ADVERTISEMENT

ദോഹ∙ നല്ലൊരു പഴംപൊരി കൂട്ടി ചൂടു ചായ കുടിക്കാൻ തോന്നാറില്ലേ വൈകുന്നേരങ്ങളിൽ..? രുചി അറിയുന്നത് നാട്ടിൻപുറങ്ങളിലെ ചായക്കടകളുടെ ഗൃഹാതുരത ഉണർത്തുന്ന, നാട്ടുരുചി പകരുന്ന ചായക്കടയിൽ നിന്നായാലോ. വയറു മാത്രമല്ല മനസും നിറയും. നേരെ തുമാമയിൽ കഹ്‌റാമ അവേർനസ് പാർക്കിനു പിന്നിലെ  36-ാം നമ്പർ അൽ ഫുർജാൻ മാർക്കറ്റിലേക്കു ചെന്നാൽ നാടൻ രുചിയിൽ ചായയും പലഹാരങ്ങളും ആവോളം കഴിക്കാം. നാട്ടിൻപുറത്തെ ചായക്കടകളുടെ നന്മയും രുചിയും സ്‌നേഹവും കോർത്തിണക്കുന്ന വൈകുന്നേരങ്ങളിലെ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത.

സന്ധ്യയായാൽ കടകൾക്ക് മുൻപിൽ ഒരു കയ്യിൽ ചായയും മറുകയ്യിൽ പലഹാരവുമായി സുഹൃത്തുക്കളോട് സൊറ പറയുന്നവരുടെ തിരക്കാണ്. നാട്ടിൻപുറത്തെ രുചികരമായ വൈകുന്നേര കാഴ്ചകൾക്ക് സമാനം. 24 മണിക്കൂറും കടകൾ സജീവം.  5 റിയാൽ പോലും വേണ്ട വയർ നിറയ്ക്കാൻ എന്നതാണ് സാധാരണ മലയാളിയുടെ പതിവ് കേന്ദ്രമാക്കി ഈ ചായക്കടകളെ മാറ്റുന്നത്. മലയാളികൾ മാത്രമല്ല പഴംപൊരിയും കിണ്ണത്തപ്പവും കീമയുമൊക്കെ രുചിക്കാൻ സ്വദേശികളും ഇവിടെ എത്തുന്നുണ്ട്.

ദൂരെ നിന്നു പോലും ഈ ചായക്കടകളുടെ രുചിയറിയാൻ എത്തുന്നവർ ധാരാളം. ചുരുക്കി പറഞ്ഞാൽ സുഹൃത്തുക്കളോട് അൽപം സൊറ പറഞ്ഞ് ന്യൂജെൻ ഭാഷയിലാണേൽ നല്ല കിടുക്കൻ രുചികളിലുള്ള ലഘുപലഹാരങ്ങളുമൊക്കെ കഴിച്ച് മനസ് ഒന്ന് റിലാക്‌സ് ആക്കി തിരികെ പോകാം.

നാവിൽ വെള്ളമൂറും

teashop

മാർക്കറ്റിന്റെ ഇടത്തേ മൂലയിലെ ചായക്കടകളിലെ ചില്ലിട്ട അലമാരത്തട്ടുകളിൽ നല്ല ചൂടൻ പഴംപൊരിയും സുഖിയനും കിണ്ണത്തപ്പവുമൊക്കെ ഇരിക്കുന്നത് കണ്ടാൽത്തന്നെ നാവിൽ വെള്ളമൂറും. ഒരു വട്ടം നോക്കിയാൽ മതി ഭക്ഷണപ്രിയൻ അല്ലെങ്കിൽ പോലും ഇവയൊന്നും രുചിക്കാതെ മടങ്ങില്ല. കണ്ണൂരിന്റെ തനത് രുചിയിലുള്ള കണ്ണൂർ തട്ടുകടയും കേരളത്തിന്റെ മൊത്തം രുചി പകരുന്ന സയ്യിദിന്റെ ചായക്കടയുമാണ് ഇവിടുത്തെ ശ്രദ്ധാകേന്ദ്രങ്ങൾ. പഴം പൊരിയും സുഖിയനും ഒക്കെയാണ് ഇവിടുത്തെ താരങ്ങൾ.

രുചിക്കൊപ്പം സ്‌നേഹവും

tea
കണ്ണൂർ തട്ടുകടയിൽ അക്ബർ ചായ അടിക്കുന്ന തിരക്കിൽ.

രുചിക്കൊപ്പം സ്‌നേഹവും കൂടി വിളമ്പുന്നതു കൊണ്ടാണ് ഇവിടേക്ക് തന്നെ വീണ്ടും എത്തുന്നതെന്ന് കണ്ണൂർ തട്ടുകടയിലെ നിത്യസന്ദർശകനായ തൃശൂർ ചാവക്കാട് സ്വദേശി അർഷാദ്. കണ്ണൂരിന്റെ തനതു രുചിപെരുമയാണ് പ്രത്യേകത. വൈകുന്നേരങ്ങളിൽ പക്ഷേ ചായയ്ക്കും കണ്ണൂർ പലഹാരങ്ങൾക്കുമാണ് തിരക്ക്. നാൽപതിലേറെ കണ്ണൂർ പലഹാരങ്ങൾ രുചിക്കാം. ചായയ്ക്ക് ഒരു റിയാൽ, പലഹാരങ്ങൾക്ക് 2, 4 റിയാൽ  എന്നിങ്ങനെയാണു നിരക്ക്.

രുചിക്കൂട്ടുകളുടെ കലവറ

നീ എവിടാ..ഞാൻ ദേ സയ്യിദിന്റെ ചായക്കടയിലുണ്ട്. ഇങ്ങനെ പറഞ്ഞു പറഞ്ഞ് മലയാളികൾ ഇട്ട പേരാണ് സയ്യിദിന്റെ ചായക്കട എന്നത്. കേരളത്തിന്റെ മുഴുവൻ രുചിക്കൂട്ടുകളും ലഭിക്കും. നാൽപതിലധികം ലഘുപലഹാരങ്ങളും നാടൻ വിഭവങ്ങളും സുലഭം.  കഴിഞ്ഞ നാലു വർഷമായി ഇവിടുത്തെ ബീഫ് റോസ്റ്റിനും മീൻ പൊള്ളിച്ചതിനുമൊക്കെ ആരാധകർ ഏറെയുണ്ടെങ്കിലും വൈകുന്നേരങ്ങളിലെ താരം ചില്ലിട്ട അലമാരകളിലെ പഴംപൊരിയും സുഖിയനും പഫ്‌സുമൊക്കെയാണ്. ചായയ്ക്ക് ഒരു റിയാൽ,  പഫ്‌സ്, ഉന്നക്കായ, ചട്ടിപ്പത്തിരി എന്നിവക്ക് രണ്ടു റിയാൽ, ബാക്കി പലഹാരങ്ങൾക്കെല്ലാം ഒരു റിയാൽ എന്നിങ്ങനെയാണു നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com