ADVERTISEMENT

ദുബായ് ∙ ബഹിരാകാശത്ത് ഈന്തപ്പഴക്കുരു എത്തിച്ച് ‘ചൊവ്വാനഗര’ കാർഷിക പദ്ധതിക്കുള്ള ഗവേഷണത്തിന് യുഎഇ ഒരുങ്ങുന്നു. ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നിന്ന് ബുധൻ വൈകിട്ട് 6.24ന് (യുഎഇ സമയം വ്യാഴം പുലർച്ചെ 2.24) യുഎഇയുടെ ഈന്തപ്പഴക്കുരുക്കളുമായി ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയരും. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽ ഇവ 2 മാസം സൂക്ഷിച്ച ശേഷം തിരികെ കൊണ്ടുവന്നു നടും. എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചെന്നും ശൂന്യതയിലെ വെല്ലുവിളികൾ എങ്ങനെ അതിജീവിച്ചെന്നും മനസിലാക്കുകയാണു ലക്ഷ്യം. യുഎഇ സർവകലാശാലയുടെ നേതൃത്വത്തിലാണ് പരീക്ഷണം.

മരുഭൂമിയിലെ വെല്ലുവിളികളെ അതിജീവിച്ചു വളരുന്ന ഈന്തപ്പനയ്ക്ക് ബഹിരാകാശത്തെ സാഹചര്യങ്ങൾ പ്രതികൂലമാകാനിടയില്ലെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ചൊവ്വാ ദൗത്യത്തിനു മുന്നോടിയായി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിനു സമീപം ‘മാർസ് സയന്റിഫിക് സിറ്റി’ സജജ്മാക്കുന്നുണ്ട്.  ചൊവ്വയിലെ സാഹചര്യങ്ങൾ കൃത്രിമമായി ഇവിടെ സൃഷ്ടിക്കാനും പദ്ധതിയുണ്ട്. ബഹിരാകാശ നിലയത്തിൽ നിന്നു കൊണ്ടുവരുന്ന ഈന്തപ്പനക്കുരുക്കൾ ഇതിനുസമീപമാകും നടുക. ഇവിടെ ബഹിരാകാശത്തിലെ അതേ സാഹചര്യമൊരുക്കി ഈന്തപ്പനകൾ വളർത്താനായാൽ വൻ നേട്ടമാകും.

ചൊവ്വയിൽ 2117ൽ ചെറുനഗരം യാഥാർഥ്യമാക്കാനും 2021ൽ അൽ അമൽ എന്ന പേരിലുള്ള ചൊവ്വാദൗത്യത്തിനും രാജ്യം തയ്യാറെടുക്കുകയാണ്. എഴുപതിലേറെ സ്വദേശി ശാസ്ത്രജ്ഞരും എൻജിനീയർമാരും അൽ അമൽ ദൗത്യത്തിനായി പ്രവർത്തിക്കുന്നു. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികനാകുന്ന ഹസ്സ അൽ മൻസൂറി സെപ്റ്റംബർ 25നാണ് പുറപ്പെടുക. റഷ്യയുടെ സോയുസ് റോക്കറ്റിലാണ് യാത്ര. എംഎസ് 12 എന്ന ദൗത്യത്തിൽ ഒരു റഷ്യൻ കമാൻഡറും അമേരിക്കൻ ഫ്ലൈറ്റ് എൻജിനീയറുമാണ് സഹയാത്രികർ. ബഹിരാകാശ നിലയത്തിൽ ഇവർ പത്തുദിവസം ചെലവഴിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com