ADVERTISEMENT

സലാല ∙ ഖരീഫ് സീസണിലെ പ്രധാന ആകര്‍ഷണമായ കോടമഞ്ഞ് സലാലയുടെ സൗന്ദര്യത്തിന് കൂടുതല്‍ മിഴിവേകുന്നു. മലമുകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും കോടമഞ്ഞ് സമയങ്ങളില്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്. സുരക്ഷാ നിര്‍ദേശങ്ങളുമായി അധികൃതരും രംഗത്തുണ്ട്. വരും ദിവസങ്ങളില്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ കോടമഞ്ഞ് ശക്തമാകുമെന്ന് പബ്ലിക് അതോറിറ്റി ഫേര്‍ സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരദേശങ്ങളിലും മലയോരങ്ങളിലും കൂടുതലായി കോടമഞ്ഞുണ്ടാകും.

khareef-season-oman4

റഖ്യൂത് വിലായതിലെ അംബ്രൂഫ്, തഖ വിലായതിലെ അല്‍ ഹഖ്, സലാല, തിതാം, മഫ്‌റഖ് സിക് എന്നിവിടങ്ങളിലാണ് ശക്തമായ കോടമഞ്ഞുണ്ടാകുന്നത്. അതേസമയം, സാഹചര്യം മുതലെടുത്ത് കോടമഞ്ഞ് വെള്ളമാക്കി മാറ്റുന്ന പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം തുടക്കം കുറിച്ചിരിക്കുകയാണ്. മഞ്ഞില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് കൃഷികളും മരങ്ങളും മറ്റും നനക്കാനും ഉപയോഗിക്കും. കഴിഞ്ഞ വര്‍ഷം ഖരീഫ് കാലത്ത് കോടമഞ്ഞ് ശേഖരിച്ച് മൂന്നര ലക്ഷം ഗാലന്‍ വെള്ളം ലഭ്യമാക്കിയിരുന്നു.

khareef-season-oman1

സഞ്ചാരികള്‍ ഒഴുകുന്നു

അതിനിടെ ഖരീഫ് ആസ്വദിക്കാന്‍ സലാലയില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ജൂലൈ 14നകം 68,165 സഞ്ചാരികള്‍ ദോഫാര്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിച്ചതായി നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കി. സഞ്ചാരികളില്‍ 34,600 പേര്‍ ഒമാനികളാണ്.

khareef-season-oman

രണ്ടാം സ്ഥാനത്ത് യുഎഇ പൗരന്‍മാരാണ്, 4,670 പേര്‍. 1,105 പേര്‍ സൗദിയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് 617ഉം സഞ്ചാരികള്‍ സലാല സന്ദർശിച്ചു. ജൂണ്‍ 21 മുതലാണ് സഞ്ചാരികളുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്. സെപ്തംബര്‍ 21 വരെയാണ് ഔദ്യോഗികമായി ഖരീഫ് സീസണായി കണക്കാക്കുന്നത്.

സഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം ഫെസ്റ്റിവല്‍

khareef-season-oman3

ഖരീഫ് കാലത്ത് നഗരസഭയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ടൂറിസം ഫെസ്റ്റിവല്‍ ഇത്തവണ കൂടുതല്‍ വ്യത്യസ്തതയോടെയാണ് ഒരുക്കിയിരിക്കുന്നത്. ഇത്തീനിലെ റിക്രിയേഷന്‍ സെന്ററില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ കലാസാംസ്‌കാരിക പരിപാടികളും വിപണന മേളയുമുള്‍പ്പടെ തിരക്കൊഴിയാത്ത നാളുകളാണിപ്പോള്‍. രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കകയെന്ന ലക്ഷ്യമാണ് ഫെസ്റ്റിവലിന് പിന്നില്‍.

khareef-season-oman5

വിവിധ വിലായത്തുകളിലെ കലാലകാരന്‍മാര്‍ മാറ്റുരക്കുന്ന പരമ്പരാഗത കലാരൂപങ്ങളുടെ മത്സരം ശ്രദ്ധേയമാണ്. മഴ പൊഴിയും കാലത്തെ കണ്ണഞ്ചിപ്പിക്കുന്ന പച്ചപ്പും കുളിരുമാസ്വദിക്കാനെത്തുന്ന സഞ്ചാരികളെ ടൂറിസം ഫെസ്റ്റിവല്‍ കൂടി ആകര്‍ഷിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഒാഗസ്റ്റ് 22 വരെ ഫെസ്റ്റിവല്‍ നീണ്ടു നില്‍ക്കും.

khareef-season-oman6
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com