ADVERTISEMENT

റിയാദ് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലം ഓച്ചിറ ക്ലാപ്പന കുലശേഖരപുരം സ്വദേശി സുനിൽ കുമാർ ഭദ്ര(34)നെ കേരളത്തിലേയ്ക്ക് കൊണ്ടുപോയി. റിയാദ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു പ്രതിയെ കേരളത്തിൽ നിന്ന് വന്ന കൊല്ലം പൊലീസ് കമ്മീഷണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയത്. സൗദി സമയം ചൊവ്വ വൈകിട്ട് 3.45നുള്ള എയർ ഇന്ത്യ എെഎ 924 വിമാനത്തിൽ പുറപ്പെട്ട സംഘം ഇന്ത്യൻ സമയം രാത്രി 11.15ന് കൊച്ചിയിലെത്തും. 

റിയാദ്‌ നാഷനൽ ക്രൈം ബ്യൂറോ ആണ്‌ പ്രതിയെ കണ്ടെത്തി കൈമാറിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിയെ പട്ടികജാതി വിഭാഗത്തിന്റ കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക സംഘത്തിന് കൈമാറും. സിബിഐയുടെ ആവശ്യപ്രകാരം ഇന്റർപോൾ മൂന്നാഴ്ച മുൻപേ സുനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലം ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ അസി. പൊലീസ് കമ്മീഷണർ എം. അനിൽകുമാർ, ഓച്ചിറ സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രകാശ് എന്നിവരാണ് സംഘത്തിലുള്ള മറ്റ് ഉദ്യോഗസ്ഥർ. 

merin-saudi
മെറിൻ ജോസഫ് ഐപിഎസ് റിയാദിൽ ഇന്ത്യൻ സ്ഥാനപതി ഡോ.ഔസാഫ് സയീദിനെ സന്ദർശിച്ചപ്പോൾ.

ദീർഘകാലമായി റിയാദിൽ പ്രവാസിയായ സുനിൽ കുമാർ 2017 ൽ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പട്ടികജാതി വിഭാഗത്തിൽ പെട്ട 13കാരിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. സഹപാഠികൾ വഴി വിവരം അറിഞ്ഞ സ്കൂളിലെ അധ്യാപിക ചൈൽഡ് ലൈനിനെ കാര്യം ധരിപ്പിച്ചു. ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമായി. ഇതോടെ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയും 2017 ജനുവരി ഏഴിന് കൊല്ലം വനിത സെൽ ഇൻസ്പെക്ടർ പെൺകുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. 

കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേയ്‌ക്ക് മാറ്റി പാർപ്പിച്ച ശേഷം കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കി. അന്വേഷണം നടക്കുമ്പോൾ തന്നെ പ്രതി റിയാദിലേയ്ക്ക് മുങ്ങി. സുനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ ഒന്നര വർഷമായി നടന്നുവന്ന ശ്രമങ്ങൾ വിജയം കാണാതായപ്പോഴാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്റർപോൾ പ്രതിയെ പിടികൂടി വിവരം സിബിഐക്ക് കൈമാറി. പരമാവധി 45 ദിവസമാണ് സൗദി പൊലീസിന്‌ പ്രതിയെ കസ്റ്റഡിയിൽ വയ്ക്കാനാകുക. 

ഡോ.മൻമോഹൻസിങ് പ്രധാനമന്ത്രിയായിരിക്കെ  2010ൽ സൗദി സന്ദർശിച്ചപ്പോൾ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കുറ്റവാളികളെ പരസ്പരം കൈമാറാൻ ഉടമ്പടിയുണ്ടാക്കിയിരുന്നു. 2011ൽ ഉടമ്പടി പ്രാബല്യത്തിൽ വന്ന ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ പൊലീസ് ഓഫീസർ  ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇതിനിടെ മെറിൻ ജോസഫ് റിയാദിൽ ഇന്ത്യൻ സ്ഥാനപതി ഡോ.ഔസാഫ് സയീദിനെ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com