ADVERTISEMENT

മക്ക∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയായ ഹറമൈൻ അതിവേഗ ട്രെയിൻ ഹജ് തീർഥാടകര്‍ക്കായി സർവീസുകൾ വർധിപ്പിക്കുന്നു. ആഴ്ചയിൽ 64 സർവീസുകൾ 80 എണ്ണമായി ഉയർത്തുമെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ആക്ടിങ് ഡയറക്ടർ റുമൈഹ് അൽ റുമൈഹ് പറഞ്ഞു. ലോകത്തെ 10 അതിവേഗ പദ്ധതികളിലൊന്നാണിത്. 

ജിദ്ദ, റാബിഗ് കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി വഴി മക്ക-മദീനയെ ബന്ധിപ്പിക്കുന്ന അതിവേഗ സർവീസുകൾ തീർഥാടകർക്ക് വലിയ ആശ്വാസമാണ്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ 120 മിനിറ്റിനുള്ളിൽ 450 കിലോ മീറ്റർ വരെ ഇതു താണ്ടും.13 ബോഗികളിൽ  417 സീറ്റുകളുള്ള 35 ട്രെയിനുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. മക്ക–മദീനയ്ക്ക് ഇടയിൽ ഹറമൈൻ ട്രെയിനിന് ഓടിയെത്താൻ രണ്ടു മണിക്കൂറും 15 മിനിറ്റും മതി. മക്ക-മദീനയ്ക്ക് ഇടയിൽ അഞ്ച് സ്റ്റേഷനലുകളാണ് ഉള്ളത്. 

haramain-train

മക്കയിലെ പ്രധാന സ്റ്റേഷൻ മാത്രം 503.000 സ്‌ക്വയർ മീറ്റർ വിസ്‌തൃതിയും മണിക്കൂറിൽ 19,500 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സംവിധാനങ്ങളുമുണ്ട്. ഇത് ഹറം പള്ളിയിൽ നിന്ന് 4 കിലോ മീറ്റർ മാത്രം അകലെയാണ്. ദൂരത്തിനനുസരിച്ച് ചാർജിൽ വ്യത്യാസമുണ്ട്. ജിദ്ദ-മക്ക യാത്രയിൽ ഹോസ്പിറ്റാലിറ്റി ക്ലാസിന് 40 റിയാലും ബിസിനസ് ക്ലാസ് യാത്രയ്ക്ക് 50 റിയാലുമാണ് ചാർജ്. മക്ക-മദീന യാത്രയ്ക്ക് സാധാരണ ക്ലാസിന് 150 ൽ തുടങ്ങി ബിസിനസ് ക്ലാസിന് 250 വരെ ഉയരും. ഓരോ റെയിൽവേ സ്റ്റേഷനിലും അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രധാന കെട്ടിടം, പോക്ക്-വരവ് ലോഞ്ചുകൾ, കാത്തിരിപ്പു ഇടങ്ങൾ, വിഐപി ഹാളുകൾ, ഷോപിങ് സ്ഥലങ്ങൾ, ഭക്ഷണ ശാലകൾ, കോഫീ ഷോപ്പുകൾ, പള്ളികൾ, ശുചിമുറികൾ എന്നിവ ഉൾപ്പെടുന്നു. സിവിൽ ഡിഫൻസ് വിഭാഗത്തിനായി ഹെലികോപ്റ്റർ ലാൻഡിങ് സൗകര്യങ്ങളും ഉണ്ടെന്ന് അൽ റുമൈഹ് പറഞ്ഞു. 

വാസ്തുശിൽപങ്ങളുടെ വിസ്മയമാണ് മദീന സ്റ്റേഷൻ. ഇത് പ്രവാചക പള്ളിയിൽ നിന്ന് വെറും 6 കിലോമീറ്റർ മാത്രം അകലെയാണ്. 1000 പേരെ ഉൾക്കൊള്ളുന്ന പള്ളിയും 1000 കാറുകൾക്ക് പാർക്കിങ്ങും 417 നിരീക്ഷണ ക്യാമറകളുമുണ്ട്. നിലവിൽ മക്കയ്ക്കും മദീനയ്ക്കും ഇടയിൽ മണിക്കൂറിൽ 3,800 യാത്രക്കാരും ജിദ്ദയ്ക്കും മക്കയ്ക്കും ഇടയിൽ 19,600 യാത്രക്കാരുമാണ് ഹറമൈൻ ട്രെയിൻ ഉപയോഗപ്പെടുത്തുന്നത്. വർഷം 60 ദശലക്ഷം പേർ സംവിധാനം ഉപയോഗപ്പെടുത്തി യാത്ര ചെയ്യുന്നുണ്ട്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com