ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തും ഇറാഖും തമ്മിൽ വ്യാപാര ബന്ധം വർധിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് കുവൈത്ത് വാണിജ്യ-വ്യവസായ, സേവനകാര്യ മന്ത്രി ഖാലിദ് അൽ റൗദാൻ. ഇറാഖിലെ ബസ്രയിൽ സഫ്‌വാൻ അൽ അബ്‌ദലി തുറമുഖം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അടുത്തിടെ നടത്തിയ ഇറാഖ് സന്ദർശനത്തെ തുടർന്ന് ബന്ധം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ബസ്ര സന്ദർശനം. സഫ്‌വാൻ തുറമുഖ വികസനം ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും. വ്യാപാര വിനിമയത്തിനുള്ള  തടസ്സങ്ങളും ഇല്ലാതാക്കും.

അതിനാവശ്യമായ നടപടികൾ ഇരുരാജ്യങ്ങളും ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കുവൈത്തും ഇറാഖും 4 സം‌യുക്ത കർമസമിതികൾ രൂപീകരിച്ചു. അതിർത്തി തുറമുഖ പുനരുദ്ധാരണം, പ്രവേശന നടപടികൾ ലളിതമാക്കൽ, റെയിൽ നിർമാണം, സ്വതന്ത്ര വ്യാപാര മേഖല നിർമാണം എന്നിവയ്ക്കാണ് സമിതികൾ. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതു വഴി ഇരു രാജ്യങ്ങളിലും സാമ്പത്തിക വളർച്ച സാധ്യമാകുമെന്നും അൽ റൗദാൻ പറഞ്ഞു. വ്യാപാര ബന്ധത്തിന്റെ വളർച്ച സഫ്‌വാൻ തുറമുഖത്ത് നിന്ന് ആരംഭിക്കുമെന്ന് ഇറാഖ് വാണിജ്യ-വ്യവസായമന്ത്രി ഡോ.മുഹമ്മദ് അൽ അനി പറഞ്ഞു. പുതിയ രാഷ്ട്രീയ, വാണിജ്യ,സാമ്പത്തിക ദിശയിലേക്കാണ് ഇരുരാജ്യങ്ങളും ചുവടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com