ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ തൊഴിൽ തേടുന്ന ഇന്ത്യക്കാർ റിക്രൂട്മെന്റിന്റെ  സാധുത ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി. മുൻ‌കരുതൽ എടുക്കാത്തവരാണ് കുവൈത്തിൽ തൊഴിൽതട്ടിപ്പിന് ഇരയാകുന്നവരിൽ അധികവുമെന്ന് ഇന്ത്യൻ എംബസി ലേബർ വിഭാഗം സെക്കൻഡ് സെക്രട്ടറി യു.എസ്.സിബി പറഞ്ഞു. റിക്രൂട്മെൻ‌റ് അഴിമതി സംബന്ധിച്ച് ഈ വർഷം 14 ഇന്ത്യൻ റിക്രൂട്മെന്റ് സ്ഥാപനങ്ങളെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. വ്യാജ ഓഫർ ലെറ്റർ വരെ ഉപയോഗിച്ച് വീസ തട്ടിപ്പ് നടത്തുകയായിരുന്നു അവർ.

കരാറിൽ പറയുന്ന തൊഴിൽ ലഭിക്കാത്തവരോ മറ്റു തൊഴിലുകൾ ചെയ്യാൻ  നിർബന്ധിക്കപ്പെടുന്നവരോ ആണ് പരാതിയുമായി എത്തിയവർ. പരാതി കൈകാര്യം ചെയ്യുന്നതിന് എംബസി 2 മാർഗങ്ങളാണ് അവലംബിക്കുന്നത്. സ്പോൺസറുമായി ബന്ധപ്പെട്ട് പാസ്പോർട്ട് തിരികെ വാങ്ങിക്കൊടുത്ത് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുക എന്നതാണ് ഒരുവഴി. പരാതിക്കാരന് സാമൂഹിക-തൊഴിൽ മന്ത്രാലയത്തെ സമീപിക്കുന്നതിന് ദ്വിഭാഷിയായി എംബസി ജീവനക്കാരനെ ഏർപ്പാട് ചെയ്യുന്നുവെന്നതാണ് രണ്ടാമത്തെ നടപടി.

ഏജൻസി

റിക്രൂട് ചെയ്യുന്ന ഏജൻസിയെക്കുറിച്ച് കൃത്യമായ വിവരം മനസ്സിലാക്കുക എന്നതാണ് പ്രഥമകാര്യം. ഇന്ത്യൻ വിദേശകാര്യമന്ത്രാ‍ലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് നൽകിയ സർട്ടിഫിക്കറ്റ് ഏജൻസിക്കുണ്ടോ എന്ന് ഉറപ്പുവരുത്തണം. സർട്ടിഫിക്കറ്റിൻ‌റെ സാധുതയും ഉറപ്പാക്കണം. കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ചും തട്ടിപ്പ് നടത്തുന്നവരുണ്ട്.

തൊഴിൽദാതാവ്

വിദേശത്തെ തൊഴിൽദാതാവ് നൽകിയ പവർ ഓഫ് അറ്റോർണിയും സ്പോൺസറും റിക്രൂടിങ് ഏജന്റും തമ്മിലുള്ള കരാർ രേഖയും ആവശ്യപ്പെടണം. തൊഴിൽ കരാറിലെ ശമ്പളം, സേവന നിബന്ധനകൾ എന്നിവ കൃത്യമായി മനസിലാക്കണം.

വിലക്ക്

എമിഗ്രേഷൻ ചെക്കിങ് ആവശ്യമുള്ള വിഭാഗത്തിൽ ഉൾപ്പെട്ട 30ൽ താഴെ പ്രായമുള്ള വനിതകൾക്ക് ആയ, ഗാർഹികതൊഴിലാളി, ബ്യൂട്ടിഷ്യൻ, ഡാൻസർ, സ്റ്റേജ് ആർടിസ്റ്റ് തുടങ്ങിയ ജോലികൾക്ക് വരുന്നതിന് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കില്ല.

പരാതി

വീസ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സാധുത അറിയാൻ കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: labour@indembkwt.org, attachelabour@indembkwt.org

അറബിക്കിൽ വരും, തട്ടിപ്പ്

തൊഴിൽ കരാർ രേഖ അറബിക് ഭാഷയിലാ‍കും. പേര് മാത്രമാണ് ഇംഗ്ലിഷിൽ രേഖപ്പെടുത്തുക. ഈ സംവിധാനമാണ് വ്യാജ വീസയ്ക്ക് പിന്നിലുള്ളവർ പ്രയോജനപ്പെടുത്തുന്നത്.
ഇന്ത്യയിൽനിന്ന് ഈയിടെ  പരിശോധനയ്ക്കായി എംബസിയിൽ ലഭിച്ച ഇ-മെയിൽ വീസത്തട്ടിപ്പിന്റെ വികൃതമുഖം അനാവരണം ചെയ്യുന്നതായിരുന്നുവെന്ന് സിബി പറഞ്ഞു. അറബിയിൽ എഴുതിയ തൊഴിൽ കരാറിൽ ആളുടെ പേര് മാത്രം ഇംഗ്ലീഷിലുണ്ട്. മറ്റുള്ളതൊക്കെ കുറേ അറബിക് അക്ഷരങ്ങൾ മാത്രം. വീസക്കച്ചവടത്തിന് വേണ്ടി മാത്രം വ്യാപാരസ്ഥാപനങ്ങൾ തുടങ്ങുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com