ADVERTISEMENT

ദോഹ∙ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സുദൃഢമായ ബന്ധം പ്രകടമാക്കുന്നതാണ് കത്താറ പൈതൃക കേന്ദ്രത്തിൽ ആരംഭിച്ച കാലിഗ്രഫി പ്രദർശനമെന്ന് ഇന്ത്യൻ അംബാസഡർ പി.കുമരൻ. കത്താറയിൽ ഇന്ത്യൻ കാലിഗ്രഫി കലാകാരന്മാരുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അംബാസഡർ. ഉടൻ തന്നെ കാലിഗ്രഫിയുടെ മറ്റൊരു പ്രദർശനം കൂടി ഉണ്ടാകുമെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യയിലെ രണ്ട് പ്രധാന മ്യൂസിയങ്ങളിൽ നിന്നുള്ള പുരാതന കയ്യെഴുത്തുകളും വരും പ്രദർശനത്തിലുണ്ടാകും. ഇന്ത്യൻ അംബാസഡറും കത്താറ മാനവ വിഭവശേഷി വകുപ്പ് ഡയറക്ടർ സെയ്ഫ് അൽ ദോസരിയും ചേർന്നാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.

'മുൽതഖ-അൽ ഖുലാബ് വൽ ഫുനൻ' എന്ന തലക്കെട്ടിൽ വ്യാഴാഴ്ചയാണ് കാലിഗ്രഫി പ്രദർശനത്തിന് തുടക്കമായത്. ഇന്ത്യൻ-ഖത്തറി കലാകാരന്മാരുടെ 'ഹൃദയങ്ങളുടേയും കരകൗശലങ്ങളുടേയും ഒത്തുചേരൽ' എന്ന പ്രദർശനവും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണ് പ്രദർശനം. കത്താറയുടേയും ഇന്ത്യൻ എംബസിയുടെ പങ്കാളിത്തത്തിൽ ഇന്ത്യ ആസ്ഥാനമായുള്ള റേഡിയന്റ് ആർട്‌സ്, ദാവൂദി ബൊഹ്ര അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് പ്രദർശനം. ഇന്ത്യയിൽ നിന്നുള്ള 7 കാലിഗ്രഫി കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.

തൽസമ കാലിഗ്രഫിയും പ്രദർശനത്തിന്റെ ഭാഗമായുണ്ട്. അറബിക് കാലിഗ്രഫിക്ക് ഇന്ത്യ നൽകുന്ന പ്രാധാന്യവും പരിശീലനവും പ്രതിഫലിക്കുന്നതാണ് ഭൂരിഭാഗം കാലിഗ്രാഫികളും. ഖത്തറിന്റെ പരമ്പരാഗത പായ്ക്കപ്പൽ, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് എന്നിവയെല്ലാം കാലിഗ്രഫിയിൽ തയ്യാറാക്കിയിട്ടുണ്ട്. കത്താറ ബിൽഡിങ് നമ്പർ 18 ൽ ഗാലറി 2 ലാണ് പ്രദർശനം. രാവിലെ 10 മുതൽ രാത്രി 10 വരെ ജൂലൈ 30 വരെ പ്രദർശനം കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com