ADVERTISEMENT

ദുബായ് ∙ ഇത് തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും കയ്പുരസം കുടിക്കുന്നവരും രോഗികളും നിരാലംബരും സംഗമിക്കുന്ന കേന്ദ്രം. ബർദുബായ് ക്രീക്കിനോട് ചേർന്നുള്ള ഇൗ 'നിരാശ്രയരുടെ ഇടവഴി'യിൽ കഠിനമായ ചൂട് സഹിച്ച്, ഉഷ്ണക്കാറ്റേറ്റ് ചൂടുകുരുവന്ന് വലഞ്ഞ്, വിയർത്തൊലിക്കുന്നവരെ നിങ്ങൾക്ക് കാണാം. അതേ, ദുബായ് എന്ന കണ്ണഞ്ചിപ്പിക്കുന്ന ലോകത്തെ മറ്റൊരു കാഴ്ച. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നെത്തിയ ഇരുപതോളം പേരാണ് നിലവിൽ ഇവിടെ തമ്പടിച്ചിട്ടുള്ളത്. ഇവരിൽ മൂന്ന് മലയാളികളും ബാക്കിയുള്ളവർ തമിഴ്നാട്, തെലുങ്കാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരുമാണ്. സ്ഥിരമായ വാസ സ്ഥലമില്ലാത്തതിനാൽ പഴകിപ്പറിഞ്ഞ വസ്ത്രങ്ങൾ കുത്തിനിറച്ച ബാഗുകളും ഇവർ കൊണ്ടുനടക്കുന്നു.

ഉടമ മുങ്ങിയതിനാൽ തൊഴിൽനഷ്ടപ്പെട്ടും ആരോഗ്യം നശിച്ചപ്പോൾ ജോലി ഉപേക്ഷിച്ചും തൊഴിലിടത്തെ സമ്മർദം മൂലവുമെല്ലാമാണ് ഇവരിൽ മിക്കവരും ഇവിടെ എത്തിയിട്ടുള്ളത്. രാത്രി തൊട്ടടുത്തുള്ള തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങും. പകലന്തിയോളം ഇൗ 'നിരാശ്രയരുടെ ഇടവഴി' യിലെ നീളൻ സിമന്റ് തിട്ടയില്‍ ഇരിക്കും. കീശ കാലിയായതിനാൽ മിക്കപ്പോഴും പച്ചവെള്ളം കുടിച്ചാണ് കഴിയുന്നത്. തൊട്ടടുത്തെ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ഭക്ഷണമാണ് ഏക ആശ്രയം. അത് എന്നും കിട്ടണമെന്നില്ലെന്ന് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അയ്യപ്പൻ(50) പറയുന്നു.

ഇദ്ദേഹം 14 വർഷമായി യുഎഇയിലെത്തിയിട്ട്. കുടിവെള്ള കമ്പനിയുടെ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. എട്ടു മാസം മുൻപ് ജോലി നഷ്ടപ്പെട്ടു. നാട്ടിൽ ഭാര്യയും വിദ്യാർഥികളായ മൂന്ന് മക്കളുമുണ്ട്. തിരിച്ചുപോയാൽ ഇവരെ വളർത്താൻ പാടാണെന്നതിനാൽ മറ്റൊരു തൊഴിൽ തേടി നിൽക്കുകയാണ്. കൈയിലുള്ള പണമൊക്കെ തീർന്നപ്പോഴാണ് പരിചയക്കാരിലൊരാൾ പറഞ്ഞ് 'നിരാശ്രയരുടെ ഇടവഴി' യിലെത്തിയത്. ഇപ്പോൾ മൂന്ന് മാസത്തോളമായി ഇവിടെ തങ്ങുന്നു. കുളിയും മറ്റുമെല്ലാം തൊട്ടടുത്തെ പൊതു ശുചിമുറിയിൽ നിന്ന് ഒപ്പിക്കുന്നു. ഡ്രൈവിങ് ലൈസൻസ് ഉള്ളതിനാൽ ആരെങ്കിലും തൊഴിൽ തരാതിരിക്കില്ലെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.

