sections
MORE

ഹജ് നാളെ അവസാനിക്കും; സജ്ജീകരണങ്ങളിൽ പൂർണ തൃപ്തി, അഭിനന്ദന പ്രവാഹം

mina-201978
SHARE

മക്ക ∙ ഹജ് കർമങ്ങൾ നാളത്തോടെ അവസാനിക്കും. തീർഥാടകർക്കായി സർക്കാർ ഒരുക്കിയ സജ്ജീകരണങ്ങളിൽ സമ്പൂർണ തൃപ്തി അറിയിച്ച് ഹാജിമാർ. ലോകരാഷ്ട്രങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹം. ഈ വർഷം ഹജിനായി ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ 7400 വിമാനങ്ങളാണ് തീർഥാടകരെയും വഹിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നിറങ്ങിയത്. റോഡ്, കടൽ മാർഗങ്ങളിൽ വന്നവർ വേറെയും. പുണ്യ നഗരങ്ങളിലെ സുഗമമായ സഞ്ചാരത്തിന് വേണ്ടി 18,000 ബസുകളും തീർഥാടകർക്ക് വേണ്ടി മാത്രമായി സർക്കാർ സംവിധാനിച്ചു. സമയത്ത് സഞ്ചരിച്ചെത്തുന്ന പാകത്തിൽ ഗതാഗതം ഒരുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നെന്ന് സൗദി ഗതാഗത മന്ത്രി നബീൽ അൽ അമൂദി പറഞ്ഞു. 14 രാഷ്ട്രങ്ങളിൽ നിന്ന് തീർഥാടകരെത്തി. 

മക്കയ്ക്കും മറ്റു സന്ദർശന കേന്ദ്രങ്ങളിലേക്കുമുള്ള തീഥാടകരുടെ സഞ്ചാരം വളരെ വിജയകരവും അതിനു വേണ്ടി ഒരുക്കിയ സംവിധാനങ്ങൾ തൃപ്‌തവുമായിരുന്നെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യകത്മാക്കി. അറഫയിലും മിനായിലെ മുസ്‌ദലിഫയിലും ഒരു വിധ അനിഷ്ട സംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വാക്താവ് മേജർ മൻസൂർ അൽ തുർക്കി പറഞ്ഞു. സാധാരണയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ജംറകളിലും (കല്ലെറിയൽ കേന്ദ്രം) സുരക്ഷിതമായ ദിനങ്ങളാണ് കഴിഞ്ഞ് പോയത്. ഡിജിറ്റൽ ക്യാമറകളും എയർ ക്രാഫ്റ്റും വഴി തീർഥാടകരുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ചിരുന്നു.

mina-2019-08

രണ്ടര ദശ ലക്ഷം വിശ്വാസികൾ ഒരുമിച്ച് കൂടിയ ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമായ ഹജിൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാത്ത വിധം പഴുതടച്ച സുരക്ഷയാണ് അധികൃതർ ഒരുക്കിയത്. സുരക്ഷാഭടന്മാരും പൊലീസും സിവിൽ ഡിഫൻസ് വിഭാഗവും ഉൾപ്പെടെ ഒരുലക്ഷം സേനയെയാണ് പുണ്യഭൂമികളിൽ വിന്യസിച്ചത്. അടിയന്തര ഘട്ടങ്ങളെ നേരിടാൻ ആംബുലൻസ്, ഓരോ ചലനങ്ങളും നിരീക്ഷിക്കാൻ ക്യാമറകൾ, ഹെലികോപ്റ്റർ, എന്നിവയും സജ്ജമാക്കി. 

