽ ചെന്നാൽ പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ഏജന്റ് സുന്ദർ രാത്രി 11ന് പാസ്പോർട്ട് തൊഴിലാളികളെ ഏൽപിക്കുകയും രാവിലെ 6 മണിക്ക് താമസ സ്ഥലത്തുനിന്നും ഇറങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ അൽഐൻ ഇൻകാസ് ജനറൽ സെക്രട്ടറിയും ഇന്ത്യൻ സോഷ്യൽ സെന്റർ (ഐഎസ്‌സി) വൈസ് പ്രസിഡന്റുമായ കെ.വി.ഈസയാണു 4 പേരെയും അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചത്. എംബസിയിൽ എത്തിയ ഇവർക്കു ഡിസിഎം സ്മിതാ പന്ഥ്, കമ്മ്യൂണിറ്റി അഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി പൂജ വെർണേക്കർ, ഗായത്രി എന്നിവർ സഹായം ഉറപ്പുനൽകി. 2 മാസത്തെ ദുരിത ജീവിതത്തിന് അറുതി വരുത്തി നാടിന്റെ സ്നേഹത്തണലിലേക്ക് പോകാൻ വഴിയൊരുക്കിയ മനോരമയ്ക്കും ഇന്ത്യൻ എംബസിക്കും ഇവർ നന്ദി അറിയിച്ചു.

സന്ദർശക വീസയിൽ ജോലി ചെയ്താൽ വൻ പിഴ

സന്ദർശക വീസയിൽ യുഎഇയിൽ ജോലി ചെയ്ത് പിടിക്കപ്പെട്ടാൽ 2007ലെ ഫെഡറൽ നിയമം (7) പ്രകാരം 50,000 ദിർഹമാണ് പിഴ. പിന്നീട് യുഎഇയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തും. സന്ദർശക വീസയിലുള്ളവരെ ജോലിക്കുവയ്ക്കുന്ന സ്ഥാപനം ആളൊന്നിന് 50,000 ദിർഹം പിഴ അടയ്ക്കേണ്ടിവരും. നിയമലംഘനം ആവർത്തിച്ചാൽ പിഴ 1 ലക്ഷം ദിർഹമായി വർധിക്കും. വിദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് നിയമം ലംഘിച്ചതെങ്കിൽ കമ്പനി ഉടമയെ പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തും. സ്വദേശിയുടെ കമ്പനിയാണെങ്കിൽ ഉടമയ്ക്ക് 6 മാസം തടവ് അനുഭവിക്കേണ്ടിവരും. വിസിറ്റ് വീസ ജോലി ചെയ്യാനുള്ളതല്ലെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ വീസയിലുള്ളവർ പ്രത്യേക അനുമതി എടുക്കാതെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും നിയമവിരുദ്ധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com