ADVERTISEMENT

അബുദാബി/അൽഐൻ ∙ വീസ റാക്കറ്റിന്‍റെ കെണിയിൽപ്പെട്ട് 9 മലയാളികൾ കൂടി യുഎഇയിൽ  കുടുങ്ങി. കോഴിക്കോട് സ്വദേശികളായ റഫീഖ്, ഐനാസ്, മണ്ണാർക്കാട് സ്വദേശികളായ നൗഫൽ, അസ്ഹറലി, എടപ്പാൾ സ്വദേശി ഫാസിൽ എന്നിവർ അൽഐനിലും പ്രവീൺ കുറ്റിപ്പുറം, അർഷൽ കൊണ്ടോട്ടി, അസീസ് മണ്ണാർക്കാട് എന്നിവർ അജ്മാനിലുമാണ് കുടുങ്ങിയത്.   കൊല്ലം സ്വദേശി വിശാഖ് ബന്ധുക്കളുടെ അടുത്ത് അഭയംതേടി. 15 ദിവസത്തിനകം വീസ എന്നു പ്രചരിച്ച വാട്ട്സാപ്പിൽ നമ്പറിൽ ബന്ധപ്പെട്ടാണ് ഇവർ തട്ടിപ്പിന് ഇരയായത്. വാട്ട്സാപ്പിലൂടെ മാത്രമാണ് ഏജന്‍റുമായുള്ള ബന്ധം.

കൊപ്പം സ്വദേശിയാണെന്നും വളാഞ്ചേരിയിലെയും മണ്ണാർക്കാട്ടെയും ട്രാവൽസുമായി ബന്ധമുണ്ടെന്നും പറഞ്ഞ് ധരിപ്പിച്ചിരുന്നു. അയാൾ നൽകിയ അക്കൗണ്ടിലേക്കാണ് ഇവർ പണം അയച്ചത്. അജ്മാനിലെ അൽഹൂത്ത് സൂപ്പർമാർക്കറ്റിൽ 1300 ദിർഹം ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്ത് കൊപ്പം സ്വദേശി ഷഫീഖാണ് ഇവരെ റിക്രൂട്ട് ചെയ്തത്. ഓരോരുത്തരിൽനിന്നും 70,000 രൂപ വീസയ്ക്കായി ഈടാക്കി. കമ്പനി പ്രതിനിധി വന്ന് കൂട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞ് അബുദാബിയിലേക്ക് സന്ദർശക വീസയിൽ എത്തിച്ചെങ്കിലും ലോക്കൽ ഏജന്‍റ് ആലപ്പുഴ സ്വദേശി ഷമീറാണ് കൂട്ടാൻ എത്തിയതെന്ന് ഇവർ പറഞ്ഞു. 9 പേരിൽ 4 പേരെ അജ്മാനിലും 5 പേരെ അൽഐനിലും എത്തിക്കുകയായിരുന്നു.

ജോലിയെക്കുറിച്ച് ചോദിച്ചപ്പോൾ കമ്പനി പ്രതിനിധി പൊലീസിന്റെ പിടിയിലാണെന്നും മറ്റെവിടെയെങ്കിലും ജോലി നോക്കാമെന്നുമായിരുന്നു മറുപടിയെന്ന് ഫാസിൽ പറഞ്ഞു. വീട്ടിലെ പ്രാരാബ്ധംമൂലം കടംവാങ്ങിയും മറ്റുമാണ് വീസയ്ക്ക്  പണംനൽകിയത്. അയനാസ് നാട്ടിലെ ഏജന്‍റിന് 30,000 രൂപയാണ് കൊടുത്തത്. ബാക്കിയുള്ള 2100 ദിർഹം ഇവിടത്തെ ഏജന്‍റിന് എയർപോർട്ടിൽ ഇറങ്ങിയ ഉടനെ ഷമീറിന് കൊടുത്തിരുന്നു. ബന്ധുക്കൾ ഇടപെട്ട് പണം തിരികെ ചോദിച്ചതനുസരിച്ച് ഇന്നലെ അയനാസിന് 2000 ദിർഹം തിരികെ ലഭിച്ചു.

നാട്ടിലേക്ക് തിരിച്ചുപോകാനാണ് തീരുമാനമെന്ന് റഫീഖ് പറഞ്ഞു. അജ്മാനിൽ കഴിയുന്ന പ്രവീണും സുഹൃത്തുക്കളും എന്തെങ്കിലും ജോലി ശരിയാവും എന്ന പ്രതീക്ഷയിലാണ്. കൊല്ലം സ്വദേശി വിശാഖിനെ ബന്ധക്കുൾ എത്തി കൂട്ടിക്കൊണ്ടുപോയി. തട്ടിപ്പിന് ഇരയായവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം നൽകുമെന്ന് അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്‍റർ വൈസ് പ്രസിഡന്‍റും ഇൻകാസ് ജനറൽ സെക്രട്ടറിയുമായ കെ.വി ഈസ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com