ADVERTISEMENT

അബുദാബി ∙ യുഎഇ വീസ അസ്സലാണോ വ്യാജനാണോ എന്ന് ഓൺലൈനിലൂടെ പരിശോധിച്ച് അറിയാൻ സൗകര്യം ഏർപ്പെടുത്തിയതായി ദുബായ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിച്ച് വ്യാജ സന്ദർശക/തൊഴിൽ വിസ നൽകി പണം തട്ടുന്ന സംഭവം വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. വ്യാജ വീസയിൽ എത്തുന്നയാളുകൾക്ക് പ്രവേശനാനുമതി ലഭിക്കില്ല. ഇവരെ ആഗമന ഹാളിൽവച്ചുതന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിരിച്ചയക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ യാത്രയ്ക്കു മുൻപ് വീസ വ്യാജനാണോ അസ്സലാണോ എന്ന കാര്യം ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഇതിനുപകരം സമൂഹ മാധ്യമങ്ങളിലൂടെ നൽകുന്ന വ്യാജ വാഗ്ദാനത്തിൽ വഞ്ചിതരാകരുതെന്നും അധികൃതർ ഓർമിപ്പിച്ചു. വ്യക്തികൾക്ക് നേരിട്ട് വീസയെടുക്കാം. സ്ഥാപനങ്ങൾക്ക് അനുവദിച്ച ക്വാട്ടയനുസരിച്ചും വീസ ലഭിക്കും.

വീസയ്ക്ക് അംഗീകൃത ഏജൻസി മാത്രം

യുഎഇയിലെ താമസ കുടിയേറ്റ വകുപ്പിൽനിന്നോ ടൂറിസം വകുപ്പിൽനിന്നോ നേരിട്ടോ അല്ലെങ്കിൽ അംഗീകൃത ട്രാവൽ, ടൂർ ഏജൻസികളിൽനിന്നോ മാത്രമേ വീസ എടുക്കാവൂ എന്ന് അധികൃതർ ഓർമിപ്പിച്ചു. ദുബായ് ടൂറിസം വകുപ്പ് വെബ്സൈറ്റിൽ അംഗീകൃത ഏജൻസികളുടെ പേരും വിലാസവും നമ്പറും കൊടുത്തിട്ടുണ്ട്.

വീസ പരിശോധന ഇങ്ങനെ

www.amer.ae വെബ്സൈറ്റിൽ വീസ എൻക്വയറി വിഭാഗത്തിൽ പോയ ശേഷം വീസ നമ്പർ, പേര്, ജനന തീയതി, രാജ്യം എന്നിവ ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്താൽ വിവരം ലഭിക്കും. അസ്സൽ വീസയാണെങ്കിൽ വീസയുടെ പകർപ്പ് കാണാം. ഇഷ്യൂ ചെയ്ത തീയതിയും തീരുന്ന കാലാവധിയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. വ്യാജനാണെങ്കിൽ മിസ് മാച്ച് എന്ന് കാണിക്കും. എമിഗ്രേഷൻ, ആമർ സെൻറർ, തസ്ഹീൽ സെൻറർ, അംഗീകൃത ടൈപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലൂടെയും പരിശോധിക്കാവുന്നതാണ്. ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വീസ ഒറിജിനലാണോ എന്ന് അറിയാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com