ADVERTISEMENT

ദോഹ∙ യാത്രക്കാർക്കായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വേനലാഘോഷ പരിപാടികൾക്ക് തുടക്കമായി. ഇനി ഖത്തറിന്റെ ആതിഥേയത്വം ആവോളം അനുഭവിച്ച് യാത്ര ആസ്വാദ്യകരമാക്കാം. എല്ലാ ടെർമിനലുകളിലും വിസ്മയകരമായ വിനോദ, സാംസ്‌കാരിക പരിപാടികളും തൽസമയ പ്രകടനങ്ങളും തയാർ. വേനലാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഖത്തർ ഡ്യൂട്ടി ഫ്രീയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ 60 % ഇളവും ലഭിക്കും. കോൺകോഴ്‌സ് ബിയിലെ ഹെറിട്ടേജ് സോണിൽ യാത്രക്കാർക്ക് ഖത്തറി സംസ്‌കാരവും ആതിഥേയത്വവും കൂടുതൽ അറിയാനുള്ള അവസരമാണുള്ളത്.

പരമ്പരാഗത കൂടാരവും സജ്ജീകരിച്ചിട്ടുണ്ട്. കലിഗ്രഫി, ഹെന്ന ടാറ്റൂസ് തുടങ്ങിയവ ഇവിടെ അടുത്തറിയാം. കുട്ട നെയ്യുന്നവർ, പവിഴാഭരണം നിർമിക്കുന്നവർ തുടങ്ങി പാരമ്പര്യ കൈതൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരെയും കാണാം. തൽസമയ പ്രകടനങ്ങൾ, കുതിര നൃത്തം, ഫുനൂൺ ബഹ്രിയ, ജൽസാത് തരാബ്, ഊദ് വായന തുടങ്ങിയ പൈതൃക കലാപരിപാടികളുമുണ്ടാകും. കോൺകോഴ്‌സ് സിയിൽ കിഡ്‌സ് സോൺ ആണ്. പട്ടം, കടലാസ് വിമാനങ്ങൾ എന്നിവ നിർമിക്കാനുള്ള പരിശീലനം, യോഗ, കുട്ടികൾക്ക് വലിയ ഭിത്തിയിൽ പെയിന്റ് ചെയ്യാനുള്ള അവസരം എന്നിവയെല്ലാമാണുള്ളത്.

ഖത്തർ ദേശീയ ടൂറിസം കൗൺസിൽ, ഖത്തർ എയർവേയ്‌സ്, ഖത്തർ ഡ്യൂട്ടി ഫ്രീ എന്നിവയുമായി സഹകരിച്ചാണ് സമ്മർ ഇൻ ഖത്തർ വേനലാഘോഷം. തിരക്കേറിയ ജൂലൈ-ഓഗസ്റ്റിൽ 70 ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി കടന്നു പോകുമെന്നാണ് വിലയിരുത്തൽ. തുടർ യാത്രയ്ക്കു കാത്തിരിക്കുന്നവർക്ക് മികച്ച അനുഭവമാകും ആഘോഷങ്ങളെന്നു വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ എൻജിനീയർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com