ADVERTISEMENT

അബുദാബി ∙ ദുബായിൽനിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്ന ഗോ എയർ ബുക്കിങ് ആരംഭിച്ചു. ഈ മാസം 25 മുതൽ ഗോ എയർ വിമാനത്തിൽ നേരിട്ട് കണ്ണൂരിലേക്ക് പറക്കാം. 

ഇതോടെ ദുബായിലും വടക്കൻ എമിറേറ്റിലും ഉള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലക്കാർക്ക് യാത്ര എളുപ്പമാകും. ഇതാദ്യമാണ് ദുബായിൽനിന്ന് ഒരു വിമാനം കണ്ണൂരിലേക്ക് സർവീസ് നടത്തുന്നത്.

നേരത്തെ കോഴിക്കോട്, മംഗലാപുരം  വിമാനത്താവളങ്ങളെയാണ് ഈ ജില്ലക്കാർ ആശ്രയിച്ചിരുന്നത്. ദുബായിൽനിന്ന് നാട്ടിൽ എത്താൻ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ വാഹനത്തിൽ സഞ്ചരിച്ചുവേണമായിരുന്നു പലർക്കും ലക്ഷ്യസ്ഥാനത്തെത്താൻ. 

പുതിയ വിമാന സർവീസ് ആരംഭിക്കുന്നതോടെ മിനിറ്റുകൾക്കകം വീട്ടിലെത്താമെന്നതാണ് കണ്ണൂരുകാരുടെ ആശ്വാസം.

ഗോ എയറിൻറെ കന്നി വിമാനം (ജി8-58) 25ന് വൈകിട്ട് 7.30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാത്രി 10.20ന് ദുബായിലെത്തും. ജലാഭിവാദ്യം നൽകി വിമാനത്തെ വിമാനത്താവള അധികൃതർ സ്വീകരിക്കും. തിരിച്ച് അർധരാത്രി 12.20ന് പുറപ്പെടുന്ന വിമാനം (ജി8-57) രാവിലെ 5.55ന് കണ്ണൂരിൽ എത്തും.

ആദ്യവിമാനത്തിൽ കണ്ണൂരിലേക്കുള്ള യാത്ര ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് യുഎഇയിലെ കണ്ണൂർ നിവാസികൾ. അബുദാബിയിൽനിന്ന് ആദ്യമായി കണ്ണൂരിലേക്ക് വിമാന സർവീസ് നടത്തിയപ്പോൾ ദുബായിൽനിന്ന് സംഘമായി ടിക്കറ്റ് ബുക്ക് ചെയ്ത് അബുദാബിയിലെത്തി യാത്ര ചെയ്താണ് കണ്ണൂരുകാർ ഉത്സവമാക്കിയത്.

ഷാർജ വിമാനത്താവളം: യാത്രക്കാരുടെ എണ്ണം കൂടി

ഷാർജ ∙ ഷാർജ രാജ്യാന്തര വിമാനത്താവളം വഴി ഈ വർഷം ആദ്യപകുതിയിൽ യാത്രചെയ്തത് 66 ലക്ഷം പേർ. കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ 15.25% വർധന. മേഖലയിൽ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നായി ഷാർജ മാറി. ചരക്കുനീക്കത്തിലും വർധനയുണ്ടായി. 7878 ടൺ ചരക്കുകളാണ് കൈകാര്യം ചെയ്തത്. കൂടുതൽ വിമാനക്കമ്പനികൾ ഷാർജയിലേക്കു സർവീസ് ആരംഭിക്കുകയും ചെയ്തു. 

ഇൻഡോറിലേക്ക് പറക്കാം, 40 കിലോ ബാഗേജുമായി

അബുദാബി ∙ ദുബായിൽനിന്ന് ഇൻഡോറിലേക്ക് എയർ ഇന്ത്യാ വിമാന സർവീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം കൊൽക്കത്തയിലേക്കും പുതിയ സർവീസ് ആരംഭിച്ചിരുന്നു.  

പുതുതായി ആരംഭിച്ച സെക്ടറിലേക്ക് 40 കിലോ ബാഗേജ് അലവൻസും അനുവദിച്ചിട്ടുണ്ട്. 7 കിലോ ഹാൻഡ് ബാഗേജിനു  പുറമേയാണിത്. 30ൽ നിന്നാണ് 40 കിലോ ആയി ബാഗേജ് പരിധി ഉയർത്തിയത്. 

കൊൽക്കത്തയിലേക്ക് ആഴ്ചയിൽ നാലും ഇൻഡോറിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളാണുള്ളത്.

ഇന്നലെ വൈകിട്ട് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന  ഉദ്ഘാടന ചടങ്ങിൽ എയർഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അശ്വിനി ലൊഹാനി, റീജനൽ ഡയറക്ടർ മോഹിത് സെയ്ൻ തുടങ്ങി എയർ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥർ എത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com