ADVERTISEMENT

പരവൂർ/ദുബായ് ∙ തൊഴിൽ തട്ടിപ്പിനിരയായി വിദേശത്ത് കുടുങ്ങിയ യുവാക്കൾ രണ്ടു മാസത്തെ ദുരിതത്തിനു ശേഷം നാട്ടിലെത്തി. ഭിക്ഷ യാചിച്ചു കിട്ടിയ പണം കൊണ്ട് ജീവൻ നിലനിർത്തേണ്ട അവസ്ഥയിലായിരുന്നു യുവാക്കൾ. കൊല്ലം പരവൂർ കലയ്ക്കോട് ചൈത്രത്തിൽ സുബിൻ, പൂതക്കുളം സ്വദേശികളായ അഖിൽ, പാറയിൽ വീട്ടിൽ വിഷ്ണു, വർക്കല ഇടവിള വീട്ടിൽ വിനീഷ് വിജയൻ എന്നിവർ അൽഐനിലും കരുനാഗപ്പള്ളി സ്വദേശി ഷാനവാസ് അജ്മാനിലുമാണു കുടുങ്ങിയിരുന്നത്. കൊല്ലം ചന്ദനത്തോപ്പിലെ ഏജന്റ് മുഖേനയാണ് 4 പേരും ദുബായിൽ എത്തിയത്. 80000 രൂപ വീതം ഓരോരുത്തരും ഏജന്റിനു നൽകിയതായി പറയുന്നു.

ചെന്നൈയിലെ ഏജന്റ് വഴി ചെന്നൈ എയർപോർട്ട് വഴിയാണ് സുബിൻ ദുബായിൽ എത്തിയത്. 20000 രൂപ കേരളത്തിലെ ഏജന്റിനും, 20000 രൂപ ചെന്നൈയിലെ ഏജന്റിനും 40000 രൂപ ദുബായിലെ ഏജന്റിനുമാണു നൽകിയത്. പാക്കിങ് ഹെൽപർ, ഹോസ്പിറ്റൽ ക്ലീനിങ് എന്നീ വിഭാഗങ്ങളിലേക്ക് ജോലി നൽകാം എന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്. ദുബായിൽ എത്തിയപ്പോൾ കൂട്ടിക്കൊണ്ടു പോകാനും മറ്റും ആരുമില്ലാതെ സ്വയം പണം മുടക്കിയാണ് ഇവർ മുറിയിലെത്തിയത്. പത്ത് ദിവസത്തിനകം പെർമിറ്റ് വീസ എടുത്ത് നൽകാമെന്നാണ് ദുബായിലെ ഏജന്റ് പറഞ്ഞത്. എന്നാൽ ഇവരെ ഒരുമാസം അജ്മാനിലും പിന്നീട് അൽഐനിലും നിർത്തി. ദിവസവും വാഗ്ദാനങ്ങൾ നൽകിയെങ്കിലും ജോലി നൽകിയില്ല എന്നു സുബിൻ പറഞ്ഞു.

subin
നാട്ടിലെത്തിയ സുബിൻ മകനെ ചുംബിക്കുന്നു. ഭാര്യ അഖില സമീപം.

ദുബായിൽ എത്തി ആദ്യത്തെ ഒരാഴ്ച കേരളത്തിലെ ഏജന്റുമായി 4 പേർക്കും ബന്ധപ്പെടാൻ കഴിഞ്ഞു. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഏജന്റിന്റെ ഭാര്യയുമായി കുടുംബാംഗങ്ങൾ ബന്ധപ്പെട്ടപ്പോൾ 2 ദിവസത്തിനകം ജോലി നൽകുമെന്നു പറഞ്ഞിരുന്നു. ഇതിനിടെ 4 പേരുടെയും നാട്ടിലെ ബന്ധുക്കൾ പരവൂർ പൊലീസിൽ പരാതി നൽകി. നാട്ടിൽ നിന്നും ടിക്കറ്റ് അയച്ചു തന്നാൽ വിടാമെന്ന നിലപാടിലായിരുന്നു ഏജന്റ്. സമീപത്തെ പാർക്കിൽ ഭിക്ഷ യാചിച്ചു കിട്ടിയ അഞ്ചോ പത്തോ ദർഹം കൊണ്ടാണ് ജീവൻ നിലനിർത്തിയത് എന്ന് യുവാക്കൾ പറഞ്ഞു.

നാട്ടിൽ നിന്ന് കൂടുംബാംഗങ്ങളും സുഹൃത്തുക്കളും ‘മനോരമ’വാർത്ത കണ്ട പ്രവാസി സംഘങ്ങളും സഹായിച്ചാണ് കുറച്ച് ദിവസം ഭക്ഷണം കഴിച്ചതെന്നും യുവാക്കൾ പറഞ്ഞു. സംഭവം ദുബായ് എംബസിയിൽ അറിഞ്ഞതിനു ശേഷം ഇവരെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ശേഖരിച്ചു. ശേഷം ദുബായിലെ തൊഴിലുടമയിൽ നിന്ന് ഇവരുടെ പാസ്പോർട്ട് എംബസി മുഖേന വാങ്ങി എംബസി തന്നെ ടിക്കറ്റ് എടുത്തു നൽകിയാണ് യുവാക്കൾ നാട്ടിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com