ADVERTISEMENT

അബുദാബി ∙ ആഗോള പണമിടപാട് ബ്രാൻഡായ യുഎഇ എക്സ്ചേഞ്ചും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കും തമ്മിൽ പണമിടപാടു സംബന്ധമായ ധാരണാപത്രത്തിൽ ഒപ്പു വച്ചു. ഇതോടെ സ്റ്റാൻഡേർഡ് ചാർട്ടേഡിന്റെ കോർപറേറ്റ് ഉപയോക്താക്കൾക്ക് യുഎഇയിലെ ഏഴ് എമിറേറ്റുകളിലുള്ള യുഎഇ എക്സ്ചേഞ്ചിന്റെ 150 ലേറെ ശാഖകൾ വഴി ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാൻ സാധിക്കും. രണ്ടു സ്ഥാപനങ്ങളും തമ്മിലുള്ള നിലവിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ ധാരണ.

ഫിനാബ്ലർ ഹോൾഡിങ്‌സിലെ പ്രമുഖ ബ്രാൻഡായ യുഎഇ എക്സ്ചേഞ്ചുമായുള്ള സ്റ്റാൻഡേർഡ് ചാർട്ടേഡിന്റെ ധാരണ, ക്യാഷ് ഡെപ്പോസിറ്റ് മാനേജുമെന്റിനുള്ള ഫലപ്രദമായ സംവിധാനമാണ്. നൂതനവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ രീതിയിൽ ബാങ്കിന്റെ കോർപറേറ്റ് ഉപയോക്താക്കൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള യുഎഇ എക്സ്ചേഞ്ച് ബ്രാഞ്ചിൽ പണം നിക്ഷേപിക്കാൻ സാധിക്കും. വെർച്യുൽ അക്കൗണ്ട് സൊല്യൂഷൻ ഉപയോഗിക്കുന്നത് വഴി തത്സമയം പണം അക്കൗണ്ടിൽ  ക്രെഡിറ്റ് ആവുകയും ചെയ്യും. ഇതിനകം തന്നെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ അഞ്ച് പ്രമുഖ കോർപറേറ്റ് ഉപയോക്താക്കൾ യുഎഇ എക്സ്ചേഞ്ച് വഴി ഈ പുതു സേവന സംവിധാനം തിരഞ്ഞെടുത്തിട്ടുണ്ട്.

ഏറെക്കാലമായി സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ ഒരു സേവനോഭോക്താവായ തങ്ങൾക്ക് ഇപ്പോൾ ഏറ്റവും വേഗത്തിൽ യുഎഇ എക്സ്ചേഞ്ചിലൂടെ തത്ക്ഷണം പണം നിക്ഷേപിക്കാൻ കഴിയുന്നത് സന്തോഷകരമാണെന്നും ഈ സംവിധാനം തങ്ങളുടെ സെയിൽസ് ടീമംഗങ്ങൾക്ക് ഏറെ സൗകര്യ പ്രദമാണെന്നും ആഗോള ഭക്ഷ്യ കമ്പനികളിലൊന്നായ ബിആർഎഫിന്റെ ട്രഷറി ഹെഡ് ബ്രൂണോ മസെറ പറഞ്ഞു. യുഎഇയിൽ 60 വർഷത്തെ പാരമ്പര്യവും പരിചയവുമുള്ള സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന് തങ്ങളുടെ ഉപയോക്താക്കൾക്കു വേണ്ടി ലോകോത്തര നിലവാരമുള്ള സേവനം ഉറപ്പ് വരുത്തുന്നതിന് യുഎഇ എക്സ്ചേഞ്ചുമായുള്ള ഈ പങ്കാളിത്തം വളരെ പ്രയോജനപ്പെടുമെന്ന് സിഇഒ റോള അബു മനേഹ് പറഞ്ഞു.

UAE-Exchange-and-Standard-Chartered-Bank1

നിരന്തര നവീകരണത്തിലൂടെ കാലോചിതമായ സേവനങ്ങളും ഉത്പന്നങ്ങളും ഏർപ്പെടുത്തുക വഴി പണമിടപാട് രംഗത്ത് തങ്ങൾ ആർജിച്ച യശസ്സിന് ഇണങ്ങുന്ന പങ്കാളിയെന്ന നിലയിൽ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കുമായി രൂപപ്പെട്ട ഈ കരാർ, അവരുടെ കോർപറേറ്റ് ഇടപാടുകാർക്ക് സുതാര്യമായും സുഗമമായും പണമടക്കുന്നതിനും അക്കൗണ്ടിൽ ക്രെഡിറ്റ് ആവുന്നതിനും വഴിയൊരുക്കുകയാണെന്ന് യുഎഇ എക്സ്ചേഞ്ച് - യൂനിമണി സിഇഒ പ്രദീപ് കുമാർ പറഞ്ഞു. ആദ്യമായാണ് ഇങ്ങനെയൊരു സേവനം പരിചയപ്പെടുത്തുന്നത്. കോർപറേറ്റ് ഉപയോക്താക്കൾക്കിടയിൽ ഇത് വലിയ സ്വീകാര്യത നേടും. സർവ്വസജ്ജമായ സാങ്കേതിക സംവിധാനങ്ങളും സ്വന്തമായുള്ള യുഎഇ എക്സ്ചേഞ്ച് കറൻസി വിനിമയത്തിൽ പുലർത്തുന്ന കാര്യക്ഷമതയും കൂടി കണക്കിലെടുക്കുമ്പോൾ സ്റ്റാൻഡേർഡ് ആൻഡ് ചാർട്ടേർഡ് ബാങ്കിന്റെ കോർപറേറ്റ് ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുവാൻ തങ്ങൾക്കു കഴിയുമെന്ന് കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കായേദ് കൂട്ടിച്ചേർത്തു. 

കറൻസി രൂപത്തിൽ പണം കൈകാര്യം ചെയ്യുന്നതും സുരക്ഷിതത്വം ഉറപ്പാക്കുന്നതും വലിയ വെല്ലുവിളിയാകുന്ന കോർപറേറ്റുകൾക്ക് വലിയ ആശ്വാസമാകുന്ന സേവനമാണ് യുഎഇ എക്സ്ചേഞ്ച് നടപ്പാക്കുന്നത്. തങ്ങളുടെ കോർപറേറ്റ് കക്ഷികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നു സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് യുഎഇയുടെ ട്രാൻസാക് ഷൻ ബാങ്കിങ് ഹെഡ് മൊത്താസിൻ ഇക്‌ബാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com