ADVERTISEMENT

ഡേറ്റ പ്രൊട്ടക്‌ഷൻ നിയമപ്രകാരം വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തിയും കമ്പനിയും അവ കൃത്യമായി സംരക്ഷിക്കാനും  ചോർന്നു പോകാതെ സൂക്ഷിക്കാനും നടപടികൾ സ്വീകരിക്കണം. ഫലപ്രദമായി വിവരങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യമായ സാങ്കേതിക മികവ് കൈവരിക്കുക, വിവരങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്ക് പരിശീലനം നൽകുക, കൃത്യമായ ഇടവേളകളിൽ  പരിശോധന നടത്തുക എന്നിവയെല്ലാം വ്യക്തിയുടെ/കമ്പനിയുടെ ഉത്തരവാദിത്തമാണ്.

വ്യക്തിവിവരങ്ങൾ ഏതെങ്കിലും തരത്തിൽ ചോർന്നതായി തിരിച്ചറിഞ്ഞാൽ ആ വിവരം വ്യക്തിയെയും ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തെയും ഉടൻ അറിയിക്കണം. ഡേറ്റ പ്രൊട്ടക്‌ഷൻ നിയമം കൃത്യമായി നടപ്പാക്കാനുള്ള ഉത്തരവാദിത്വം മന്ത്രാലയത്തിനാണ്. വ്യക്തികൾക്ക് ഡേറ്റ പ്രൊട്ടക്‌ഷൻ സംബന്ധിക്കുന്ന പരാതി മന്ത്രാലയത്തിനു മുൻപാകെ സമർപ്പിക്കാം. പരാതി ലഭിച്ചാൽ ഉടൻ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നതു മന്ത്രാലയമാണ്. നിയമലംഘനത്തിനു  50 ലക്ഷം റിയാൽ വരെ പിഴ ചുമത്താനുള്ള അധികാരവും മന്ത്രാലയത്തിനുണ്ട്.

ചോദ്യങ്ങളും ഉത്തരങ്ങളും

തൊഴിൽ കരാർ നിർബന്ധം

ഞാൻ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. 2 വർഷത്തേക്കാണു  കരാർ. ഒരു വർഷവും 6 മാസവും ഞാൻ പൂർത്തിയാക്കി. 5 മാസം മുൻപു കമ്പനിയിൽ നിന്നും എൻഒസി വാങ്ങി മറ്റൊരു കമ്പനിയിൽ ഞാൻ ജോലിയിൽ പ്രവേശിച്ചു. പുതിയ കമ്പനി എനിക്കു ഓഫർ ലെറ്റർ മാത്രമാണ് നൽകിയത്. അതിൽ 3 വർഷത്തെ കരാർ കാലാവധിയാണു പറയുന്നത്. എന്നാൽ കമ്പനി ഇതുവരെ ഞാനുമായി തൊഴിൽ കരാർ ഉണ്ടാക്കിയിട്ടില്ല. എനിക്ക് വീണ്ടും എന്റെ സ്പോൺസർഷിപ് മാറ്റാൻ കഴിയുമോ? വീസ റദ്ദാക്കിയാൽ എൻഒസിയില്ലാതെ പുതിയ വീസയിൽ വരാൻ  കഴിയുമോ??