തൃശൂർ വടക്കാഞ്ചേരി സ്വദേശി ഇസ്മായീൽ(46) ദുബായിൽ ടാക്സി ഡ്രൈവറായിരുന്നു. മൂന്നു വർഷത്തോളം ജോലി ചെയ്തു. 2005ൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങി. 10 വർഷം നാട്ടിൽ നിന്നു. പെൺമക്കളുടെ വിവാഹം കഴിഞ്ഞപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലാവുകയും അക്കരയാണ് പച്ച എന്ന് മനസിലാവുകയും ചെയ്തു. മറ്റൊന്നും ആലോചിക്കാതെ വീണ്ടും പ്രവാസിയായി. തിരിച്ചുവന്ന് ചില്ലറ ജോലിയുമായി കഴിഞ്ഞുകൂടവെ, രണ്ടു വർഷം മുൻപ് ഭാര്യ അർബുദം ബാധിതയായി. നാട്ടിലേയ്ക്ക് മടങ്ങി ഉള്ളതെല്ലാം ചെലവഴിച്ച് ചികിത്സിച്ചെങ്കിലും അവർ എന്നെന്നേക്കുമായി യാത്രയായി.


മൂന്ന് മാസം മുൻപാണ് സന്ദർശക വീസയിലെത്തിയത്. ഇനി വീസ തീരാൻ 10 ദിവസമേയുള്ളൂ എന്നത് ഇദ്ദേഹത്തെ ആശങ്കയിലാഴ്ത്തുന്നു. അതിനിടയിൽ ഒരു ജോലി കണ്ടെത്തുകയാണ് ലക്ഷ്യം. നാട്ടിലേയ്ക്ക് തിരിച്ചുപോകേണ്ടിവന്നാൽ ജീവിക്കാൻ വേറെ വഴിയില്ലാതാകും. ജോലിയന്വേഷിച്ച് ബർദുബായ് ഭാഗത്തെത്തിയപ്പോഴാണ് ഇത്തരമൊരു 'നിരാശ്രയരുടെ ഇടവഴി' യെക്കുറിച്ച് കേട്ടറിഞ്ഞത്. ബെഡ് സ്പേസിന് പോലും പ്രതിമാസം 500 ദിർഹമെങ്കിലും വേണമായിരുന്നു. ഇപ്പോൾ ഇടവഴിയിലെ കൂട്ടുകാരോടൊപ്പം തുറസ്സായ സ്ഥലത്താണ് രാത്രിയുറക്കം. പൊലീസിനെ ഭയന്നാണ് രാപ്പകലുകൾ കഴിച്ചുകൂട്ടുന്നത്. കൂട്ടത്തിൽ ചിലരെയെല്ലാം സിഎെഡി പിടികൂടി. എങ്കിലും പകരം നിരാലംബരായ പലരും നിത്യേന ഇവിടെ എത്തപ്പെടുന്നു. നാട്ടിലെ കടങ്ങളും പ്രാരാബ്ധങ്ങളുമില്ലായിരുന്നെങ്കിൽ തിരിച്ചുപോയി കൂലിപ്പണി ചെയ്തായിരുന്നെങ്കിലും ജീവിക്കുമായിരുന്നു. പക്ഷേ, അവിടെ ജോലി ചെയ്ത് വീട്ടാവുന്നതിലധികമാണ് കടമെന്ന് ഇസ്മമായിൽ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

