ADVERTISEMENT

അബുദാബി ∙ തലസ്ഥാന നഗരിയിലെ പ്രധാന റോഡുകളില്‍ സാലിക് ടോൾ ഗേറ്റുകൾ വരുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. സാദിയാത് ദ്വീപ് റോഡ്, മുസഫ, മഖ്ത, ഷെയ്ഖ് സായിദ് പാലങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചുങ്കം ഇൗടാക്കുന്ന സാലിക് ടോൾ ഗേറ്റുകൾ ഒക്ടോബർ 15 മുതൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രചാരണം. 

തിരക്കേറിയ സമയങ്ങളിൽ ഒരുതവണ ഗേറ്റിലൂടെ കടന്നുപോകുമ്പോൾ വാഹനയുടമകളിൽ നിന്ന് നാലു ദിർഹം ഇൗടാക്കും. എന്നാൽ, വെള്ളിയാഴ്ചകളിലും മറ്റു അവധി ദിനങ്ങളിലും മൂന്നു ദിർഹം നൽകിയാൽ മതിയാകുമെന്നാണ് പ്രചാരണം. രാവിലെ ഏഴു മുതൽ ഒൻപത് വരെയും വൈകിട്ട് അ‍ഞ്ചു മുതൽ ഏഴു വരെയുമാണ് സാലിക് ഗേറ്റുകൾ പ്രവർത്തിക്കുക. 100 ദിർഹമാണ് സാലിക് റജിസ്ട്രേഷൻ നിരക്ക്. ആദ്യഘട്ടത്തിൽ 50 ദിർഹം ക്രെഡിറ്റുണ്ടായിരിക്കുകയും വേണം. സാലിക് നൽകാതെ പോകുന്ന വാഹനങ്ങളിൽ നിന്ന് ആദ്യ ദിവസം 100, രണ്ടാം ദിവസം 200 ദിർഹം വീതം പിഴയീടാക്കും. പിന്നീട് 400 മുതൽ 10,000 ദിർഹം വരെയായിരിക്കും പിഴ. സാലിക് സ്റ്റിക്കർ പതിച്ച് ക്രെഡിറ്റില്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്ന് പ്രതിദിനം 50 ദിർഹവും പിഴയീടാക്കുമെന്നും പറയപ്പെടുന്നു.

എന്നാൽ, അധികൃതർ ഇൗ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അബുദാബി ഗതാഗത വകുപ്പ് ഗതാഗത താരിഫിൽ പുതിയ നിയമം പ്രാബല്യത്തിൽ വരാനുള്ള കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. പുതിയ ഇലക്ട്രോണിക് സംവിധാനം വഴി ഗതാഗത സംവിധാനം വികസിപ്പിക്കാനുള്ള നടപടികൾ വകുപ്പ് നടത്തിവരുന്നതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാമും റിപോർട്ട് ചെയ്തിരുന്നു. നിലവിൽ ദുബായിൽ ഏഴ് സാലിക് ഗേറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com