ഖത്തറിലെ തൊഴിൽ നിയമത്തിലെ (2004 ലെ 14-ാം നമ്പർ നിയമം) ആർട്ടിക്കിൾ 38 പ്രകാരം ഓരോ ജീവനക്കാരനും തന്റെ തൊഴിലുടമയുമായി തൊഴിൽ കരാർ ഉണ്ടായിരിക്കണം. അതു തൊഴിൽ മന്ത്രാലയത്തിൽ അറ്റസ്റ്റ് ചെയ്യുകയും വേണം. തൊഴിൽ കരാറിൽ ആണു ജോലി സംബന്ധമായ എല്ലാ മാനദണ്ഡങ്ങളും ആനുകൂല്യങ്ങളും നിശ്ചയിക്കേണ്ടത്. തൊഴിൽ കരാർ ഒപ്പിടാത്ത സാഹചര്യത്തിൽ ഓഫർ ലെറ്ററിലെ വ്യവസ്ഥകൾ ബാധകമാകും. അതിനാൽ, കരാർ കാലാവധിയായ 3 വർഷം പൂർത്തിയാക്കുന്നതിനു മുൻപു ജോലി ട്രാൻസ്ഫർ ചെയ്യണമെങ്കിൽ നിലവിലെ തൊഴിലുടമയുടെ എൻഒസി ആവശ്യമാണ്. വീസ ക്യാൻസൽ ചെയ്തു നാട്ടിൽ പോയാൽ പുതിയ തൊഴിൽ വീസയിൽ ഉടനെ മടങ്ങിയെത്താൻ സാധിക്കേണ്ടതാണ്. എന്നാൽ, ഓഫർ ലെറ്ററിലെ 3 വർഷം എന്ന കാലാവധി തൊഴിൽ മന്ത്രാലയത്തിന്റെ കംപ്യൂട്ടർ സിസ്റ്റത്തിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കരാർ കാലാവധി കഴിയാതെ തിരിച്ചു വരവ് തടസ്സപ്പെട്ടേക്കാം.

കരാർ ഇല്ലാതെ ജോലി ചെയ്താൽ

ഞാൻ എന്റെ കമ്പനിയിൽ 5 വർഷം പൂർത്തിയാക്കി. ആദ്യ കരാർ 5 വർഷമായിരുന്നു. അതിന് ശേഷം കരാർ ഇല്ലാതെയാണു ജോലി ചെയ്തത്. വേതന വർധനവില്ലാതെയാണു 5 വർഷമായി ജോലി ചെയ്യുന്നത്. അതുകൊണ്ട്  പുതിയ കമ്പനിയിലേക്കു മാറാൻ ആഗ്രഹിക്കുന്നു. അതിന് എന്താണു ചെയ്യേണ്ടത്. നിലവിലെ കമ്പനി എൻഒസി തരാൻ വിസമ്മതിക്കുകയാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്?

തൊഴിൽ കരാറിലെ നിശ്ചിത കാലാവധിക്കു ശേഷം പുതിയ കരാർ ഒപ്പിടാതെ ജോലിയിൽ തുടർന്നതിനാൽ താങ്കളുടേത് ഇപ്പോൾ അൺലിമിറ്റഡ് തൊഴിൽ കരാർ ആയി സ്വമേധയാ മാറി. ഇപ്പോൾ ജോലി ലോക്കൽ ട്രാൻസ്ഫർ ചെയ്യണമെങ്കിൽ കമ്പനിക്കു 2 മാസത്തെ നോട്ടിസ് പീരിയഡ് (5 വർഷം കഴിഞ്ഞതിനാൽ) നൽകി രാജിവച്ച ശേഷം രാജിക്കത്ത്, തൊഴിൽ കരാർ, പുതിയ കമ്പനിയുടെ ഓഫർ ലെറ്റർ, കമ്പനിയുടെ വിശദാംശങ്ങൾ എന്നിവ സഹിതം തൊഴിൽ വകുപ്പിന്റെ വെബ്‌സൈറ്റിലൂടയോ ഓഫിസ് മുഖാന്തരം നേരിട്ടോ തൊഴിൽ മാറ്റത്തിനായി അപേക്ഷിക്കാം. നിലവിലെ കമ്പനിയുടെ എൻഒസി ഇതിനായി ആവശ്യമില്ല.

qatar-law
അഡ്വ. നിസാർ കോച്ചേരി

 

തൊഴിൽ നിയമം സംബന്ധിച്ച സംശയങ്ങൾക്കു നിയമകാര്യ വിദഗ്ധനായ അഡ്വ. നിസാർ കോച്ചേരി മലയാള മനോരമയിലെ ‘നിയമവും നിങ്ങളും’ എന്ന കോളത്തിലൂടെ മറുപടി നൽകും. ചോദ്യങ്ങൾ manoramadoha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾക്കാണു മറുപടി നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com