ADVERTISEMENT

അബുദാബി ∙ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ലിവ ഈന്തപ്പഴ ഉത്സവത്തിന് അൽദഫ്റയിൽ തുടക്കമായി. നഗരത്തില്‍നിന്നും 150 കിലോമീറ്റര്‍ അകലെ ആരംഭിച്ച മേളയ്ക്ക് കൊടും ചൂടിനെ അവഗണിച്ചും നൂറുകണക്കിന് പേരാണ് എത്തുന്നത്. സ്വദേശി കര്‍ഷകരെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നടക്കുന്ന വാര്‍ഷിക വിളവെടുപ്പ് ഉല്‍സവം കര്‍ഷകരുടെ മികവ് പ്രകടിപ്പിക്കാനുള്ള വേദി കൂടിയാണ്.

മുന്തിയ ഇനം മുതൽ സാധാരണ ഈന്തപ്പഴം വരെ പ്രദർശനത്തിന്‍റെ ഭാഗമായി അണിനിരന്നു. ഖലാസ്, ബൂമാൻ, ഖനേസി, ദബ്ബാസ്, ഷിഷി എന്നീ ഈന്തപ്പഴങ്ങൾക്ക് പുറമെ റുതാബ് എന്നു വിളിക്കുന്ന പാതി പഴുത്ത ഈന്തപ്പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഈന്തപ്പനയോലകൊണ്ട് ഉണ്ടാക്കിയ പായ, വിശറി, പാത്രങ്ങൾ, ഈന്തപ്പനയുടെ തണ്ടുകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങൾ, വിളക്ക് കാലുകൾ, മേശകൾ, പണപ്പെട്ടികൾ, കരകൗശല വസ്തുക്കൾ എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിച്ചു.

ഈന്തപ്പഴ അച്ചാർ, ഈന്തപ്പഴം ഉപ്പിലിട്ടത്, ഈന്തപ്പഴംകൊണ്ടുള്ള ജ്യൂസ്, വിനാഗിരി, ഹൽവ, ജാം തുടങ്ങി നിരവധി ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.  27 വരെ നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തോടനുബന്ധിച്ച് നാടന്‍ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. മല്‍സര വിജയികളെ കാത്തിരിക്കുന്നത് വിലപ്പെട്ട സമ്മാനങ്ങളും. ഏറ്റവും വലിയ ഈന്തപ്പഴ ക്കുല വിളയിച്ച കര്‍ഷകനെയും മാതൃകാ ഫാമിനെയും തിരഞ്ഞെടുത്ത് ആദരിക്കും. 10 ലക്ഷം ദിർഹമിന്‍റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

എമിറേറ്റിന്‍റെ സമ്പദ് സമൃദ്ധിയുടെ പ്രതീകമായ ലിവ ഈന്തപ്പഴോത്സവം കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താനും ആശയങ്ങള്‍ കൈമാറാനുള്ള വേദികൂടിയാണ്. ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാകര്‍തൃത്വത്തിലാണ് പതിനഞ്ചാമത് ലിവ ഈന്തപ്പഴോത്സവം അരങ്ങേറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com