288 വ്യാജ ഹജ് ഓഫിസുകളെ ഈ കാലയളവിൽ അടപ്പിച്ചു. ഉടമസ്ഥരെ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് കൈമാറിയിരിക്കുകയാണ്. 40,352 തീർഥാടകരെ ഹജ് അംഗീകാര പത്രമില്ലാത്തതിനാൽ തിരിച്ചയച്ചു. 244,485 വാഹനങ്ങൾ പരിശോധനാ പോയിന്റുകളിൽ തടഞ്ഞതായും അധികൃതർ അറിയിച്ചു. ഹജ് നിയമങ്ങൾ ലംഘിച്ച് അനധികൃതമായി എത്തിയ 7,027 വിദേശികളുടെ വിരലടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. 130 പേര് അനധികൃത തീർഥാടകർക്ക് വാഹന സൗകര്യം നൽകിയതിനും പിടിക്കപ്പെട്ടു. അനുമതി പത്രം ഇല്ലാത്തതിനാലും നിയമം ലംഘിച്ചതിനാലും  5,33,006 പേരെയാണ് ഇഹ്റാം വസ്ത്രത്തിൽ ഹറം പള്ളിയിൽ നിന്ന് പറഞ്ഞു വിട്ടത്. അവരെ ഹജിന്റെ മറ്റു കർമങ്ങളിൽ നിന്ന് തടയുകയും ചെയ്തു. 

Rain-mina
മിനയിൽ പെയ്ത മഴ. ചിത്രം: ടി.കെ.പി‌. അഷ്‌റഫ്‌

50 തടവുകാർക്ക് ഈ വർഷം ഹജ് ചെയ്യാനുള്ള പ്രത്യേക അവസരം നൽകിയതായി സുരക്ഷാ വിഭാഗം വക്താവ് ജന. ബസ്സാം അൽ അത്തിയ പറഞ്ഞു. ഔദ്യോഗിക കണക്ക് അനുസരിച്ച് 15000 പേരെയാണ് വഴിയറിയാതെ അങ്കലാപ്പിലായവരായി കണ്ടെത്തിയത്. ഇതിൽ 3700 തീർഥാടകരും മിനയിലായിരുന്നു. 4 കുട്ടികളും ഉൾപ്പെടും. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിച്ചതായി ഹജ് ഉംറ മന്ത്രാലയ വാക്താവ് ഹാതിം ഖാദി പറഞ്ഞു. എട്ടു ലക്ഷം തീർഥാടകർ ഷട്ടിൽ ബസുകൾ ഉപയോഗപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

അറഫയിലും മിനയിലും അവിചാരിതമായി പെയ്ത മഴയും മരണങ്ങളോ അപകടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഡിഫൻസ് വക്താവ് മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. 368410 തീർഥാടകരാണ് ചികിത്സാ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് മുഹമ്മദ് അൽ അബ്ദുൽ പറഞ്ഞു. 29 ഹൃദയ ശസ്ത്രക്രിയകളും 1949 കിഡ്‌നി ഡയാലിസിസും നടന്നു. 2932 പേരെയാണ് കിടത്തി ചികിത്സക്ക് വേണ്ടി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. 45 മണിക്കൂറിനുള്ളിൽ 10,87,320 തീർഥാടകരാണ് മെട്രോ സേവനം ഉപയോഗപ്പെടുത്തിയത്. ഇത് എക്കാലത്തെയും റെക്കോർഡാണ്. 

mina-2019-0812

തുർക്കി പ്രസിഡന്റ് തയ്യിബ് ഒർദു ഖാൻ, ചെച്‌നിയൻ പ്രസിഡന്റ് റംസാൻ അക്മദോവിച്ച് കദിറോവ്, അറബ് റെഡ് ക്രസന്റ് സെക്രട്ടറി ജനറൽ ഡോ. സാലിഹ് ബിൻ ഹമദ് അൽ തുവൈരിജി, ഈജിപ്ത് പാർലിമെന്ററി കാര്യ മന്ത്രി ഉമർ മർവാൻ തുടങ്ങി നിരവധി പ്രമുഖരും ലോക രാഷ്ട്ര നേതാക്കളും ഹജ് പദ്ധതിയ്ക്കായി രാജ്യം ഒരുക്കിയ സജ്ജീകരണങ്ങളിൽ സൗദി ഭരണാധികാരിയെ അഭിനന്ദനമറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA