ADVERTISEMENT

ദുബായ് ∙ മാസങ്ങൾക്കുശേഷം പാക്കിസ്ഥാൻ വ്യോമപാത തുറന്നത് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി. വിമാനങ്ങളുടെ യാത്രാദൈർഘ്യം കുറയുമെന്നതാണ് പ്രധാന നേട്ടം. മുഖ്യമായും ഉത്തരേന്ത്യയിലേക്കുള്ള വിമാനങ്ങൾക്കാണ് ഗുണകരമാകുക. സാധാരണ നിലയ്ക്ക് അരമണിക്കൂറോളം കുറവുണ്ടാകും. കാലാവസ്ഥ, വ്യോമപാതയിലെ തിരക്ക് തുടങ്ങിയവയെ ആശ്രയിച്ച് ഇതിൽ മാറ്റമുണ്ടാകാം. ഫെബ്രുവരി 26ന് ബാലാക്കോട്ട് ആക്രമണത്തെ തുടർന്നാണ് പാക്കിസ്ഥാൻ വ്യോമപാത അടച്ചത്. യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള സർവീസുകളെയാണ് ഇതു കൂടുതലും ബാധിച്ചത്.

യൂറോപ്പിലേക്കുള്ള എയർഇന്ത്യ വിമാനങ്ങൾ ഷാർജയിലിറങ്ങി ഇന്ധനം നിറച്ചാണ് പുറപ്പെട്ടിരുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടത് യാത്രാ ദുരിതം ഇരട്ടിയാക്കി. അധികദൂരം പറക്കുന്നതു മൂലമുള്ള ഇന്ധനച്ചെലവ് വിമാനക്കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള വിമാനങ്ങൾക്ക് ഒന്നര മണിക്കൂർ കൂടുതൽ പറക്കേണ്ടിവന്നു. വിയന്നയിൽ ഇറങ്ങി ജീവനക്കാർ മാറുന്നതിനു വേണ്ടിവരുന്ന സമയം കൂടി കണക്കിലെടുക്കുമ്പോൾ 3 മണിക്കൂറിലേറെയാണു നഷ്ടം.  

തിരക്കിൽ  വലഞ്ഞത് ദക്ഷിണേന്ത്യൻ യാത്രക്കാരും

ദക്ഷിണേന്ത്യയിലേക്കുള്ള സർവീസുകൾ പാക്കിസ്ഥാൻ വ്യോമപാതയെ ആശ്രയിക്കുന്നില്ല. ഒമാന്റെയും മുംബൈയുടെയും എയർ ട്രാഫിക് കൺട്രോൾ പരിധിയിലൂടെയാണു യാത്ര. മുംബൈയുടെ പരിധിയിൽ രണ്ടു വ്യോമപാതകളുണ്ട്. തിരക്കും മറ്റു സാഹചര്യങ്ങളും പരിഗണിച്ചാണ് പാത നിശ്ചയിക്കുക. പാക്കിസ്ഥാൻ വ്യോമപാത അടച്ചതോടെ കറാച്ചി എയർ ട്രോഫിക് കൺട്രോൾ പരിധിയിലൂടെ പറക്കേണ്ട  ഉത്തരേന്ത്യൻ സർവീസുകൾക്കു മുംബൈ വഴി പോകേണ്ട സാഹചര്യമുണ്ടായി. അതോടെ ഈ പാതയിൽ തിരക്കുകൂടി. ദൂരവും കൂടുതലാണ്. തിരക്കു കൂടിയത് ദക്ഷിണേന്ത്യൻ സർവീസുകളും വൈകാനിടയാക്കി. ചില സർവീസുകൾ നേരെ ഇറാന്റെ വ്യോമപാതയിലൂടെ പോയിരുന്നു. എന്നാൽ അതു വളരെ കുറവായിരുന്നുവെന്ന് അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com