ADVERTISEMENT

ദോഹ∙ അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ലോകത്തിലെ ഏറ്റവും അത്യാധുനിക രാജ്യങ്ങളിലൊന്നായി ഖത്തറിനെ മാറ്റാൻ ലക്ഷ്യമിട്ടു പൊതുമരാമത്ത് വകുപ്പിന്റെ (അഷ്ഗാൽ) വികസന പദ്ധതികൾ അതിവേഗ പാതയിൽ. 2022 ഖത്തർ ലോകകപ്പിനു മുൻപായി പദ്ധതികൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണു നിർമാണം പുരോഗമിക്കുന്നത്. ലോകകപ്പിനോട് അനുബന്ധിച്ചുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായുള്ള റോഡ് നിർമാണങ്ങളും നവീകരണവും പുരോഗമിക്കുന്നുണ്ട്.

കൂടാതെ എക്‌സ്പ്രസ് വേകൾ, പ്രാദേശിക റോഡ്, ഡ്രെയ്‌നേജ്‌ പദ്ധതികൾ എന്നിവയാണു നിലവിലുള്ളത്. യൂട്ടിലിറ്റി ശൃംഖലകൾ, ഇന്റർസെക്‌ഷനുകളുടെയും തുരങ്കപാതകളുടെ നിർമാണം, റോഡിന്റെ ശേഷി വർധിപ്പിക്കൽ, റൗണ്ട് എബൗട്ടുകൾ സിഗ്‌നൽ നിയന്ത്രിത സംവിധാനത്തിലേക്കു മാറ്റൽ, നടപ്പാതകളുടെയും നടപ്പാലങ്ങളുടെയും നിർമാണം, പ്രധാന റോഡുകളെയും പ്രാദേശിക റോഡുകളെയും ബന്ധിപ്പിച്ചു പുതിയ റോഡുകളും മേൽപാലങ്ങളും നിർമിക്കുക, ഇരുദിശകളിലേക്കുമുള്ള പാതകളുടെ എണ്ണം വർധിപ്പിക്കൽ, ഡ്രെയ്‌നേജ്‌ തുടങ്ങി രാജ്യത്തുടനീളം അഷ്ഗാലിന്റെ നിർമാണ പ്രവർത്തനങ്ങൾ സജീവം

രാജ്യാന്തര തിളക്കത്തിൽ

ദോഹ∙ ജിയോഗ്രഫിക് ഇൻഫർമേഷൻ മേഖലയിലെ മികവിനു പൊതുമരാമത്ത് വകുപ്പിനു (അഷ്ഗാൽ) രാജ്യാന്തര പുരസ്‌കാരം. ജിഐഎസ് രംഗത്തെ പ്രമുഖരായ യുഎസ് കമ്പനിയായ എസ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെയാണു പുരസ്‌കാരം. അഷ്ഗാലിന്റെ ഇൻഫർമേഷൻ സിസ്റ്റം വകുപ്പ്, എൻജിനീയറിങ് സർവീസ് വകുപ്പ് എന്നിവർക്കാണു എസ്‌റിയുടെ ജിഐഎസ് എക്‌സലൻസ് സാഗാ പുരസ്‌കാരം. ജിഐഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മൊസനാഹ് പദ്ധതിക്കാണു പുരസ്‌കാരം. സാൻ ഡീഗോയിൽ നടന്ന എസ്‌റി ആഗോള ഉപയോക്ത സമ്മേളനത്തിലാണു പുരസ്‌കാരം നൽകിയത്. സർക്കാർ സ്ഥാപനങ്ങൾ, അഷ്ഗാൽ വകുപ്പുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയ്ക്കാണു പദ്ധതി. അഷ്ഗാൽ വഴി നടപ്പാക്കേണ്ട പദ്ധതികൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാനാണു മൊസനാഹ് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയിലൂടെ ഇതുവരെ 533 അപേക്ഷകളാണ് ലഭിച്ചത്.