dubai-workers-3

നേരത്തെ വർഷങ്ങളോളം പ്രവാസിയായിരുന്ന കോഴിക്കോട് കാക്കൂർ ചേലന്നൂർ സ്വദേശി മൊയ്തീൻ കോയ(57) ഒന്നര മാസം മുൻപ് സന്ദർശക വീസയിലാണ് വീണ്ടുമെത്തിയത്. നേരത്തെ അൽഖൂസിലെ ഒരു ഇലക്ട്രിക് കമ്പനിയിൽ ഹെൽപറായിരുന്നു. ശമ്പളം കിട്ടാത്തപ്പോൾ അവിടെ നിന്ന് നാട്ടിലേയ്ക്ക് മടങ്ങി. നാട്ടിൽ ജീവിതം വഴിമുട്ടിയപ്പോൾ മറ്റൊന്നുമാലോചിക്കാതെ വീണ്ടും വിമാനം കയറി. പലയിടത്തും ജോലി അന്വേഷിച്ച് നടന്നു. കാലിന് വേദനയുള്ളതിനാൽ എല്ലാത്തരം ജോലിയും പറ്റില്ല. ഏതെങ്കിലും കെട്ടിടത്തിൽ നാഥൂറാ (കാവൽക്കാരൻ)യി ജോലി കിട്ടുമോ എന്നാണ് ശ്രമിക്കുന്നത്. നഗരത്തിൽ ജോലി തേടി അലയവേയാണ് ബർദുബായിലെ 'നിരാശ്രയരുടെ ഇടവഴി' യിലെത്തപ്പെട്ടത്. ഇപ്പോൾ പകൽമുഴുവൻ വയ്യാത്ത കാലുമായി ജോലി തേടി നടക്കും. രാത്രി കൂട്ടത്തിലൊരുവനാകും. ഇവിടെയുള്ളവർ നൽകുന്ന സ്നേഹമാണ് ജീവിപ്പിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു: ‘എനിക്ക് ഹിന്ദി നന്നായി സംസാരിക്കാനറിയാം... ആരെങ്കിലും ഒരു ജോലി തന്ന് സഹായിക്കണേ... ഒാഗസ്റ്റ് 25ന് വീസ തീരും. അതിന് മുൻപ് ജോലി ലഭിച്ചില്ലെങ്കില്‍’ –ഇത്രയും പറഞ്ഞപ്പോൾ മൊയ്തീൻ കോയയുടെ കണ്ണുകൾ നിറഞ്ഞു. ഇദ്ദേഹത്തെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ: 050 2597616.

തമിഴ്നാട്ടുകാരായ ബാക്കിയുള്ളവരെല്ലാം ഇത്തരത്തിൽ ഒാരോ പ്രശ്നങ്ങളിൽ കുടുങ്ങി നിരാശ്രയരുടെ ഇടവഴിയിലെത്തിയവരാണ്. തിരുച്ചി സ്വദേശി ഭാസ്കർ(37) മേസ്തിരിപ്പണിക്കാരനായിരുന്നു. കമ്പനി പൂട്ടിയപ്പോൾ മറ്റു തൊഴിൽ തേടി ഇറങ്ങി. ഇപ്പോൾ വീസയുടെ കാര്യവും മറ്റും എന്തായെന്നറിയില്ല. കുറേനാൾ പട്ടിണി കിടന്ന ശേഷമാണ് ഇവിടെയെത്തിയതെന്ന് ഭാസ്കർ പറയുന്നു. എങ്ങനെയങ്കിലും ഒരു ജോലി കണ്ടെത്തണം. അല്ലെങ്കിൽ നാട്ടിലേയ്ക്ക് തിരിച്ചുപോകണം–ഇതാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

dubai-workers-4

മധുരൈ സ്വദേശി ബാലസുബ്രഹ്മണ്യൻ(21) സ്റ്റീൽ കമ്പനിയിൽ സഹായിയായിരുന്നു. ശമ്പളം മാസങ്ങളോളം മുടങ്ങിയപ്പോൾ അവിടെ നിന്ന് പുറത്തുകടന്നു സുഹൃത്ത് പറഞ്ഞ് 'നിരാശ്രയരുടെ ഇടവഴി' യിലെത്തി. എട്ട് മാസത്തെ വീസ ഉണ്ട്. ജോലി കിട്ടിയാൽ പ്രവാസിയായി തുടരും. അല്ലെങ്കിൽ എട്ടു മാസം കഴിഞ്ഞ് തിരിച്ചുപോകും. അതുവരെ എങ്ങനെ കഴിഞ്ഞുകൂടും എന്നതാണ് ഇൗ യുവാവിന്റെ ആശങ്ക.

