ADVERTISEMENT

ഷാർജ ∙ ‘ഇല്ല, ഞാൻ ഇനി ഒരിക്കലും അത് ആവർത്തിക്കില്ല. വീട്ടിൽ തിരിച്ചെത്തിയതിൽ വലിയ സന്തോഷമുണ്ട്. ഇനിയൊരിക്കലും കുടുംബത്തെ വേദനപ്പിക്കില്ല’– ഏതാനും ദിവസം മുൻപ് വീടുവിട്ടിറങ്ങി തിരികെ എത്തിയ ഇന്ത്യൻ സ്കൂൾ വിദ്യാർഥി മുഹമ്മദ് പർവേസ് ആലമിന്റെ വാക്കുകളാണിത്. 15 ദിവസം മുൻപാണ് പർവേസ് ആലത്തെ ഷാർജ മുവൈല പ്രദേശത്തുനിന്നും കാണാതായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ബിഹാർ അസർഗഞ്ച് മുൻഗർ സ്വദേശിയായ ആലം തിരികെ വീട്ടിലെത്തി. 

നിറകണ്ണുകളോടെയാണ് വീട്ടുകാർ പർവേസ് ആലത്തെ സ്വീകരിച്ചത്. ജുലൈ നാലിന് കാണാതായ വിദ്യാർഥിയെ അജ്മാന്‍ പൊലീസിന്റെ സഹായത്തോടെയാണ് ഷാർജ പൊലീസ് കണ്ടെത്തിയത്. പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ലാതെ അലഞ്ഞു നടന്നിരുന്ന ആലത്തെ, അജ്മാനിലെ പാർപ്പിട ഏരിയയിൽ നിന്നാണ് കണ്ടെത്തിയത്. അർധരാത്രിയിലും യുട്യൂബിൽ ഹിന്ദി ആക്ഷൻ സീരിയലുകൾ കണ്ടിരുന്ന വിദ്യാർഥിയെ മാതാവ് ഇതിൽ നിന്നും വിലക്കിയിരുന്നു. ഈ സംഭവത്തിനു ശേഷമാണ് ആലം വീടുവിട്ടത് എന്നാണ് റിപ്പോർട്ടുകൾ.

പർവേസിനെ കണ്ടെത്തിയത് എങ്ങനെ?

Mohammed-Perwez-3

അജ്മാനിലെ പാർപ്പിടഭാഗത്ത് അലഞ്ഞു നടക്കുന്ന വിദ്യാർഥിയെ പ്രദേശവാസികൾ ആണ് തിരിച്ചറിഞ്ഞതെന്ന് ഷാർജ പൊലീസ് വക്താവ് ക്യാപ്റ്റൻ അഹമ്മദ് അൽ ഹമൈദി പറഞ്ഞു. സംശയം തോന്നിയ പ്രദേശവാസികൾ അജ്മാൻ പൊലീസിനെ വിവരം അറിയിക്കുകയും കുട്ടിയുള്ള സ്ഥലത്തിന്റെ വിവരങ്ങൾ ചിത്രം സഹിതം നൽകുകയും ചെയ്തു. ഉടൻ തന്നെ അജ്മാൻ പൊലീസ് സ്ഥലത്ത് എത്തുകയും കുട്ടിയെ കണ്ടെത്തുകയും ചെയ്തു. വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി ഫയൽ ചെയ്ത ഷാർജയിലെ പൊലീസ് സ്റ്റേഷനിൽ അജ്മാൻ പൊലീസ് വിവരം അറിയിച്ചു. 

ഷാർജ പൊലീസ് ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയും തിരികെ ഷാർജയിൽ എത്തിക്കുകയും ചെയ്തു. വിദ്യാർഥിയെ കാണാതായ ജൂലൈ നാലു മുതൽ ഷാർജ പൊലീസ് നിരന്തരം അന്വേഷണത്തിൽ ആയിരുന്നുവെന്ന് അൽ ഹമൈദി വ്യക്തമാക്കി. രാജ്യത്തെ എല്ലാ പൊലീസ് വിഭാഗങ്ങൾക്കും കുട്ടിയുടെ ചിത്രങ്ങൾ അയച്ചു നൽകുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിരുന്നു. ഇവർ എമിറേറ്റിലെ പള്ളികൾ, മാളുകൾ, ആശുപത്രികൾ, തെരുവുകൾ എന്നിവിടങ്ങളിൽ ശക്തമായ പരിശോധന നടത്തുകയും ചെയ്തിരുന്നു.

എവിടെയായിരുന്നു ആ വിദ്യാർഥി?

Mohammed-Perwez

തിരികെ വീട്ടിൽ എത്തിയെങ്കിലും രണ്ടാഴ്ചയോളം പർവേസ് ആലം എന്ന വിദ്യാർഥി എവിടെയായിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. അജ്മാനിലെ അൽ ഹമിദിയയിൽ ബാച്ചിലർമാർ താമസിക്കുന്ന ഒരു വില്ലയിൽ ആയിരുന്നു ഇത്രയും ദിവസം വിദ്യാർഥിയെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. തന്റെ രക്ഷിതാക്കൾ ഒരു അത്യാവശ്യകാര്യത്തിനായി ഇന്ത്യയിലേക്ക് പോയിരിക്കുകയാണെന്നും തനിക്ക് പോകാൻ വേറെ ഇടമില്ല എന്നുമാണ് പർവേസ് വില്ലയിലെ യുവാക്കളോട് പറഞ്ഞിരുന്നത് എന്നാണ് പിതാവ് ആലം പറയുന്നത്. വിദ്യാർഥിയുടെ വാക്കുകൾ വിശ്വസിച്ച അവർ ഭക്ഷണവും താമസിക്കാൻ സ്ഥലവും നൽകി. 

‘എന്റെ മകൻ വീട് വിട്ട് പോയതാണ് എന്നറിയാത്ത യുവാക്കൾ പൊലീസിൽ വിവരം അറിയിച്ചിരുന്നില്ല. അത് അവരുടെ തെറ്റല്ല. യുവാക്കളോട് വിരോധമൊന്നും ഇല്ല. മകൻ തിരിച്ചു വന്നല്ലോ ദൈവത്തിന് നന്ദി’– ആലം പറഞ്ഞു. വീട്ടിൽ നിന്നും സൈക്കിളിൽ ആണ് പർവേസ് പോയത്. വഴിയിൽ ഒരു പെട്രോൾ പമ്പിൽ സൈക്കിൾ ഉപേക്ഷിച്ച ശേഷം അജ്മാൻ ലക്ഷ്യമാക്കി നടക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു സംഘം യുവാക്കളെ കണ്ടതും സഹായം അഭ്യർഥിച്ചതും. തുടർന്ന് യുവാക്കൾക്കൊപ്പം വിദ്യാർഥി പോവുകയായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com