ADVERTISEMENT

ദുബായ് ∙ കൊടുംചൂടിൽ ഇന്ത്യയിലെയും ഒമാനിലെയും ഇളനീരുകളെ കടത്തിവെട്ടി ശ്രീലങ്കയിൽനിന്നുള്ള ഇളനീരുകൾ വിപണി കീഴടക്കുന്നു. മധുരത്തിലും രുചിയിലും ശ്രീലങ്കൻ ഇളനീരുകളാണു മുന്നിലെന്ന് മലയാളികളടക്കമുള്ളവർ പറയുന്നു. 5 ദിർഹമാണ് ഒന്നിന്റെ വില. എല്ലാ സീസണിലും ശ്രീലങ്കയിൽ നിന്നു ഇളനീരും കപ്പയും എത്തും. ചൂടുകാലമായതോടെ ഇളനീരിന് ആവശ്യക്കാർ കൂടി.

കരിക്കുവെട്ടി സ്ട്രോയിട്ടു നൽകും. യാത്രപോകുന്നവർ കരിക്കിൻവെള്ളം കുപ്പിയിലാക്കി കൊണ്ടുപോകുന്ന ശീലവും തുടങ്ങി. കരിക്കു കുടിക്കുന്നത് എല്ലാനാട്ടുകാർക്കും ഇഷ്ടമാണെങ്കിലും മലയാളികളും സ്വദേശികളുമാണ് മുന്നിൽ. ചെന്തെങ്ങിനോടാണ് പൊതുവേ പ്രതിപത്തി. ഒക്ടോബർ വരെ കച്ചവടം ഇതേരീതിയിൽ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. അതേസമയം, ഇന്ത്യയിൽ നിന്നും ഒമാനിൽ നിന്നുമുള്ള കരിക്കു വരവ് വളരെ കുറഞ്ഞതായി വാട്ടർ ഫ്രണ്ട് മാർക്കറ്റിലെ കച്ചവടക്കാരനായ മലപ്പുറം സ്വദേശി സൽമാൻ പറഞ്ഞു.

സംശുദ്ധം, ടെൻഷൻ  ഫ്രീ

∙ കൃത്രിമ പാനീയങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നതാണ് ഇളനീരിന്റെ ഏറ്റവും വലിയ നേട്ടം.

∙ രാവിലെ കരിക്കിൻ വെള്ളമോ നാളികേരത്തിന്റെ വെള്ളമോ കുടിക്കുന്നത് മാനസിക സമ്മർദം കുറയ്ക്കും.

∙ മൂത്രസംബന്ധമായ അസുഖമുള്ളവർക്ക് നല്ലതാണ്. ശരീരഭാരം കുറയാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.

∙ തൈറോയ്ഡിന്റെ പ്രവർത്തനം ത്വരിതപ്പെടുത്താൻ മികച്ചതാണെന്നാണെന്നും വിദഗ്ധർ പറയുന്നു.

വിഭവങ്ങളിലും ഇളനീരിന് തലപ്പൊക്കം

tender1

ഇളനീർ സുലഭമായതോടെ ഇതുകൊണ്ടുള്ള വിഭവങ്ങൾ പരീക്ഷിക്കുന്നവരുടെ എണ്ണം കൂടി. ഇളനീർ ജ്യൂസ് ആണ് ഏവരുടെയും പ്രിയപ്പെട്ട പാനീയം. ഇളനീർ വെള്ളവും കാമ്പും അൽപം ഏലക്കയും പഞ്ചസാരയും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചാൽ ജ്യൂസ് ആയി. ഇതിൽ ഈന്തപ്പഴവും ബദാമും ചേർത്താൽ രുചിയും ഗുണവും കൂടും. ഇളനീർ, പാൽ, പഞ്ചസാര, കോൺഫ്ലോർ, കശുവണ്ടി, നെയ്യ്, ഏലക്കാപ്പൊടി എന്നിവ ചേർത്തുണ്ടാക്കുന്ന പായസം വിഐപി വിഭവമായിക്കഴിഞ്ഞു. ഓണക്കാലത്ത് പല ഹോട്ടലുകളിലും ഇതു സ്പെഷൽ വിഭവമാണ്. ഇളനീരിന്റെ കാമ്പ്, കണ്ടൻസ്ഡ് മിൽക്ക്, തേങ്ങാ ചിരകിയത്, പാൽ എന്നിവ ചേർത്തുണ്ടാക്കുന്ന പുഡ്ഡിങ്ങിനും ആരാധകരേറെയാണ്. ഇളനീർ ഐസ്ക്രീമും തരംഗമാകുകയാണ്.

കപ്പയ്ക്കും ലങ്കൻ ‘ശ്രീ’

tapioca
വിപണിയിലെത്തിയ ശ്രീലങ്കൻ കപ്പ.

രുചിയേറിയ ശ്രീലങ്കൻ കപ്പയ്ക്കും ആവശ്യക്കാർ ഏറെയാണ്. കപ്പ വാങ്ങുന്നതിൽ മലയാളികളും ആഫ്രിക്കക്കാരുമാണ് മുന്നിൽ. കിലോയ്ക്ക് 5 ദിർഹമായിരുന്നു ഇന്നലെ വാട്ടർഫ്രണ്ട് മാർക്കറ്റിലെ വില. ഇന്ത്യ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും കപ്പവരുന്നുണ്ടെങ്കിലും ശ്രീലങ്കൻ കപ്പയുടെ മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് കച്ചവടക്കാർ പറയുന്നു. നന്നായി വേവുന്നതും കേട് കുറഞ്ഞതുമാണ് ശ്രീലങ്കൻ കപ്പ. പുഴുക്ക് ഉണ്ടാക്കാനും നല്ലതാണ്. ലേബർ ക്യാംപുകളിൽ നിന്നു വരുന്നവർ ചാക്കുകണക്കിനു കപ്പയാണ് വാങ്ങുന്നത്. ചേമ്പ്, മധുക്കിഴങ്ങ് എന്നിവയും ശ്രീലങ്കയിൽ നിന്നു ധാരാളമെത്തുന്നുണ്ട്. കേരളത്തിൽ നിന്നുള്ള ചേമ്പിനേക്കാൾ മാർദവമുണ്ടെന്നു മലയാളികൾ പോലും സമ്മതിക്കുന്നു. മധുരക്കിഴങ്ങിനും ആവശ്യക്കാരേറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com