ADVERTISEMENT

ദുബായ്∙ ആ പെൺകുട്ടിയുടെ കദന കഥ കേരളക്കരയെ ഒന്നാകെ കരയിപ്പിക്കുമ്പോൾ, അവൾക്ക് തിരശ്ശീലയിൽ ജീവൻ പകർന്ന സമ്രീൻ രതീഷ് സന്തോഷത്തിനിടയിലും ഉള്ളാലെ തേങ്ങുകയാണ്; ഇനിയൊരിക്കലും ഒരു പെൺകുട്ടിക്കും ഇങ്ങനെയൊരു ആപത്ത് വരുത്തരുതേ എന്ന് പ്രാർഥിച്ചുകൊണ്ട്.  പ്രസാദ് നൂറനാട് സംവിധാനം ചെയ്ത 'ചിലപ്പോൾ പെൺകുട്ടി' എന്ന കൊച്ചുസിനിമയാണ് കേരളത്തിൽ മികച്ച അഭിപ്രായം നേടി വിജയകരമായി പ്രദർശനം തുടരുന്നത്. ഏറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം റിലീസായത്. 

samreen-ratheesh-2

കേന്ദ്ര കഥാപാത്രമായ ഫാത്തിമയെ അവതരിപ്പിച്ചത് ദുബായിലെ വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന കാസർകോട് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി സമ്രീൻ രതീഷ്(12). ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു ​ഈ കൊച്ചുമിടുക്കി. ജിസിസിയിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി കൂടിയായ നിർമാതാവ് സുനീഷ് സാമുവൽ.

samreen-ratheesh-3

കശ്മീരിലെ കത്‌വയിൽ കഴിഞ്ഞവർഷം ആസിഫ ബാനു(8) എന്ന പെൺകുട്ടി മാനഭംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവം കേരളത്തിലെ പെൺകുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നാണ് ചിത്രം ചർച്ച ചെയ്യുന്നത്. നേരത്തെ ആരിഫ എന്നായിരുന്നു സമ്രീന്റെ കഥാപാത്രത്തിൻ്റെ പേര്. ഇതും മറ്റു പല രംഗങ്ങളും നീക്കം ചെയ്യാൻ സെൻസർ ബോർഡ് വാശിപിടിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു. 

samreen-ratheesh-4

നല്ലൊരു നർത്തകി കൂടിയായ സമ്രീൻ ദുബായിലെ വേദികളിൽ സുപരിചിതയാണ്. ആദ്യമായാണ് ഒരു സിനിമയിലഭിനയിക്കുന്നത്.  സൗന്ദര്യമത്സരത്തിലെ ജേതാവ് കൂടിയായ മാതാവ് വിജി രതീഷ് അടുത്തിടെ ദുൽഖർ സൽമാൻ്റെ അമ്മയായി ഒരു യമണ്ടൻ പ്രേമകഥയിൽ തിളങ്ങിയിരുന്നു. 

samreen-ratheesh-5

ആദ്യത്തെ സിനിമാഭിനയം ഇത്തിരി കടുപ്പമായിരുന്നുവെന്ന് സമ്രീൻ മനോരമ ഓൺലൈനിനോട് പറഞ്ഞു: എങ്കിലും സംവിധായകന്റെ നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ചു. നേരത്തെ ഡബ്സ്മാഷൊക്കെ ചെയ്യാറുള്ളതിനാൽ പിന്നീട് കാര്യം എളുപ്പമായി. എന്റെ കഥാപാത്രം കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ അവബോധമുണ്ടാക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. 

പൂച്ചകളെ ഇഷ്ടപ്പെടുന്ന സമ്രീൻ തനിക്ക് നിലവിൽ രണ്ട് പൂച്ചക്കുട്ടികളുണ്ടെന്ന് അഭിമാനത്തോടെ പറയുന്നു. ഭാവിയിൽ മൃഗങ്ങൾക്ക് തണലൊരുക്കുക ഒരാഗ്രഹമാണ്. അബാകസ് ചാംപ്യനും ടെന്നിസ് കളിക്കാരിയുമായ ഈ മിടുക്കി അടുത്തിടെ മോഡലിങ് രംഗത്തും ഒരു കൈ പയറ്റിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ, ദുബായിലും ഇന്ത്യയിലുമായി നടന്ന ഫാഷൻ ഷോയിലും പങ്കെടുത്തു. 

യുഎഇയെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ ജൂനിയർ മോഡൽ ഇൻ്റർനാഷനൽ ഫാഷൻ ഷോയിൽ പങ്കെടുത്തപ്പോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മികച്ച കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ ഇനിയും ക്യാമറയ്ക്ക് മുന്നിലെത്താൻ തന്നെയാണ് സമ്രീൻ്റെ തീരുമാനം. അതിന് പിന്തുണയുമായി എൻഎംസി ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായ പിതാവ് രതീഷും മാതാവ് വിജിയും മംഗ്ലുരുവിൽ വിദ്യാർഥിയായ സഹോദരൻ ആദിത്യനും കൂടെയുണ്ട്. സമ്രീന് കലാപ്രേമികളായ രക്ഷിതാക്കൾ നൽകിയ അകമഴിഞ്ഞ പ്രോത്സാഹനമാണ് ഫാത്തിമയെ മികച്ച രീതിയിൽ അവതരിപ്പിച്ച് വിജയിപ്പിക്കാൻ സാധ്യമാക്കിയതെന്ന്  സംവിധായകൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com