ADVERTISEMENT

അബുദാബി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ, ബഹ്റൈൻ സന്ദർശനത്തിന്റെ വിശദാംശങ്ങൾ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പുറത്തുവിട്ടു. ഇൗ മാസം 23ന് (വെള്ളി) യുഎഇയിലെത്തുന്ന പ്രധാനമന്ത്രിക്കു രാജ്യത്തിൻറെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഷെയ്ഖ് സായിദ് മെഡൽ സമ്മാനിക്കും. രണ്ടാം തവണ അധികാരത്തിലേറിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഗൾഫ് സന്ദർശനമാണിത്. നേരത്തെ യുഎഇ, ബഹ്റൈൻ സന്ദർശന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. 

രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തുന്ന മോദി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ആറു വർഷത്തിനിടെ മൂന്നാം തവണയാണ് മോദി യുഎഇ സന്ദർശിക്കുന്നത്. തുടർന്നു ബഹ്റൈനിലെത്തുന്ന അദ്ദേഹം ഇന്ത്യൻ പ്രവാസിസമൂഹത്തെ അഭിസംബോധന ചെയ്യും. ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുമായി ചർച്ച നടത്തും. 

ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കാനൊരുങ്ങുന്നത്. മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ  നവീകരണപ്രവർത്തനങ്ങൾ മോദി ഉദ്ഘാടനം ചെയ്യും.

കശ്മീരിനു പ്രത്യേകപദവി റദ്ദാക്കിയതിനു പിന്നാലെ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ത്യയ്ക്കു പിന്തുണ പ്രഖ്യാപിച്ചത് പാക്കിസ്ഥാനു തിരിച്ചടിയായ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദിയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com