ADVERTISEMENT

ദോഹ ∙ ആടിയും പാടിയും ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ആഘോഷമേളം. ഖത്തർ ദേശീയ ടൂറിസം കൗൺസിലിന്റെ വേനലാഘോഷത്തിൽ കഴിഞ്ഞ ദിവസം മുതലാണു ഹമദ് രാജ്യാന്തര വിമാനത്താവളവും സജീവമായത്. പരമ്പരാഗത കൈത്തൊഴിൽ മുതൽ ഹെന്ന ടാറ്റൂസ് വരെ യാത്രക്കാർക്കു പരിചയപ്പെടാം. വേനലാഘോഷത്തിന്റെ ആദ്യ ദിനം മുതൽക്കേ പരിപാടികളിൽ പങ്കെടുക്കാനും കാണാനും എത്തുന്ന യാത്രക്കാരുടെ തിരക്കേറുന്നു. വിമാനത്തിനു കാത്തിരിക്കുന്ന യാത്രക്കാർക്ക് ആസ്വാദ്യകരമായി സമയം ചെലവഴിക്കാം.

വിസ്മയങ്ങൾ ഒളിപ്പിക്കുന്ന രസകരമായ പരിപാടികളും കുട്ടികൾക്കായി നടക്കുന്നുണ്ട്. പെയിന്റ് ചെയ്യാനും പട്ടങ്ങളും കടലാസ് വിമാനങ്ങളും നിർമിക്കാനും കിഡ്‌സ് സോണിൽ കുട്ടി യാത്രക്കാരുടെ എണ്ണം വർധിച്ചു. ഹെറിറ്റേജ് സോണിലെ പരമ്പരാഗത കൂടാരത്തിൽ ഊദ് വായനക്കാരും നെയ്ത്ത്, ആഭരണനിർമാണം തുടങ്ങിയ കൈത്തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരും യാത്രക്കാർക്ക് കൗതുകമാണ്. പൈതൃക സംഗീതവും നാടൻ പാട്ടുകളുമൊക്കെയാണ് ഇവിടെ.

ആധുനിക ഖത്തറിന്റെ പൂർവിക ജീവിതത്തിന്റെ സ്മരണ ഉയർത്തുന്ന സാംസ്‌കാരിക പരിപാടികളും നടക്കുന്നുണ്ട്. അറബിക് കാലിഗ്രഫി കാണാനും അറിയാനും ഇതുവഴി കടന്നു പോകുന്ന യാത്രക്കാരും ഒട്ടേറെയാണ്. കുട്ടികൾക്കുള്ള യോഗാ പരിശീലന സെക്‌ഷനിലും കാര്യമായ തിരക്കുണ്ട്. വലിയ ഭിത്തിയിൽ മനസ്സിൽ വിരിയുന്ന ഭാവനകൾ കോറിയിടാൻ എത്തുന്ന കുട്ടികളാണു കൂടുതലും. ഓഗസ്റ്റ് 16 വരെയാണു വേനലാഘോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com