ADVERTISEMENT

ദോഹ∙കാൽനട യാത്രതയിൽ നിയമം പാലിച്ചില്ലെങ്കിൽ അടുത്ത മാസം മുതൽ പിടി വീഴുമെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണിത്. ഓഗസ്റ്റ് ഒന്നു മുതലാണു നിയമം പാലിക്കാത്ത കാൽനടയാത്രക്കാർക്കെതിരെ നിയമലംഘനം നടത്തിയതായി റജിസ്റ്റർ ചെയ്യുന്നത്.

ministry

കാൽനടയാത്രക്കാരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് നടത്തിയ സെമിനാറിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഗതാഗത വകുപ്പും പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്നാണ് സെമിനാർ നടത്തിയത്. ഗതാഗത അസി.ഡയറക്ടർ ജനറൽ കേണൽ നാസർ ദർമാൻ അൽ ഹജിരി, ബോധവൽകരണ വകുപ്പ് അസി. ഡയറക്ടർ ലെഫ. കേണൽ ജാബർ മുഹമ്മദ് ഒദെയ്ബ, ഗതാഗത ഡയറക്ടറേറ്റിലെ വിവിധ വകുപ്പ് ഓഫിസർമാർ, കമ്പനി പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, പ്രവാസി സംഘടനാ പ്രതിനിധികൾ എന്നിവരും സെമിനാറിൽ പങ്കെടുത്തു.

ബോധവൽകരണം ശക്തമാക്കും

റോഡിലൂടെയുള്ള സുരക്ഷിതമായ നടത്തത്തെക്കുറിച്ച് കാൽനടയാത്രക്കാർക്കായി ബോധവൽകരണ ക്യാംപെയിനും ശക്തമാക്കും. കാൽനടയാത്രക്കാർക്കായി പുതിയ സുരക്ഷിത ഗതാഗത സംസ്‌കാരമാണ് ലക്ഷ്യം. കാൽനടയാത്രക്കാരുടെ അവകാശങ്ങളും ചുമതലകളും സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ബോധവൽകരണ ക്യാംപെയിനിൽ മാധ്യമങ്ങളും പ്രവാസി സംഘടനകളും കമ്പനികളും പങ്കാളികളാകും. ഏഷ്യൻ കമ്യൂണിറ്റികൾക്കായി മലയാളം, അറബിക്, ഇംഗ്ലിഷ്, ഉർദു, ഹിന്ദി, നേപ്പാളീസ് ഭാഷകളിലാണ് ബോധവൽകരണം. പ്രാദേശിക മാധ്യമങ്ങൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവ വഴിയുള്ള ബോധവൽകരണ പരിപാടികൾ, സെമിനാറുകൾ എന്നിവയെല്ലാമാണ് ലക്ഷ്യമിടുന്നത്.

ഡ്രൈവർക്കും വേണം ശ്രദ്ധ
 
കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ നടപ്പാലങ്ങളോ സീബ്ര ലൈനുകളോ ഉപയോഗിക്കണം. വാഹന ഡ്രൈവർമാർമാർക്കും ശ്രദ്ധ വേണം. കാൽനടയാത്രക്കാരുടെ അവകാശത്തെ ബഹുമാനിക്കണം. സുരക്ഷിതമായി കുറുകെ കടക്കാൻ അനുവദിക്കണം. പ്രത്യേകിച്ചും ഗതാഗത സിഗ്‌നൽ ഇല്ലാത്തയിടങ്ങളിലും ഉൾറോഡുകളിലും.

പിഴ 500 റിയാൽ വരെ

∙ റോഡിന്റെ മധ്യത്തിലൂടെ അല്ലെങ്കിൽ വശങ്ങളിലെ നടപ്പാതകൾ ഉപയോഗിക്കാതെയുള്ള നടത്തത്തിന് 100 റിയാൽ ആണ് പിഴ.

∙ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാതെയും സീബ്രാ ലൈൻ ഉപയോഗിക്കാതെയും റോഡ് കുറുകെ കടന്നാൽ പിഴ 200 റിയാൽ.

∙ ഇന്റർസെക്‌ഷനുകളിൽ ഗതാഗത സിഗ്‌നലുകൾ അവഗണിച്ച് റോഡ് കുറുകെ കടന്നാൽ അല്ലെങ്കിൽ സൈനിക പരേഡുകൾക്കും മറ്റുമായി ഗതാഗത  പൊലീസ്
വാഹനങ്ങൾ നിർത്താനോ കടന്നു പോകാനോ അനുവദിക്കുന്ന സന്ദർഭങ്ങളിൽ റോഡ് കുറുകെ കടന്നാൽ പിഴ 500 റിയാൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com