ADVERTISEMENT

അബുദാബി ∙ യുഎഇയിലെ പ്രമുഖ കമ്പനികളുടെ പേരിൽ വ്യാജ തൊഴിൽ വീസ നൽകി തൃശൂരിൽ തട്ടിപ്പ്. അൽഫർദാൻ, അൽമനാസ് നിസാൻ കമ്പനികളുടെ പേരിൽ വ്യാജമായി നിർമിച്ച തൊഴിൽ വീസയും ഓഫർലറ്ററും കാണിച്ച് ഒട്ടേറെ പേരിൽനിന്ന് ലക്ഷങ്ങൾ കൈക്കലാക്കി. യാത്രയ്ക്കുള്ള ടിക്കറ്റ് അയച്ചുതരാമെന്ന് പറഞ്ഞ ഏജന്റ് പിന്നീട് ഫോൺ നമ്പർ ഉപേക്ഷിച്ച് ഇവരുമായുള്ള ബന്ധം വിഛേദിച്ചു. ഇതോടെ 5 യുവാക്കൾ പെരുവഴിയിലായി.

പ്ലസ്ടുക്കാരൻ കൺട്രോൾ മാനേജർ

പ്ലസ് ടുക്കാരന് യുഎഇയിലെ അൽഫർദാൻ എക്സ്ചേഞ്ചിൽ കൺട്രോൾ മാനേജർ ജോലിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 4000 ദിർഹം (74,988 രൂപ) മാസ ശമ്പളം. സൗജന്യ താമസം. വർഷത്തിൽ 45 ദിവസം ശമ്പളത്തോടുകൂടിയ ലീവും റിട്ടേൺ ടിക്കറ്റും. യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റു ആനുകൂല്യങ്ങളും ലഭിക്കുമെന്നാണ് തൃശൂർ സ്വദേശി പ്രണവ് പ്രസാദിന് ഏജന്റ് നൽകിയ ഓഫർ ലെറ്ററിൽ പറയുന്നത്. സ്ഥാപനത്തിന്റെ പേരിൽ വ്യാജമായി തയാറാക്കിയ വീസയും നൽകിയിട്ടുണ്ട്.

മുണ്ടൂർ സ്വദേശിയും ബിഎസ്‌സി കണക്ക് ബിരുദധാരിയുമായ നിഖിൽ അനിൽകുമാറിന് അൽമനാസ് നിസാൻ ട്രേഡിങ് കമ്പനിയിൽ ഷോറൂം സൂപ്പർവൈസർ ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്. 1800 ദിർഹം ശമ്പളം. അയൽവാസികളും സുഹൃത്തുക്കളുമായ വിനിൽ സുബ്രഹ്മണ്യൻ, ഷനിൽ കരുണാകരൻ, രഞ്ജിത് എന്നിവർക്ക് ഇതേ കമ്പനിയിൽ 1400 ദിർഹം ശമ്പളത്തിന് ഓഫിസ് ബോയ് ആയും തൊഴിൽ വീസ നൽകി.  ഇവർക്ക് ഓവർടൈം മണിക്കൂറിന് 10 ദിർഹമുണ്ടെന്നും പറയുന്നു. കോഴിക്കോട്ടുള്ള ഒരു ഏജൻസിയുടെ പേരിൽ കണ്ട പരസ്യത്തിൽ ബന്ധപ്പെട്ടപ്പോൾ വീസയ്ക്ക് ഒന്നേകാൽ ലക്ഷം രൂപയാണ് ചോദിച്ചതെന്നും കമ്പനി പ്രതിനിധിയുമായി നേരിട്ട് ബന്ധപ്പെട്ടാൽ കുറച്ചുതരുമെന്ന് പറഞ്ഞതനുസരിച്ച് യുഎഇയിലെ മൊബൈൽ നമ്പറിൽ വിളിച്ച് മുഹമ്മദ് സലീം എന്നയാളോട് സംസാരിച്ചെന്നും നിഖിൽ മനോരമയോടു പറഞ്ഞു.

അറബിക്കിലും ഇംഗ്ലിഷിലും തയ്യാറാക്കിയ ഓഫർ ലെറ്ററും വീസയും കിട്ടിയതോടെ നിഖിലും സുഹൃത്തുക്കളും 35,000 രൂപ വീതം മുഹമ്മദ് സലീമിന്റെ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തിയ മുഹമ്മദ് അബൂബക്കർ, മുഹമ്മദ് ആഷിക്, മുഹമ്മദ് ഫൈസൽ എന്നിവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു.  വൈകാതെ ടിക്കറ്റ് അയച്ചുതരുമെന്ന് പറഞ്ഞ ഏജൻറ് പിന്നീട് ഫോൺ സ്വിച് ഓഫ് ആക്കിയതോടെ ഇവർക്ക് ഇയാളുമായി ബന്ധപ്പെടാനായില്ല. അടുത്ത ഇരയെ തേടി പുതിയ സിം കാർഡുമായി ഏജന്റ് രംഗത്തിറങ്ങിയിരിക്കും.  വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ 5 പേരും മുഹമ്മദ് സലിമിനും ഏജൻസിക്കും പണം സ്വീകരിച്ചയാളുകൾക്കുമെതിരെ കേസു കൊടുക്കാനുള്ള ശ്രമത്തിലാണ്.

ചോദിച്ചുവാങ്ങിയ ‘പണി’

4 പേർക്കു ‘ജോലി’ കിട്ടിയതറിഞ്ഞ് തട്ടിപ്പിനു തലവെച്ച് കൊടുക്കുകയായിരുന്നു തൃശൂർ സ്വദേശി പ്രണവിന്റെ കുടുംബം. പ്രണവിന്റെ അമ്മ ആവശ്യപ്പെട്ടതനുസരിച്ചാണ് തട്ടിപ്പാണെന്നറിയാതെ മറ്റുള്ളവർ  പ്രണവിനുകൂടി വീസ ശരിയാക്കാൻ ‘ഏജന്റിനെ’ സമീപിച്ചത്. നിസാനിൽ ഒഴിവില്ലെന്നു പറഞ്ഞ് അൽഫർദാന്റെ പേരിൽ വ്യാജവിസയുണ്ടാക്കി തട്ടിപ്പുകാർ അയച്ചുകൊടുത്തു. അപ്പോഴേക്കും വീസാ നിരക്കും കൂടി, 45,000 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com