മധുരൈ സ്വദേശി തന്നെയായ അരവിന്ദനും(36) ദുബായിലെ മറ്റൊരു സ്റ്റീൽ കമ്പനിയിൽ സഹായിയായിരുന്നു. ഒന്നര വർഷം മുൻപ് കമ്പനിയിൽ നിന്ന് ചാടി. പലതരം ജോലികൾ ചെയ്തു. ഒടുവിൽ പണിയില്ലാതായപ്പോൾ നിരാശ്രയരുടെ ഇടവഴിയിൽ തമ്പടിച്ചു. പട്ടിണിയാണ്. പക്ഷേ, എങ്ങനെയെങ്കിലും ജീവിച്ചേ തീരൂ എന്ന് ഇദ്ദേഹം പറയുന്നു. അരവിന്ദന്റെ നാട്ടുകാരൻ തന്നെയായ പോതുരാസ(39) യുടെ കാര്യം പരിതാപകരമാണ്. കലശലായ വയറു വേദന സഹിച്ചാണ് നിരാശ്രയരുടെ ഇടവഴിയിൽ കഴിയുന്നത്. ആശുപത്രിയിൽ പോകാൻ പണമില്ല. ഭക്ഷണം പോലും ഇല്ലാത്തപ്പോൾ എങ്ങനെയാണ് മരുന്നു വാങ്ങിക്കുക എന്നാണ് ചോദ്യം.

സ്റ്റീൽ കമ്പനിയിൽ സഹായിയായിരുന്ന ഇയാൾ ആറ് മാസത്തോളം ശമ്പളം മുടങ്ങിയപ്പോഴാണ് അവിടെ നിന്ന് പുറത്തുചാടിയത്. നാട്ടിൽ വലിയ പ്രാരാബ്ധങ്ങളുണ്ട്. അതോർക്കുമ്പോൾ തിരിച്ചുപോകാനും തോന്നുന്നില്ല. ആരെങ്കിലും ഒരു ജോലി തരുമെന്നാണ് പ്രതീക്ഷയെന്നും അതാണ് വയറുവേദന സഹിച്ചും കാത്തിരിക്കുന്നതെന്ന് പോതുരാസ പറയുന്നു. കടലൂർ സ്വദേശി തങ്കമാരി(36) ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു. ശമ്പളം മാസങ്ങളോളം മുടങ്ങിയപ്പോൾ 9 മാസം മുൻപ് കമ്പനി വിട്ടു. ഇപ്പോൾ എന്തു ചെയ്യണമെന്നറിയാതെ നിരാശ്രയരിലൊരാളായി ഇടവഴിയിൽ.

dubai-workers-2

തെലുങ്കാന സ്വദേശി അൻപ ഭൂമക്(50) ദുബായിലെ സപ്ലൈ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കമ്പനി നഷ്ടത്തിലായി പൂട്ടി ഉടമ പോയപ്പോൾ അവിടെ നിന്ന് പുറത്തുകടന്നു ജോലി തിരഞ്ഞ് നടന്നു. 11 മാസത്തെ വീസ ഉണ്ട്. ആരെങ്കിലും ജോലി നൽകുമെന്ന പ്രതീക്ഷയിലാണ്.

ഇന്ത്യൻ കോൺസുലേറ്റ് അടിയന്തരമായി ഇടപെടണം
വിശപ്പും പട്ടിണിയും സഹിച്ച് തെരുവിലെ നിരാശ്രയരുടെ ഇടവഴിയിൽക്കൂടിയ ഇവരിൽ പലരും രോഗികളാണ്. ചൂടേറ്റ് ദേഹമാകെ കുരുവന്നിരിക്കുന്നു. അതോടൊപ്പം ഭാവിയെക്കുറിച്ചുള്ള ആശങ്ക ഇവരെ വല്ലാതെ അലട്ടുന്നു. ഇവരിൽ ചിലർ ഇന്ത്യൻ കോൺസുലേറ്റിൽ ഇതിനകം പരാതിപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പരാതിപ്പെടുന്നു. പ്രശ്ന പരിഹാരത്തിന് ഇന്ത്യൻ കോൺസുലേറ്റ് അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നു. അതോടൊപ്പം മനസിൽ കാരുണ്യം വറ്റിയിട്ടില്ലാത്തവരുടെ ഒരു കൈ സഹായവും ആവശ്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com