ADVERTISEMENT

അബുദാബി ∙ തൊഴിൽ തട്ടിപ്പിനിരയായി നരകയാതന അനുഭവിച്ച 5 മലയാളികൾക്ക് ഇതു രണ്ടാംജന്മം. അൽഐനിൽ കഴിഞ്ഞിരുന്ന പരവൂർ കലയ്ക്കോട് ചൈത്രത്തിൽ സുബിൻ, പൂതക്കളും സ്വദേശികളായ അഖിൽ, പാറയിൽ വിട്ടിൽ വിഷ്ണു, വർക്കല ഇടവിള വീട്ടിൽ വിനീഷ് വിജയൻ  എന്നിവർക്കൊപ്പം അജ്മാനിലുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശി ഷാനവാസിനും നാട്ടിലെത്താൻ കഴിഞ്ഞു. 

ഒരുമിച്ചെത്തിയ 5 പേരിൽ ഷാനവാസ് മാത്രമാണ് അജ്മാനിൽ കുടുങ്ങിയിരുന്നത്. ഏജന്റ് സഹകരിക്കാത്തതിനാൽ പ്രവാസി ഭാരതീയ അവാർഡ് ജേതാവ് അഷ്റഫ് താമരശ്ശേരിയാണ് ഷാനവാസിനെ എംബസിയിൽ എത്തിച്ചത്.

എംബസിയുടെ ശക്തമായ ഇടപെടലും സാമൂഹിക പ്രവർത്തകരുടെ സഹായവും തുണയായപ്പോൾ ഇന്നലെ രാത്രി 12.05ന് ഷാർജയിൽനിന്നുള്ള എയർഇന്ത്യാ വിമാനത്തിൽ പുലർച്ചെ 5.40ന് തിരുവനന്തപുരത്തെത്തി. ദുരിത ജീവിതത്തോട് വിട പറഞ്ഞ സന്തോഷത്തിലായിരുന്നു എല്ലാവരും.

ദുബായിൽ പച്ചക്കറിക്കടയിൽ പായ്ക്കിങ് അസിസ്റ്റൻറായി 1500 ദിർഹം ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്ത് സന്ദർശക വീസയിൽ എത്തിച്ച ഇവരെ തൊഴിൽ നൽകാതെ ഏജൻറ് വഞ്ചിക്കുകയായിരുന്നു. ഒരു മുറിയിൽ 15 പേരോടൊപ്പം പട്ടിണിയിൽ കഴിഞ്ഞിരുന്ന ഇവരുടെ ദുരവസ്ഥ മനോരമയാണ് പുറത്തുകൊണ്ടുവന്നത്. ഇതേതുടർന്ന് അബുദാബി ഇന്ത്യൻ എംബസിയിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിതാ പന്ഥ് നേരിട്ട് ഇടപെട്ടതോടെ നാട്ടിലേക്കുള്ള വഴിയൊരുങ്ങി. 

എംബസിയുടെ ഇടപെടൽ പ്രശംസനീയം

ഇന്ത്യൻ എംബസിയുടെ സമയോചിത ഇടപെടലാണ് ഇത്ര പെട്ടന്ന് മലയാളി യുവാക്കൾക്ക് നാട്ടിലെത്താനായത്. 

എംബസിയുടെ പ്രവൃത്തി സമയം കഴിഞ്ഞിട്ടുകൂടി സ്മിതാ പന്ഥ് സംഭവത്തിൽ ഇടപെടുകയും നടപടി എടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയുമായിരുന്നു. 

അജ്മാനിലുള്ള ഷാനവാസിന് യാത്രയ്ക്ക് മണിക്കൂറുകൾക്ക് മുൻപാട് ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്തത്. 5 പേരെയും നാട്ടിലേക്ക് അയക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നു സ്മിത പന്ഥ് പറഞ്ഞു. 

ഏജൻറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നു വഞ്ചിക്കപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ഇത് രണ്ടാം ജന്മമാണ്. പട്ടിണി കിടന്ന് ഇവിടെ മരിക്കേണ്ടി വരുമോ എന്നായിരുന്നു ഭയം – സുബിൻ

ഉമ്മയെയും ഭാര്യയെയും മക്കളെയും കാണാൻ സാധിക്കുമെന്ന് കരുതിയില്ല. നാട്ടിലെത്തിയാൽ ഏജന്റിനെതിരെ കേസ് കൊടുക്കും – ഷാനവാസ്

ജീവിതത്തിന് പ്രതീക്ഷയുടെ വെട്ടം സമ്മാനിച്ച മനോരമയോ ടും എംബസിയോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ഈ സഹായം ഒരിക്കലും മറക്കില്ല. വഞ്ചിക്കപ്പെടരുതെന്ന് കൂട്ടുകാ രോടും പറയും – വിഷ്ണു, വിനീഷ്, അഖിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com