ADVERTISEMENT

ദുബായ് ∙ ‘ഗ്രേസ് സിസ്റ്റർ ചെയ്ത സഹായം ഒരിക്കലും മറക്കാനാവില്ല. അവർ ഇല്ലായിരുന്നെങ്കിൽ...’ ഷാർജയിലെ ഫ്ലാറ്റിലിരുന്ന് സ്റ്റാൻലിയും അലിൻ മേരിയും ഇതു പറയുമ്പോൾ കഥയൊന്നുമറിയാതെ മകൻ വില്യം ഓടിക്കളിക്കുകയാണ്. 2015 ഒക്ടോബർ 25നാണ് അവൻ പിറന്നത്. അവിടം മുതലാണ് ലത്തീഫ ആശുപത്രിയിലെ നഴ്സ് ഗ്രേസുമായി ഈ കുടുംബത്തിന്റെ പൊക്കിൾക്കൊടി ബന്ധം പോലെയുള്ള സ്നേഹബന്ധം തുടങ്ങുന്നത്. അരീന കമ്പനിയിൽ ഉദ്യോഗസ്ഥനായ കുന്നംകുളം പഴഞ്ഞി തോലത്ത് സ്റ്റാൻലിയും തുമ്പെയ് ആശുപത്രിയിൽ നഴ്സായ എറണാകുളം സ്വദേശിനി അലിൻ മേരിയും അന്ന് സിൽക്കൺ ഒയാസിസിലെ സ്റ്റുഡിയോ മുറിയിലാണ് താമസം.

grace
ഗ്രേസ്

ഒരു കുഞ്ഞ് പിറക്കാനിരിക്കുന്നതിന്റെ സന്തോഷ ദിനങ്ങൾ. ബ്രദറൻ സഭാംഗമായ സ്റ്റാൻലി അന്ന് ഊദ്മേത്തയിലെ ദേവാലയത്തിലിരിക്കുമ്പോഴാണു വീട്ടിൽ നിന്ന് അലിൻമേരിയുടെ ഫോൺ വിളിയെത്തിയത്. ഗർഭപാത്രത്തിലെ ദ്രാവകം (അംനിയോട്ടിക് ഫ്ലൂയിഡ്) വാർന്നുപോകുകയാണെന്നും അടിയന്തരമായി വരണമെന്നുമായിരുന്നു സന്ദേശം. ഈ സമയം ഗ്രേസിന്റെ കുടുംബവും ദേവാലയത്തിലുണ്ടായിരുന്നു. അവരുടെ ഭർത്താവ് സുനിലിന്റെ കാറിൽ സ്റ്റാൻലി വീട്ടിലേക്കു പുറപ്പെട്ടു. അടിയന്തര വൈദ്യസഹായത്തിനായി ആംബുലൻസിന് വിളിക്കുകയും ചെയ്തു. അലിൻമേരിയെ ചെറിയൊരു ക്ലിനിക്കിലാണ് കാണിച്ചുകൊണ്ടിരുന്നത്. ഈ ഘട്ടത്തിൽ അവിടെ എത്തിച്ചാലും പ്രയോജനമില്ലാത്തതിനാൽ ഭാര്യ ജോലി ചെയ്യുന്ന ലത്തീഫ ആശുപത്രിയിലേക്കു കൊണ്ടുപോകാമെന്ന് സുനിൽ പറഞ്ഞു. ഭാര്യ ഗ്രേസിനോട് ആശുപത്രിയിലേക്ക് എത്താൻ ഫോണിൽ പറയുകയും ചെയ്തു. രക്തത്തിൽ കുളിച്ചു കിടന്ന അലിൻ മേരിയെ ലത്തീഫ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സിസ്റ്റർ ഗ്രേസിയും അവിടെയത്തിയിരുന്നു.

അവിടുത്തെ ചികിത്സയിൽ അല്ലാതിരുന്നതിനാൽ പ്രവേശിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് അധികൃതർ പറഞ്ഞെങ്കിലും ഗ്രേസിന്റെ നിർദേശത്തിൽ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായി. അടുത്ത ദിവസം വാർഡിലേക്കു മാറ്റി. രാത്രിയിൽ അവിടെ പുരുഷൻമാരെ കൂട്ടിരിക്കാൻ സമ്മതിക്കില്ലായിരുന്നു. ആ ദിവസങ്ങളിലെല്ലാം ഗ്രേസ് ജോലി സമയം രാത്രിയിലേക്ക് മാറ്റിയെടുത്തു. ഗ്രേസിന്റെ പ്രസവം കഴിഞ്ഞിട്ടും മാസങ്ങളേ ആയിരുന്നുള്ളൂ. എങ്കിലും വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്ന് അലിനു നൽകി.  പക്ഷേ ഒക്ടോബർ 25ന് സ്ഥിതി വഷളായി. അലിൻ മേരിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ആറാം മാസം 845 ഗ്രാം ഭാരമുള്ള കുഞ്ഞു പിറന്നു. “സത്യത്തിൽ എനിക്ക് കുഞ്ഞിനെ കണ്ടിട്ട് ഒന്നും മനസ്സിലായില്ല. എലിക്കുഞ്ഞിന്റെ അത്രയും വലിപ്പമുള്ള ഒരെണ്ണം"-സ്റ്റാൻലി വില്യമിനെക്കുറിച്ച് പറയുന്നു. ഗുരുതര പ്രശ്നങ്ങളാണ് കുഞ്ഞിനുണ്ടായിരുന്നത്. ഹൃദയത്തിൽ സുഷിരം, ഹെർണിയ, ശ്വാസകോശത്തിനു വളർച്ചക്കുറവ്, കാഴ്ചവൈകല്യം... 50 ദിവസം കുഞ്ഞ് ഇൻകുബേറ്ററിൽ കിടന്നു.

മാനസികമായി തളർന്ന തനിക്ക് ആറാം  മാസത്തിൽ പ്രസവിച്ച മറ്റൊരു യുവതിയെ പരിചയപ്പെടുത്തി ഗ്രേസ് പകർന്ന ധൈര്യം വലുതായിരുന്നെന്ന് അലിൻ ഓർക്കുന്നു. 99 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോയത്. ഈ ദിവസങ്ങളിലെല്ലാം സിസ്റ്റർ ഗ്രേസ് കൂടെയുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും മൂന്നര ലക്ഷത്തിലധികം ഹോസ്പിറ്റൽ ബില്ല് ലഭിച്ചു. മാസംതോറും ചെറിയ തുകയായി ഒന്നരലക്ഷത്തോളം ദിർഹം അടച്ചപ്പോഴേക്കും ബാക്കി തുക ഗ്രേസിന്റെ ശ്രമഫലമായി ഹോസ്പിറ്റർ അധികൃതർ ഇളവ് ചെയ്തു. ‘ഇതുപോലെ പലർക്കും സിസ്റ്റർ ഗ്രേസ് ഉപകാരം െചയ്തിട്ടുണ്ടെന്ന് അറിയാം. അവരെ അവാർഡിനായി ശിപാർശ ചെയ്യാൻ സാധിച്ചില്ലെങ്കിൽ പിന്നെന്തു ജീവിതം.’ നിറഞ്ഞ കണ്ണുകളോടെ സ്റ്റാൻലി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com