ADVERTISEMENT

ദോഹ ∙ ഇറാനുമായുള്ള സഹകരണം ഐടി മേഖലയിലേക്കു കൂടി വ്യാപിപ്പിക്കാൻ താൽപര്യമെന്നു ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി. 2022 ഖത്തർ ഫിഫ ലോകകപ്പിൽ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യയിൽ ഇറാന്റെ സഹകരണം പ്രധാനമെന്നും മന്ത്രി. ഇറാനും ഖത്തറും തമ്മിൽ നിലവിൽ ഭക്ഷ്യ, എണ്ണ, വാതകം, ഊർജം തുടങ്ങിയ മേഖലകളിലാണു സഹകരണം കൂടുതൽ. ഒക്‌ടോബർ അവസാനം ദോഹയിൽ നടക്കുന്ന ഐടി പ്രദർശനത്തിൽ ഇറാനിയൻ കമ്പനികളെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി. ഇറാനിൽ നടന്ന 25 മത് ഇറാൻ രാജ്യാന്തര ഇലക്ട്രോണിക്, കംപ്യൂട്ടർ - ഇ കൊമേഴ്‌സ് പ്രദർശന ഭാഗമായി നടന്ന അസർബൈജാൻ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാഖ്, റഷ്യ, അസർബൈജാൻ തുർക്കി ഗതാഗത മന്ത്രിമാരും പ്രദർശനത്തിൽ പങ്കെടുത്തു. 2014 ലെ പ്രദർശനത്തിൽ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ സ്റ്റാർട്ട് അപ് കമ്പനികൾ ഇത്തവണയുള്ളതിൽ ഖത്തറിന്റെ സന്തോഷം അറിയിക്കുകയും ചെയ്തു. ഐടി രംഗത്തു സമാന വെല്ലുവിളികളാണ് ഇരു രാജ്യങ്ങളും നേരിടുന്നത്. സ്മാർട് നഗരങ്ങളെക്കുറിച്ചും സമാന പദ്ധതികളാണുള്ളത്. സർക്കാർ തലത്തിൽ സഹകരണം ശക്തമെങ്കിലും സ്വകാര്യ കമ്പനികളുമായുള്ള സഹകരണവും വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ മാസം ആദ്യം ഇറാന്റെ തെക്കൻ പ്രവിശ്യയിലെ ഗവർണർ ജനറൽ ഫാർസ് എനയത്തൊള്ള റഹ്മിയും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ 2022 ഖത്തർ ലോകകപ്പിൽ ഇറാന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഖത്തർ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി നല്ല സൗഹൃദ ബന്ധം നിലനിർത്താനാണ് ഇറാനു താൽപര്യമെന്നും റഹ്മി പ്രതികരിച്ചിരുന്നു. ഇറാനിലെ ഷിറാസ്, ലാർ എന്നിവിടങ്ങളിലേക്കുള്ള ഖത്തറി വിമാനങ്ങളുടെ സർവീസ് വർധിപ്പിക്കാനും അന്നത്തെ കൂടിക്കാഴ്ചയിൽ ധാരണയിലെത്തി. 2022 ലെ കാണികൾക്ക് ആതിഥേയത്വം നൽകാൻ ഫാർ പ്രവിശ്യ ഒരുക്കമാണെന്നും റഹ്മി അറിയിച്ചിരുന്നു. മേഖലയിലെ നിലവിലെ വിഷയങ്ങൾ ഖത്തറുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും ഖത്തർ നല്ല സൗഹൃദ, സഹോദര രാജ്യമാണെന്നും നേരത്തെ ഇറാൻ പ്രസിഡന്റ് ഹസ്സൻ റൗഹാനിയും പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com