ADVERTISEMENT
മക്ക ∙ സൗദിയിലെത്തിയ വിദേശ ഹജ് തീർഥാടകരുടെ എണ്ണം 5 ലക്ഷം കവിഞ്ഞതായി പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ജൂലൈ 4 മുതൽ വെള്ളിയാഴ്ച അർധ രാത്രി വരെ 5,15,016 തീർഥാടകരാണ് എത്തിയത്. ഇതിൽ മലയാളികൾ അടക്കം 77,766 ഇന്ത്യക്കാരും ഉൾപ്പെടും. 5 ലക്ഷത്തിലേറെ പേർ വിമാന മാർഗവും 7045 പേർ കര മാർഗവും 4853 പേർ കപ്പൽ മാർഗവുമാണ് എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ തീർഥാടകരുടെ എണ്ണത്തിൽ 9 ശതമാനം വർധനയുണ്ടെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.

ഹജ്ജിന് ഇനി മക്ക വഴി

മദീന ∙ മദീന വഴിയുള്ള ഹജ്ജിനെത്തുന്ന ഇന്ത്യൻ തീർഥാടകരെല്ലാം പ്രവാചക നഗരിയിലെത്തി. മലയാളികൾ അടക്കം 63,451 തീർഥാടകർ മദീന വഴി ഹജ്ജിനെത്തിയത്. ഈ മാസം 4നാണ് ഇന്ത്യയിൽ നിന്നുള്ള തീർഥാടകരുടെ യാത്ര തുടങ്ങിയത്. മുംബൈയിൽനിന്ന് 300 തീർഥാടകരെയും വഹിച്ചെത്തിയ വിമാനമാണ് അവസാനമായി മദീനയിൽ ഇറങ്ങിയത്. ശേഷിച്ച 76,549 തീർഥാടകർ ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴിയാണ് എത്തുന്നത്. മദീനയിൽ എത്തിയവർ 8 ദിവസത്തെ പര്യടനത്തിനു ശേഷം മക്കയിലേക്ക് പോകും.

തീർഥാടകർക്കായി മക്കയിൽ 6 ശുദ്ധജല പദ്ധതി

മക്ക ∙ തീർഥാടകർക്ക് ശുദ്ധജലമെത്തിക്കാൻ 6 പദ്ധതികൾക്ക് മക്കയിൽ തുടക്കം കുറിച്ചു. മക്ക അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ നിർദേശപ്രകാരം 310 കോടി ദിർഹം ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഉദ്ഘാടന ചടങ്ങിൽ മക്ക അമീറിനു പുറമേ ജിദ്ദ അമീർ മിഷാൽ ബിൻ മാജിദ് രാജകുമാരനും പങ്കെടുത്തു. തീർഥാടകരുടെ എണ്ണം വർധിച്ചുവരുന്നതിനാലാണ് വിഷൻ 2030ന്റെ ഭാഗമായി പദ്ധതി നടപ്പാക്കിയതെന്ന് ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു. 2030 മുതൽ വർഷത്തിൽ 3 കോടി തീർഥാടകരെയാണ് സൗദി ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com