ADVERTISEMENT

ദുബായ് ∙ യുഎഇയുടെ സ്വപ്നപദ്ധതിയായ ചൊവ്വാ ദൗത്യം അടുത്തവർഷം ജൂലൈ പകുതിയോടെ. 2021 ആദ്യപാദത്തിൽ ചൊവ്വയുെട ഭ്രമണപഥത്തിൽ പേടകം എത്തുമെന്നാണ് പ്രതീക്ഷ. ഏഴു മുതൽ ഒൻപത് മാസംവരെയെടുത്തേക്കാം. യുഎഇ രൂപീകൃതമായതിന്റെ 50 വർഷം 2021ൽ പൂർത്തിയാകുമെന്ന പ്രത്യേകതയുമുണ്ട്. അൽ അമൽ (പ്രതീക്ഷ) എന്നാണ് ദൗത്യത്തിന്റെ പേര്. 

വിക്ഷേപണത്തിന് ഒരു വർഷത്തിൽ താഴെമാത്രം ശേഷിച്ചിരിക്കെ വിവിധ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്ന് യുഎഇ ബഹിരാകാശ ഏജൻസിയും (യുഎഇഎസ്എ) മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും (എംബിആർഎസ്‌സി) അറിയിച്ചു. എമിറേറ്റ്സ് എക്പ്ലൊറേഷൻ ഇമേജർ (ഇഎക്സ്ഐ), എമിറേറ്റ്സ് മാർസ് അൾട്രാവയലറ്റ് സ്പെക്ട്രോമീറ്റർ, ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ എന്നീ തന്ത്രപ്രധാന ഘടകങ്ങൾ അടുത്തിടെ ഘടിപ്പിച്ചിരുന്നു. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാകും വിക്ഷേപണമെന്ന് എംബിആർഎസ്‌സി ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഖലീഫസാറ്റ് വിക്ഷേപിച്ചതും ഇവിടെനിന്നായിരുന്നു. ചൊവ്വയിൽ നിന്നുള്ള 1,000 ജിബിയിലേറെ വിവരശേഖരം കൈമാറാൻ പേടകത്തിനു കഴിയും. 

പേടകത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ സുപ്രധാനമായ അഞ്ചു പരീക്ഷണങ്ങളുണ്ട്. ആഘാതങ്ങൾ ചെറുക്കാനുള്ള ശേഷി, കടുത്ത ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാനുള്ള കരുത്ത്, കമ്പന അതിജീവനശേഷി തുടങ്ങിയവ പരിശോധിക്കും. ശാസ്ത്രസംഘത്തിൽ 10 സ്വദേശികളുണ്ട്. 

യൂണിവേഴ്സിറ്റി ഒാഫ് കൊളറാഡൊ ലബോറട്ടറി ഫൊർ അറ്റ്മോസ്ഫെറിക് ആൻഡ് സ്പേസ് ഫിസിക്സ്, യൂണിവേഴ്സിറ്റി ഒാഫ് കലിഫോർണിയ ബെർക് ലി സ്പേസ് സയൻസസ് ലബോറട്ടറി, അരിസോന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സ്കൂൾ ഒാഫ് എർത്ത് ആൻഡ് സ്പേസ് എക്സ്പ്ലൊറേഷൻ എന്നിവയും ദൗത്യവുമായി സഹകരിക്കുന്നു.

കുതിക്കും മുൻപ്

വിക്ഷേപണത്തിനു മുൻപ് പേടകത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ 5 പരീക്ഷണങ്ങൾ നടക്കാനുണ്ട്. ആഘാതങ്ങൾ ചെറുക്കാനുള്ള ശേഷി, കടുത്ത ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാനുള്ള കരുത്ത്, കമ്പന അതിജീവനശേഷി തുടങ്ങിയവ പരിശോധിക്കും. ശാസ്ത്രസംഘത്തിൽ 10 സ്വദേശികളുണ്ട്.

കുതിച്ചാൽ

∙ ചൊവ്വയുടെ സൂക്ഷ്മചിത്രങ്ങൾ പകർത്തും.

∙ ചൊവ്വയുടെ അന്തരീക്ഷം, കാലാവസ്ഥ, ഈർപ്പത്തിന്റെ അളവ്, വെള്ളത്തിന്റെ സാന്നിധ്യം, മണ്ണിന്റെ ഘടന തുടങ്ങിയവ സൂക്ഷ്മമായി  മനസിലാക്കും.

∙ കൂടുതൽ ദൗത്യങ്ങൾക്കു രൂപം നൽകാൻ പ്രേരണയാകും.  മറ്റു ഗ്രഹങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ സഹായകമാകും.

∙ അറബ്‌മേഖലയെ ജ്യോതിശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും പഠന-ഗവേഷണ കേന്ദ്രമാക്കി മാറ്റും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com