യാത്രാ സമയം കുറയ്ക്കാം

ഗതാഗത കുരുക്ക് പരിഹരിച്ചു യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എക്‌സ്പ്രസ് വേ പദ്ധതികൾ. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളിൽ മികച്ച പരിവർത്തനം ഉറപ്പാക്കണമെന്ന ഖത്തർ ദേശീയ ദർശന രേഖ 2030ന്റെ ലക്ഷ്യങ്ങൾ പ്രകാരമാണ് എല്ലാ പദ്ധതി നിർമാണങ്ങളും. പ്രാദേശിക വ്യവസായങ്ങളുടെ വളർച്ച ലക്ഷ്യമിട്ടു വികസന പദ്ധതികളിൽ പ്രാദേശിക കമ്പനികൾക്കു പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. താൽക്കാലിക റോഡുകൾ നിർമിച്ചു ഗതാഗതം തടസപ്പെടുത്താതെയാണു അഷ്ഗാലിന്റെ പദ്ധതി നിർമാണങ്ങൾ എന്നതും ശ്രദ്ധേയം. പരിസ്ഥിതി സുസ്ഥിരത, റോഡ്-ഗതാഗത സുരക്ഷ ഉറപ്പാക്കിയാണ് ഓരോ പദ്ധതി നിർമാണം.

എക്‌സ്പ്രസ് വേ പദ്ധതികൾ

മുപ്പത്  പദ്ധതികളിലൂടെ 800 കിലോമീറ്റർ സുരക്ഷിതവും ഫലപ്രദവുമായ റോഡ് ആണ് എക്‌സ്പ്രസ് വേ പദ്ധതികളുടെ ലക്ഷ്യം. എക്‌സ്പ്രസ് വേ പദ്ധതികളിൽ ലുസെയ്ൽ റോഡ്, ദുഖാൻ ഹൈവേ സെൻട്രൽ, ജി-റിങ് റോഡ്, ഇൻഡസ്ട്രിയൽ ഏരിയ റോഡ്, അ്ൽ റയ്യാൻ റോഡ്, സബാഹ് അൽ അഹമ്മദ് കോറിഡോർ എന്നിവയുടെയെല്ലാം നിർമാണം പൂർത്തീകരിച്ചു വരികയാണ്. ഒട്ടുമിക്ക പദ്ധതികളിലെയും പ്രധാന റോഡുകളും പാലങ്ങളുമെല്ലാം ഗതാഗതത്തിനായി തുറന്നു കഴിഞ്ഞു. തെക്ക് മിസൈദിൽ നിന്ന് വടക്ക് ലുസൈൽ വരെ 195 കിലോമീറ്റർ നീളുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ പാതയായ അൽ മജ്ദ് കഴിഞ്ഞ ഏപ്രിലിൽ തുറന്നിരുന്നു. നിർമാണം പുരോഗമിക്കുന്ന പദ്ധതികൾ 2021 ന് മുൻപായി പൂർത്തിയാക്കാനാണു ലക്ഷ്യം.

പ്രാദേശിക റോഡ് പദ്ധതികൾ

പ്രാദേശിക റോഡ് പദ്ധതികളിൽ എ റിങ് റോഡ്, അൽ ഫുറൈസിയ സ്ട്രീറ്റ് വികസന പദ്ധതി, അൽ മിർഖാബ് അൽ ജദീദ്, ഫരീജ് അൽ നാസർ എന്നിവിടങ്ങളിലെ പ്രധാന സ്ട്രീറ്റുകളുടെ നവീകരണം, ഉം അൽ ഡോം സ്ട്രീറ്റ്-മൈതർ സ്ട്രീറ്റ് നവീകരണം എന്നിവയുടെ ജോലികൾ ദ്രുതഗതിയിലാണ്. 4 പദ്ധതികളും വർഷാവസാനത്തോടെ പൂർത്തിയാകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com