ADVERTISEMENT

മസ്‌കത്ത് ∙ തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ 65,397 പ്രവാസികള്‍ ഒമാന്‍ വിട്ടു. 2018 മേയ് മുതല്‍ 2019 മേയ് വരെയുള്ള കണക്കുകളാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ടത്. സ്വദേശിവത്കരണവും സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ 18.54 ലക്ഷമായിരുന്നു പ്രവാസികള്‍. ഈ വര്‍ഷം 17.87 ലക്ഷമായി കുറഞ്ഞു. ഇക്കാലയളവില്‍ ഒമാനി ജീവനക്കാരുടെ എണ്ണം 25.75 ലക്ഷത്തില്‍ നിന്ന് 26.49 ലക്ഷമായി ഉയര്‍ന്നതും ശ്രദ്ധേയമാണ്.

നിര്‍മാണ മേഖലയിലാണ് പ്രവാസികൾ വലിയ തോതില്‍ കുറഞ്ഞത്. കൃഷി, മത്സ്യബന്ധനം, വനപരിപാലനം എന്നീ മേഖലയിലും പ്രവാസികള്‍ കുറഞ്ഞു. ഖനനം, ക്വാറി, വൈദ്യുതി, ഗ്യാസ്, ഗതാഗതം, സംഭരണം, ധനകാര്യം, ഇൻഷുറന്‍സ് തുടങ്ങിയ മേഖലകളിലും പ്രവാസികള്‍ കുറഞ്ഞു വരുന്നു. അതേസമയം, ഉത്പന്ന നിര്‍മാണം, താമസം, ഭക്ഷ്യസേവനം, ഗതാഗതം, ഭരണ നിര്‍വഹണം, റിയല്‍ എസ്‌റ്റേറ്റ്, ആരോഗ്യം, സാമൂഹിക തൊഴില്‍, പ്രൊഫഷനല്‍, ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലയില്‍ ഒമാനികള്‍ വര്‍ധിച്ചു.

സ്വദേശിവത്കരണം: പ്രവാസികള്‍ ‘കടക്കു പുറത്ത്’

omanisation-labour

ഒരു വര്‍ഷത്തിനിടെ രാജ്യം കണ്ടത് ഏറ്റവും വലിയ സ്വദേശിവത്കരണമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 87 തൊഴില്‍ ഇനങ്ങള്‍ക്ക് വിസാ നിരോധം ഏര്‍പ്പെടുത്തിയത് ഒമാനിവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ആദ്യഘട്ടത്തില്‍ ആറു മാസത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധം പിന്നീട് ദീര്‍ഘിപ്പിച്ചു. ഇപ്പോഴും ഇതുതുടരുന്നു. 2013 മുതല്‍ ആരംഭിച്ച മറ്റു വിസാ നിരോധനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ, രാജ്യത്തെ സ്വകാര്യ മേഖല ഒമാനി തൊഴിലന്വേഷകര്‍ക്ക് 40000 തൊഴില്‍ നല്‍കി. ഈ വര്‍ഷം ജനുവരിക്കും മേയ് മാസത്തിനുമിടയില്‍ 27000 ഒമാനികള്‍ക്ക് കൂടി സ്വകാര്യ മേഖല തൊഴില്‍ നല്‍കിയെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വ്യക്തമാക്കുന്നു.

ആരോഗ്യ മേഖലയിലേക്ക് സ്വദേശികളുടെ കുത്തൊഴുക്ക്

ആരോഗ്യ മേഖലയില്‍ മാത്രം 3,000ത്തോളം വിദേശികള്‍ക്ക് പകരം ഒമാനികളെ നിയമിച്ചു. 2018 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം  മന്ത്രാലയത്തിന് കീഴില്‍ മാത്രം 39,220 പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഇവരില്‍ 71 ശതമാനവും സ്വദേശികളാണ്. 2015 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെ 2,869 വിദേശികള്‍ക്കാണ് ആരോഗ്യ മേഖലയില്‍ തൊഴില്‍ നഷ്ടമായത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണത്തില്‍ 39 ശതമാനവും സ്വദേശികളായിക്കഴിഞ്ഞു. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരില്‍ 64 ശതമാനവും ജനറല്‍ ഡോക്ടര്‍മാരില്‍ 43 ശതമാനവും ദന്ത ഡോക്ടര്‍മാരില്‍ 82 ശതമാനവും സ്വദേശികളാണ്.ഫാര്‍മസിസ്റ്റുകളില്‍ 90 ശതമാനമാണ് സ്വദേശികള്‍. അസി. ഫാര്‍മസിസ്റ്റുകളില്‍ 75 ശതമാനം. നഴ്‌സിംഗ് മേഖലയില്‍ 62 ശതമാനവും മെഡിക്കല്‍ ലബോറട്ടറി ടെക്‌നിഷ്യന്‍സ് വിഭാഗത്തില്‍ 61 ശതമാനവും റേഡിയോളജിസ്റ്റുകളില്‍ 61 ശതമാനവും ഒമാന്‍ പൗരന്‍മാരായിക്കഴിഞ്ഞു.

health-care

പ്രവാസികള്‍ നാട്ടിലേക്ക്; വാടക താഴേക്ക്

പ്രവാസികള്‍ കുറയുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയെ വലിയ തോതില്‍ ബാധിച്ചു. വാടക നിരക്ക് കുറയാന്‍ ഇത് ഇടയാക്കി. താമസ കെട്ടിടങ്ങള്‍ വര്‍ധിക്കുക കൂടി ചെയ്തതോടെ  ഉടമകള്‍ വാടക കുറയ്‌ക്കേണ്ടിവന്നു. തലസ്ഥാനത്തും പരിസരങ്ങളിലും ഉള്‍പ്പടെ വാടക നിരക്കില്‍ വലിയ ഇടിവുണ്ടായി. മബേല, അമിറാത്ത് എന്നിവിടങ്ങളില്‍ 60 ശതമാനം വരെയാണ് വാടക കുറഞ്ഞത്. മവേലയില്‍ ഇത് 40 ശതമാനമാണ്. താമസക്കാരെ കണ്ടെത്താന്‍ കെട്ടിട ഉടമകള്‍ മത്സരിക്കുകയാണ്. എന്നാല്‍, കെട്ടിടങ്ങള്‍ കാലിയായി കടന്നാലും വാടക നിരക്ക് കുറക്കാന്‍ തയാറാകാത്തവരെയും കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com